Image

പ്രഥമ പൗരന് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആശംസകള്‍

Published on 27 July, 2012
പ്രഥമ പൗരന് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആശംസകള്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ 13-ാമത് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ) ആശംസകള്‍ നേര്‍ന്നു. പ്രണബ് മുഖര്‍ജിയുടെ വിജയത്തെ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. അസാധാരണമായ രാഷ്ട്രീയ നേതൃത്വ പാടവമുള്ള പ്രണബ് മുഖര്‍ജി രാഷ്ട്ര വികസനത്തില്‍ അതീവ തല്‍പരനുമാണെന്ന് അഭിപ്രായപ്പെട്ട കര്‍ദിനാള്‍, രാജ്യത്തിന്‍റെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് തന്‌റെ ചുമതലകള്‍ ആത്മാര്‍ത്ഥമായി നിറവേറ്റാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍, പ്രത്യേകിച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, ആതുര സേവനം, സാംസ്ക്കാരിക നവീകരണം, എന്നീ മേഖലകളില്‍ കത്തോലിക്കാ സഭ ഏറെ സംഭാവനകള്‍ നല്‍കുന്നുണ്ട്. ദരിദ്രരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനുവേണ്ടി സര്‍ക്കാരിനോടു സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കത്തോലിക്കാ സഭ എന്നും സന്നദ്ധമാണെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു.

പ്രണബ് മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി 25-ന് ബുധനാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജസ്റ്റീസ് എസ് എച്ച് കപാഡിയ സത്യവാചകം ദൈവ നാമത്തില്‍ ഏറ്റുചൊല്ലിയാണ് അദ്ദേഹം ചുമതലയേറ്റത്. ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്നതിനും ഉയര്‍ത്തിപ്പിടിക്കുന്നതിനും താന്‍ പരമാവധി ശ്രമിക്കുമെന്ന് പ്രണബ് വ്യക്തമാക്കി.

രാഷ്ട്രപതി പദവിയിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് മഹത്തായ ഈ രാജ്യത്തെ ജനതയോട് താന്‍ നന്ദി പ്രകാശിപ്പിക്കുന്നതായി, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രണബ് പറഞ്ഞു. “എന്നില്‍ സ്‌നേഹവും വിശ്വാസവുമര്‍പ്പിച്ച് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഞാന്‍ നല്‍കിയതിലുമെത്രയോ ഏറെ ജനങ്ങളും രാഷ്ട്രീയ കക്ഷികളും പാര്‍ലമെന്റും എനിക്ക് നല്‍കി”. ജനത്തിന്‍റെ പ്രതീക്ഷകള്‍ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും പ്രണബ് മുഖര്‍ജി ഉറപ്പുനല്‍കി.

ബംഗാളിലെ ബിര്‍ഭൂമിലെ മീറട്ടി സ്വദേശിയായ പ്രണബ് നീണ്ട 45 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയസമ്പത്തുമായാണ് 76ാം വയസ്സില്‍ രാഷ്ട്രപതി പദത്തില്‍ എത്തിയിരിക്കുന്നത്. യു.പി.എ.സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രണബ് ബി.ജെ.പി. പിന്തുണയോടെ മത്സരിച്ച പി.എ. സങ്മയെ പരാജയപ്പെടുത്തിയാണ് രാജ്യത്തിന്റെ പ്രഥമപൗരനായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ വോട്ടിന്റെ 69.31 ശതമാനം അദ്ദേഹത്തിനു ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക