Image

ബ്ലൂ റ്റിക്ക് എട്ടു ഡോളറിനു നൽകാമെന്നു എലോൺ മസ്‌ക് 

Published on 02 November, 2022
ബ്ലൂ റ്റിക്ക് എട്ടു ഡോളറിനു നൽകാമെന്നു എലോൺ മസ്‌ക് 



ട്വിറ്റർ ബ്ലൂ റ്റിക്കിന്റെ പ്രതിമാസ നിരക്ക് 8 ഡോളറിൽ നിർത്താമെന്നു എലോൺ മസ്‌ക്. ഇരുപതു ഡോളർ വാങ്ങാനുള്ള നീക്കത്തിനു ശക്തമായ എതിർപ്പുണ്ടായതിനെ തുടർന്നാണ് പുതിയ ട്വിറ്റർ ഉടമയുടെ ഒത്തുതീർപ്പു നിർദേശം.

ചൊവാഴ്ച മസ്‌ക് അതേപ്പറ്റി ട്വീറ്റ് ചെയ്തു. "അധികാരം ജനങ്ങളിലേക്ക്! ബ്ലൂ മാസം $8 ന്."

നിലവിലുള്ള നിരക്ക് മാസം $4.99 ആയിരുന്നു. അക്കൗണ്ടുകൾ പരിശോധിച്ച് വ്യാജമല്ലെന്നു തെളിവ് നൽകുന്ന അടയാളത്തിനു വലിയ അന്തസാണ് അക്കൗണ്ട് ഉടമകൾ കല്പിക്കുന്നത്. 

മൂന്ന് മാസത്തിനകം $19.99 നിരക്കിൽ പണം അടച്ചില്ലെങ്കില് ബ്ലൂ ചെക്ക് എടുത്തു കളയാൻ ട്വിറ്റർ ആലോചിക്കുന്നു എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഗ്രന്ഥകാരൻ സ്റ്റീഫൻ കിംഗ് ഉൾപ്പെടെയുള്ള നിരവധി ട്വിറ്റർ ഉപയോക്താക്കൾ അതിനെ എതിർത്തു. ട്വിറ്ററിൽ ഏഴു ദശലക്ഷം ആരാധകരുള്ള കിംഗ് ക്ഷുഭിതനായി. "എന്റെ ബ്ലൂ ചെക്കിനു മാസം 20 ഡോളറോ? അവർ എനിക്കാണു പണം നൽകേണ്ടത്."

മസ്‌ക് പ്രതികരിച്ചു: "ഞങ്ങൾക്ക് എങ്ങിനെയെങ്കിലും ചെലവുകൾ വഹിക്കേണ്ടതുണ്ട്. ട്വിറ്ററിനു പരസ്യം കൊണ്ട് മാത്രം നിലനിൽക്കാനാവില്ല. എട്ടു ഡോളർ ആയാലോ?"

എട്ടു ഡോളറിനു കൂടുതൽ നീണ്ട വിഡിയോകൾ പോസ്റ്റ് ചെയ്യാമെന്നും മറ്റു പല മുൻഗണനകൾ ലഭിക്കുമെന്നും ചൊവാഴ്ച മസ്‌ക് അറിയിച്ചു. 

മസ്‌കിന്റെ കച്ചവടത്തിൽ 500 മില്യൺ ഡോളർ ഇറക്കിയ ബിനാൻസ് ഉടമ ചാങ്‌പെങ് ഷാവോ എട്ടു ഡോളർ നിരക്കിനെ പിന്താങ്ങി. "അതൊരു നല്ല ആശയമാണ്," ലിസ്ബണിൽ അദ്ദേഹം പറഞ്ഞു. 

Elon Musk offers to keep Blue Tick fee at $8 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക