Image

ഒരാഴ്ചക്കുള്ളില്‍ കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കണം'; ഹൈക്കോടതി

Published on 01 November, 2022
 ഒരാഴ്ചക്കുള്ളില്‍ കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കണം'; ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഒരാഴ്ചക്കുള്ളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓടകളും കനാല്‍ ശുചീകരണവും ദ്രുതഗതിയില്‍ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാന്‍ ഇടപെടല്‍ നടത്തണം, ഇത്തരം നടപടി ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 11 ന് റിപ്പോര്‍ട്ട് നല്‍കാനും കൊച്ചി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.

കാലവര്‍ഷം പിന്നിട്ട് തുലാവര്‍ഷം എത്തിയിട്ടും കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരമാക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഒരു മണിക്കൂര്‍ തുടര്‍ച്ചായി മഴ പെയ്താല്‍ നഗരത്തിലെ പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസവും കൊച്ചിയിലുണ്ടായത്. പാതിവഴിയില്‍ നിലച്ച ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പുനരുജീവിപ്പിക്കാത്തതാണ് വെള്ളക്കെട്ട് ഒഴിയാത്തതിന് പിന്നില്‍. 


കഴിഞ്ഞ തവണ വെള്ളം ഇറങ്ങിയതിന് പിന്നാലെ കോര്‍പ്പറേഷന്‍ നഗരത്തിലെ ഓടകളുടെ സ്ലാബ് തുറന്ന് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പോയിരുന്നു. പലയിടത്തും ഹോട്ടല്‍ മാലിന്യം അടക്കം അടിഞ്ഞ് ഓടകളിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുകി പോകാത്ത സ്ഥിതിയായിരുന്നു. പിന്നാലെ എല്ലാം ശരിയാക്കുമെന്ന് അവകാശപ്പെട്ടെങ്കിലും ഓടകളിലേക്ക് വെള്ളം ഇറങ്ങുന്ന റോഡുകളിലെ ദ്വാരങ്ങള്‍ പോലും ഇപ്പോഴും വൃത്തിയാക്കിയിട്ടില്ല.

ഓടകളിലെ വെള്ളമെല്ലാം ഒഴുകിയെത്തുന്ന മുല്ലശ്ശേരി കനാലില്‍ മാലിന്യം അടിഞ്ഞ് ഒഴുക്ക് കുറവാണ്. കനാലിന്റെ ആഴം കൂട്ടണമെങ്കില്‍ അടിത്തട്ടിലുള്ള കുടിവെള്ള പൈപ്പും മാലിന്യ പൈപ്പും മാറ്റണം. ഇതിന് വരുന്ന വലിയ ചെലവ് വഹിക്കാന്‍ നിലവില്‍ ഫണ്ടില്ല. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ജില്ലാ ഭരണകൂടത്തിന്റെ കൂടി ചുമലിലാണെന്ന് പറഞ്ഞ് കോര്‍പ്പറേഷന്‍ കൈകഴുകുമ്പോള്‍ വെള്ളക്കെട്ടിന് ആര് പരിഹാരം കാണുമെന്ന് അറിയാതെ ആശങ്കയിലാണ് കൊച്ചിക്കാര്‍. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക