Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 02 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

രാജിവെക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി വിസിമാര്‍ക്ക് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് കോടതിയില്‍ നിന്നും ഇടക്കാല സ്റ്റേയില്ല. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വിസിമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കേരളാ ഹൈക്കോടതി, ചാന്‍സിലര്‍ അടക്കമുള്ള എതിര്‍ കക്ഷികളോട് വിശദീകരണം തേടി. ഹര്‍ജികള്‍ നാളെ പരിഗണിക്കാന്‍ മാറ്റി.
***********************************
എട്ട് വിസിമാര്‍ക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിമാര്‍ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടന്‍ ഉത്തരവിറക്കും. എട്ട് വിസിമാരുടേയും നിയമനം യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചതാണെന്നാണ് രാജ്ഭവന്‍ നിലപാട്.
**************************************
ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി. മന്ത്രിസഭയെ മറികടന്ന് പ്രവര്‍ത്തിക്കാമെന്നു വിചാരിച്ചാല്‍ അനുവദിച്ചു കൊടുക്കില്ലെന്നും സമാന്തര സര്‍ക്കാരുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി മന്ത്രിയോടുള്ള പ്രീതി തീരുമാനിക്കാന്‍ ഇവിടെ മന്ത്രിസഭയുണ്ടെന്നും പറഞ്ഞു. 
****************************
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായം 60 ലേക്ക് ഉയര്‍ത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിന്മേലുള്ള തുടര്‍നടപടികള്‍ തത്കാലത്തേക്ക് വേണ്ടെന്നാണ് മന്ത്രി സഭായോഗതീരുമാനം
*************************
മ്യൂസിയം ലൈംഗികാതിക്രമ കേസിലെ പ്രതിയും അറസ്റ്റിലായ സന്തോഷ് തന്നെയെന്ന് തിരിച്ചറിഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് ഇദ്ദേഹം.  കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമം നടത്തിയ നടത്തിയ ഇയാള്‍ തന്നെയാണ് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ചത്. പരാതിക്കാരി ഇയാളെ തിരിച്ചറിഞ്ഞു. ഇന്നലെയായിരുന്നു മലയിന്‍കീഴ് സ്വദേശിയായ സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 
*****************************************
സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ പരാമര്‍ശം നടത്തിയ സെഷന്‍സ് ജഡ്ജിന്റെ സ്ഥലം മാറ്റം റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്.കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിക്കിയത്.ലൈംഗിക പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ വിവാദ പരാമര്‍ശങ്ങളായിരുന്നു നടപടിക്ക് കാരണം.
**************************************
യുഎപിഎ കേസില്‍ ജയിലില്‍ കഴിഞ്ഞ അലന്‍ ഷുഹൈബിനെതിരെ എസ്എഫ്‌ഐ. അലന്‍ ഷുഹൈബ് റാഗിംഗ് നടത്തിയെന്നും തീവ്രസ്വഭാവമുള്ള സംഘടന ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് എസ്എഫ്‌ഐ ആരോപിച്ചത്. അലനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പോലീസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിതിന്റെ പേരില്‍ കേസെടുത്തു. കണ്ണൂര്‍  സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഇന്ന് നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് അലന്‍ ഷുഹൈബിനെതിരായ കേസ്.
********************************* 
വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സമരക്കാരെ ബലമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും.  മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ ബലപ്രയോഗത്തിലൂടെ സമരക്കാരെ ഒഴിപ്പിക്കാന്‍ ആകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുറമുഖ സമരവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്കെതിരെ ഇതുവരെ 102 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കോടതിയെ അറിയിച്ചു. 
*******************************
കാര്‍ കിണറ്റിലേയ്ക്ക് മറിഞ്ഞ് ഗൃഹനാഥനും മകനും ദാരുണാന്ത്യം. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് കിണറ്റിലേയ്ക്ക് മറിയുകയായിരുന്നു.താരാമംഗലത്ത് മാത്തുക്കുട്ടി (60) മകന്‍ ബിന്‍സ് (18) എന്നിവരാണ് മരിച്ചത്. മരിച്ച മാത്തുക്കുട്ടി മാനന്തവാടി രൂപതാ സഹായ മെത്രാനായി കഴിഞ്ഞ ദിവസം അഭിഷിക്തനായ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക