Image

മുതുകാടിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ഗ്ലോബൽ ഡിജിറ്റൽ ചാനൽ സംപ്രേഷണം തുടങ്ങി

നാസർ Published on 01 November, 2022
മുതുകാടിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ഗ്ലോബൽ ഡിജിറ്റൽ ചാനൽ സംപ്രേഷണം തുടങ്ങി

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി ക്കാർക്കായി ഡി. എ. സി ഗ്ലോബൽ എന്ന പേരിൽ ഡിജിറ്റൽ ചാനൽ സംപ്രേഷണം തുടങ്ങി. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി വ്യത്യസ്തമാർന്ന നിരവധി പരിപാടികളാണ് ചാനലിൽ സംപ്രേഷണം ചെയ്യുന്നത്.
കഴക്കൂട്ടം ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ നടന്ന ചടങ്ങിൽ  ലോക സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര ചാനലിൻ്റെ ലോഞ്ചിംഗ് നിർവ്വഹിച്ചു. ചലച്ചിത്ര താരം നവ്യാ നായർ ലോഗോ പ്രകാശനം ചെയ്തു. ഭിന്നശേഷി പ്രതിഭകളുടെ സംഗമഭൂമിയാണ് ഡിഫറൻ്റ് ആർട്സ് സെൻ്ററെന്നും ജീവിതത്തിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ഇന്ദ്രജാലമാണ് ഇവിടെ കണ്ടതെന്നും സന്തോഷ് ജോർജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു.


സഹതാപമല്ല മറിച്ച് പിന്തുണയും പ്രോത്സാഹനവുമാണ് ഭിന്നശേഷിക്കാർക്ക് സമൂഹം നൽകേണ്ടതെന്ന്  നവ്യാ നായർ പറഞ്ഞു.
മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയരക്ടർ ഗോപിനാഥ് മുതുകാട്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയരക്ടർ ഡോ. മുഹമ്മദ് അഷീൽ ഡി.എ.സി അഡ് വൈസറി ബോർഡ് അംഗം ഷൈലാ തോമസ് എന്നിവർ പങ്കെടുത്തു. ചാനൽ ലോഞ്ചിൻ്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, ഭിന്നശേഷി കമ്മീഷണർ പഞ്ചാപകേശൻ എന്നിവർ ഓൺലൈനായി ആശംസകൾ നേർന്നു. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഭിന്നശേഷി വിഭാഗക്കാർക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അറിയിക്കുവാനും ഭിന്നശേഷി വിഭാഗത്തിൻ്റെ സമഗ്രമായ വിശേഷങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുവാനുമാണ്  ഡി.എ.സി ഗ്ലോബൽ ചാനൽ ശ്രമിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
ലോകത്താദ്യമായാണ്  ഭിന്നശേഷിക്കാരുടെ വിശേഷങ്ങൾ ഇതിവൃത്തമാകുന്ന ചാനലിന് തുടക്കമാകുന്നത്. ഇന്ന് മുതൽ ചാനലിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംപ്രേഷണം ചെയ്തു തുടങ്ങും. പ്രാരംഭ ഘട്ടത്തിൽ യൂട്യൂബ് വഴിയാണ് സംപ്രേഷണം ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക