Image

ഉംറക്ക്‌ പുറപ്പെട്ട ആലപ്പുഴ സ്വദേശി മരിച്ചു; ഭാര്യയും മക്കളും ഗുരുതരാവസ്ഥയില്‍

Published on 26 July, 2012
ഉംറക്ക്‌ പുറപ്പെട്ട ആലപ്പുഴ സ്വദേശി മരിച്ചു; ഭാര്യയും മക്കളും ഗുരുതരാവസ്ഥയില്‍
ദമ്മാം: കുവൈത്തില്‍ നിന്ന്‌ ഉംറ ചെയ്യാനായി പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഹഫര്‍ അല്‍ബാത്തിനിനടുത്ത്‌ അപകടത്തില്‍ പെട്ട്‌ ഗൃഹനാഥന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയേയും നാലു മക്കളേയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തില്‍ ഔാഫിന്‍െറ കീഴിലെ പള്ളിയില്‍ ഇമാമായി ജോലി ചെയ്‌തിരുന്ന ആലപ്പുഴ കനാല്‍ വാര്‍ഡില്‍ കാഞ്ഞിരം ചിറ കൊച്ചിങ്ങാം പറമ്പില്‍ സഅദ്‌ (33) ആണ്‌ മരിച്ചത്‌. ഭാര്യ ഫൗസിയ , മക്കളായ ഹമ്മാദ്‌ (ഏഴ്‌) അഹിലാം (അഞ്ച്‌) ഖദീജ (രണ്ട്‌) മറിയം ( ഏഴു മാസം) എന്നിവരാണ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്‌.

ഗുരുതര പരിക്കേറ്റ ഫൗസിയയുടെ വയറില്‍ കട്ടപിടിച്ച രക്തം ഇന്നലെ അടിയന്തിര ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു.അപകടത്തിന്‍െറ ആഘാതത്താല്‍ സംസാരിക്കാന്‍ പോലുമാവാത്ത ഭീതിയിലാണ്‌ കുട്ടികള്‍. ഹഫര്‍ അല്‍ ബാത്തിനിലെ കിങ്‌ ഖാലിദ്‌ സിറ്റി മിലിട്ടറി ഹോസ്‌പിറ്റലിലെ തീവ്ര പരിചരണവിഭാഗത്തിലാണ്‌ ഇവരുള്ളത്‌. മരിച്ച സഅദിന്‍െറ മൃതദേഹവും അവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

ഉംറക്കായി നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളെ സന്ദര്‍ശിക്കാനും ഉംറ ചെയ്യാനുമായി ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയാണ്‌ കുവൈത്തില്‍ നിന്ന്‌ കുടുംബം കാറില്‍ യാത്ര തിരിച്ചത്‌. ഹഫര്‍ അല്‍ ബാത്തിനില്‍ നിന്ന്‌ റിയാദ്‌ റോഡില്‍ 100 കിലോമീറ്റര്‍ അകലെ വെച്ച്‌ രാത്രിയില്‍ ഏതാണ്ട്‌ 12 മണിയോടെയാണ്‌ അപകടം നടന്നത്‌. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന സൗദി പൗരന്‍ ഓടിച്ച കാറുമായി കൂട്ടിയിടിച്ചാണ്‌ അപകടം. ഈ ഭാഗത്ത്‌ റോഡു പണി നടക്കുന്നതിനാല്‍ ഒറ്റവരി പാതമാത്രമാണ്‌ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ളത്‌. അപകടത്തില്‍ പെട്ടവരെ ഉടന്‍ പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഅദിന്‍െറ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുവൈത്തില്‍ തന്നെ പഠിച്ചു വളര്‍ന്ന സഅദിന്‌ ഇവിടെ വന്‍ സൗഹൃദ വലയമാണുള്ളത്‌. അപകടമറിഞ്ഞ്‌ മദീന യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സഹോദരന്‍ സിദ്ദീഖ്‌ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്‌്‌. ഹഫറിലെ മലയാളി സംഘടനാ പ്രവര്‍ത്തകരും സഹായവുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌. കെ.പി. സുബൈര്‍ കുട്ടിയാണ്‌ സഅദിന്‍െറ പിതാവ്‌. മാതാവാവ്‌ സഫിയ. കുവൈത്തിലെ സര്‍ക്കാര്‍ സകാത്ത്‌ സെല്ലില്‍ ജോലി ചെയ്യുന്ന കെ.എസ്‌ സാലിഹ്‌, കെ.എസ്‌ സകരിയ്യ, കെ.എസ്‌ സബൂറ, കെ.എസ്‌ സുഹ്‌റത്ത്‌ എന്നിവരാണ്‌ മറ്റു സഹോദരങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക