Image

നടി സാമന്തയുടെ രോഗം ചികിത്സയിൽ മാറുമെന്നു ഡോക്ടർമാർ 

Published on 01 November, 2022
നടി സാമന്തയുടെ രോഗം ചികിത്സയിൽ മാറുമെന്നു ഡോക്ടർമാർ 



ദക്ഷിണേന്ത്യൻ സിനിമയിലെ ശക്തമായ സാന്നിധ്യമായിരുന്ന നടി സാമന്ത രൂത് പ്രഭുവിന്റെ (35) അപൂർവ രോഗം ചികിത്സയിൽ മാറിക്കിട്ടുമെന്നു ഡോക്ടർമാർ പറയുന്നു. പ്രമുഖ നടൻ നാഗാർജുനയുടെ പുത്രനും യുവനായകനുമായ നാഗ ചൈതന്യയുമായി വിവാഹബന്ധം വേർപെടുത്തിയ സാമന്തയെ സന്ദർശിക്കാൻ നാഗാർജുനയും ഭാര്യയും നടിയുമായ അമലയും എത്തുമെന്ന വാർത്തയും തെലുങ്കു മാധ്യമങ്ങളിൽ നിറയുകയാണ്.  

അധികം പറഞ്ഞു കേട്ടിട്ടില്ലാത്ത മയോസൈറ്റിസ് എന്ന രോഗം ബാധിച്ചു താൻ ചികിത്സയിലാണെന്നു സാമന്ത തന്നെയാണ് ഒക്ടോബറിൽ സാമൂഹ്യ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയത്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി നഷ്ടമാവുന്ന രോഗമാണിത്. പേശികളെ തളർത്തി രോഗിയെ തീർത്തും നിസഹായ അവസ്ഥയിൽ എത്തിക്കുന്നു. 

"ഏതാനും മാസങ്ങൾക്കു മുൻപ് എനിക്കു മയോസൈറ്റിസ് ഉണ്ടെന്നു ഡോക്ടർമാർ തിരിച്ചറിഞ്ഞു," സാമന്ത എഴുതി. "രോഗം കുറഞ്ഞ ശേഷം എഴുതാമെന്നു ഞാൻ കരുതിയിരുന്നു. പക്ഷെ അതിപ്പോൾ നീണ്ടു പോവുകയാണ്. 

"ഈ അവസ്ഥ ഉൾക്കൊള്ളാനുള്ള പ്രയാസമാണ് എനിക്ക് ഏറ്റവും കൂടുതൽ. അധികം വൈകാതെ ഞാൻ പൂർണ സുഖം പ്രാപിക്കുമെന്നു ഡോക്ടർമാർ ഉറപ്പു പറയുന്നുണ്ട്. ഞാൻ ഇതിൽ നിന്നു രക്ഷപ്പെടില്ല എന്നു തോന്നിയ ദിവസങ്ങൾ പോലുമുണ്ട്. എങ്ങിനെയോ അതൊക്കെ കടന്നു പോകുന്നു."

മയോസൈറ്റിസ് അപകടകാരിയല്ലെന്നു ഹൈദരാബാദിൽ സാമന്തയെ ചികിൽസിക്കുന്ന ഡോക്ടർമാർ പറയുന്നു. എന്നാൽ അതു  മനസിനെ തളർത്തുന്നതാണ്. രോഗം ഭേദമാക്കാൻ കഴിയും. പിന്നെ മരുന്നുകളും വ്യായാമവും ഭക്ഷണ ക്രമീകരണവും ഒക്കെ ശ്രദ്ധിച്ചു മുന്നോട്ടു പോകാം. സജീവമായ ജീവിതം സാധ്യമാണ്.

കിംസ് ആശുപത്രിയിലെ റുമാറ്റോളജിസ്റ്റ് ഡോക്ടർ ശരത് ചന്ദ്ര മൗലി പറയുന്നത് മയോസൈറ്റിസ് ചികിത്സയിൽ വ്യായാമം അതിപ്രധാനമാണെന്നാണ്. "വ്യായാമം കൊണ്ട് ക്ഷീണം കുറയ്ക്കാം. ഊർജം വർദ്ധിപ്പിക്കാം. പേശികളുടെ ബലം കൂട്ടാനും സഹായിക്കും.

"വ്യായാമവും ഫിസിയോ തെറാപ്പിയും മയോസൈറ്റിസ് ചികിത്സയിൽ പ്രധാനമാണ്. പേശികളും സന്ധികളും മൃദുവായ വ്യാമയാമങ്ങൾ കൊണ്ടു ബലപ്പെടുത്തണം. അവ സ്തംഭിക്കാൻ ഇടയാവരുത്."

മയോസൈറ്റിസ് ബാധിക്കുന്നവർക്കു ഇരിക്കുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടാവാം. സാധനങ്ങൾ ചുമലിനു മുകളിലേക്ക് ഉയർത്താൻ കഴിയാതെ വരാം. സ്ത്രീകളിൽ 45-60 പ്രായക്കാരിലാണ് ഈ പ്രശ്‌നം കാണാറ്. 

വൈറസ് മൂലം മയോസൈറ്റിസ് ഉണ്ടാവുമ്പോൾ അത് വളരെയധികം വേദന ഉണ്ടാക്കും. സ്റ്റീറോയിഡുകളും സ്റ്റേറ്റിനും കഴിച്ചാലും രോഗം ഉണ്ടാവാം. 

അമോർ ആശുപത്രിയിൽ ഓർത്തോ സർജനായ ഡോക്ടർ കിഷോർ റെഡ്‌ഡി പറയുന്നത് മയോസൈറ്റിസിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതാണ് ആദ്യ വെല്ലുവിളി എന്നതാണ്. അതു സാധ്യമാകാതെ വരുമ്പോൾ ചികിത്സയും കൃത്യമായി നടക്കില്ല. 

ക്ഷീണവും പേശീവേദനയുമാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. വീഴാൻ സാധ്യതയുണ്ട്. പ്രതിരോധ സംവിധാനത്തിന്റെ പ്രശ്നമാണ് രോഗകാരണം. ആരോഗ്യമുള്ള കോശങ്ങളെ രോഗം ആക്രമിക്കുന്നു. 

Rare illness affecting popular actor is curable, say doctors 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക