Image

ഉത്തരവാദിത്വ ബോധവും സഹായ മനസ്‌കതയും കൈമുതലാക്കി ബിജു ചാക്കോ (മാത്യുക്കുട്ടി ഈശോ)

മാത്യുക്കുട്ടി ഈശോ Published on 02 September, 2022
ഉത്തരവാദിത്വ ബോധവും സഹായ മനസ്‌കതയും കൈമുതലാക്കി ബിജു ചാക്കോ  (മാത്യുക്കുട്ടി ഈശോ)

കാന്‍കൂണ്‍ (മെക്‌സിക്കോ):  ഏതൊരു ചുമതല ഏറ്റെടുത്താലും നൂറു ശതമാനം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാന്‍ ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി ബിജു ചാക്കോ. ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടന ECHO യുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആയി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയിലാണ് ബിജു. ECHO കൂടാതെ ലോങ്ങ് ഐലന്‍ഡ് മലയാളീ അസ്സോസ്സിയേഷന്‍, ന്യൂയോര്‍ക്ക് മലയാളീ അസ്സോസ്സിയേഷന്‍ (NYMA), കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക്, ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് തുടങ്ങി വിവിധ സംഘടനകളുമായി ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനങ്ങളിലും  ചാരിറ്റിയിലൂടെ സഹായങ്ങള്‍ നല്‍കുന്നതിനും സാധിക്കുന്നത് സഹായിക്കുവാനുള്ള മനസ്സ് ഉള്ളത് കൊണ്ടാണ്.

'ഫോമയുടെ ഔദ്യോഗിക സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചതല്ല. എന്നാല്‍ ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് സെക്രട്ടറിയായും മെട്രോ റീജിയണ്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചപ്പോള്‍ ഒരു ഔദ്യോഗിക സ്ഥാനം വഹിച്ചാല്‍ സംഘടനയുടെ വളര്‍ച്ചക്കായി പല നല്ല തീരുമാനങ്ങളും കൈക്കൊള്ളാനും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുവാനും സാധിക്കുമെന്ന് മനസ്സിലായി.  എന്നാല്‍ നിലവില്‍ ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത് വന്നപ്പോള്‍ മത്സരിക്കാന്‍  നിര്‍ബന്ധിതനായി.  അതോടൊപ്പം എന്നെ എന്‍ഡോഴ്സ് ചെയ്ത ലോങ്ങ് ഐലന്‍ഡ് മലയാളീ അസ്സോസ്സിയേഷന്‍ ചുമതലക്കാര്‍ തന്ന പ്രോത്സാഹനവും മത്സരരംഗത്തേക്ക്  വരുവാന്‍ ഇടയാക്കി. ഒരു ഔദ്യോഗിക സ്ഥാനത്തിരുന്നാല്‍ സാധാരണ ഒരു അംഗം ആയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍  ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. കൂടാതെ ഒരു ഔദ്യോഗിക സ്ഥാനത്തിരുന്നാലേ സംഘടനയുടെ വളര്‍ച്ചക്കുതകുന്ന നയപരമായ നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധിക്കുകയുള്ളല്ലോ.  ഫോമായുടെ വളര്‍ച്ചക്കായി എന്നാലാകുന്ന വിധം നല്ല കുറെ കാര്യങ്ങള്‍ ചെയ്യണമെന്ന് മനസ്സില്‍ ആഗ്രഹമുണ്ട്. അതിനു മാനസികമായി ഒത്തൊരുമിച്ചും യോജിച്ചും തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉതകുന്ന ഒരു ടീമാണ്  ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള 'ഫാമിലി ടീം' അംഗങ്ങള്‍ എന്ന് മനസ്സിലാക്കിയാണ് ഫാമിലി ടീമുമായി ഒരുമിച്ചു മല്‍സര രംഗത്ത്  പ്രവര്‍ത്തിക്കുന്നത്.''  ഫോമയുടെ കണ്‍വെന്‍ഷന്‍ ലൊക്കേഷന്‍ കാന്‍കൂണ്‍ മൂണ്‍ പാലസ്  റിസോര്‍ട്ടില്‍ എത്തിയ ബിജു ചാക്കോ പറഞ്ഞു.

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ 'ഫോമാ ഫാമിലി ടീം' അംഗങ്ങളുമായി ചേര്‍ന്ന് ഫോമാ കണ്‍വന്‍ഷനെത്തിയ നൂറു കണക്കിന് ഡെലിഗേറ്റ്‌സുമായി സൗഹൃദം പങ്കിടുന്ന തിരക്കിനിടയിലും താന്‍ നിറവേറ്റേണ്ട ഉത്തരവാദിത്വ ബോധത്തോടെ ബിജു കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളെക്കുറിച്ചു പല ഭാരവാഹികളോടും തിരക്കുന്നുമുണ്ട്. സ്വതസിദ്ധമായ ചെറു പുഞ്ചിരിയോടെ എല്ലാവരുമായി കുശലം പറയുന്ന ബിജു വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിനിടയിലും ഫോമയുടെ ഭാവിയെക്കുറിച്ചു അല്‍പ്പം ചിന്തകള്‍ പങ്കുവച്ചു.

'പ്രക്ര്യതി മനോഹരമായ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ ഫോമയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അതിനായി ഫോമയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും എനിക്ക്  അഭിമാനം തോന്നുന്നു. ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് സെക്രട്ടറി ആയും ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ സെക്രട്ടറി ആയി പ്രവര്‍ത്തിക്കാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. ആ ചുമതലകളില്‍ ആല്മാര്‍ഥമായും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഇനിയും കൂടുതലായി എന്റെ ചുമതലകള്‍ നിറവേറ്റാന്‍ നിങ്ങളുടെ എല്ലാവരുടെയും സഹായങ്ങള്‍ ആവശ്യമാണ്. കാന്‍കൂണ്‍  കണ്‍വെന്‍ഷന് ഇത്രയധികം ഫോമാ അംഗങ്ങളും  പ്രതിനിധകളും പങ്കെടുക്കുന്നത് കാണുമ്പോള്‍, ഈ സംഘടനയോട് എത്രമാത്രം താല്‍പ്പര്യം ഓരോരുത്തര്‍ക്കും ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഈ   ഫോമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനുള്ള അവസരം ഒരുക്കുന്നതിന് ഫാമിലി ടീമിലുള്ള എല്ലാ മത്സരാര്‍ഥികളെയും വിജയിപ്പിക്കണമെന്ന് ഈ അവസാന ഘട്ടത്തില്‍ ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. നല്ല ഒരു കണ്‍വന്‍ഷന്‍ ആസ്വദിക്കുവാന്‍ എല്ലാവര്‍ക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.'  കണ്‍വെന്‍ഷന്‍ വേദിയിലെ അംഗസംഘടനാ പ്രതിനിധികളോട് കുശലം പറഞ്ഞുകൊണ്ട് അവരിലൊരാളായി ബിജു ചാക്കോ അടുത്ത പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിച്ചു.

Fomaa Joint Secretary candidate biju chacko.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക