Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചെവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 01 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചെവ്വാഴ്ച (ജോബിന്‍സ്)

വിഴിഞ്ഞം സമരത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുള്ള പദ്ദതിയെന്ന് വി വി രാജേഷ് പറഞ്ഞു. വിഴിഞ്ഞ സമരത്തിനെതിരായ സമരങ്ങളെ പിന്തുണയ്ക്കുമെന്ന് ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. ഇതിനിടെ സമരസമിതി നടത്തുന്നത് കലാപ ശ്രമമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു. 
****************************************
ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് ശേഖരിച്ച് പൊലീസ്. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തു. 
**************************************
സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവര്‍ത്തി ചെയ്യുന്നവര്‍ ആ സേനയുടെ ഭാഗമായി നില്‍ക്കണോ എന്നും മുഖ്യമന്ത്രി ചോ?ദിച്ചു.  ചിലരുടെ പ്രവര്‍ത്തികള്‍ സേനക്ക് അപമാനമുണ്ടാക്കുന്നു. പൊലീസ് ഇങ്ങനെയാകാന്‍ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പഞ്ഞു. തെറ്റുചെയ്യുന്ന ആരോയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 
***************************************
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസിനും ബിജെപിക്കും പിന്നാലെ ഡിവൈഎഫ്‌ഐയും തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നു. 
**************************************
എല്‍ദോസ് കുന്നപ്പിള്ളില്‍ പ്രതിയായ കേസില്‍ അഭിഭാഷകര്‍ക്ക് എതിരെ കേസെടുക്കാന്‍ കാരണമായ പരാതിക്കാരിയുടെ മൊഴി പുറത്ത്. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരുടെ മുന്നിലിട്ട് എല്‍ദോസ് മര്‍ദ്ദിച്ചെന്നാണ് മൊഴി. മൂന്ന് അഭിഭാഷകര്‍ നോക്കി നില്‍ക്കേ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്‌തെന്നും കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടെന്നും മൊഴിയില്‍ പറയുന്നു. താന്‍ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ തടഞ്ഞെന്നും പിന്നീട് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയി വഴിയിലിറക്കിവിട്ടെന്നും മൊഴിയില്‍ പറയുന്നു. 
****************************************
പ്രമുഖ സാഹിത്യകാരന്‍ സേതുവിന് 2022 ലെ എഴുത്തഛന്‍ പുരസ്‌കാരം. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ സമിതിയാണ് 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്.
*********************************
രാജ്യത്ത് പാചക വാതകത്തിന്റെ വില കുറച്ച് കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലാണ് കുറവ് വരുത്തിയത്.19 കിലോഗ്രാമിന്റെ സിലിണ്ടറിന് 115.50 രൂപ കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറിന് 1744 രൂപയാണ് ഡല്‍ഹിയിലെ വില.
******************************
സംസ്ഥാന സര്‍ക്കാരിന്റെ കേരള ശ്രീ പുരസ്‌കാരം താന്‍ സ്വീകരിക്കില്ലെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. ശില്‍പ്പങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം നിരസിക്കുന്നതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി.
*****************************

MAIN NEWS -NATIONAL NEWS -INDIA 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക