Image

മന്ത്രി റോഷി അഗസ്റ്റിൻ, സുരാജ് വെഞ്ഞാറമ്മുട് എത്തി;  വേദികൾ സജീവമാകുന്നു; ഹോട്ടൽ ചെക്ക് ഇൻ 3  മണി 

Published on 01 September, 2022
മന്ത്രി റോഷി അഗസ്റ്റിൻ, സുരാജ് വെഞ്ഞാറമ്മുട് എത്തി;  വേദികൾ സജീവമാകുന്നു; ഹോട്ടൽ ചെക്ക് ഇൻ 3  മണി 

കാൻകുൻ: മൂൺ പാലസ് റിസോർട്ടിലെ കേരള നഗർ സജീവമായി. അതിഥികൾ എത്തിത്തുടങ്ങി. ഫോമാ അംഗങ്ങളുടെ ഒഴുക്കും ആരംഭിച്ചു.  

പതാക ഉയരുന്ന വെള്ളിയാഴ്‌ച (സെപ്റ്റംബർ 2) മിക്കവാറും പേരും എത്തുമെന്ന് കരുതുന്നു. കൗണ്ടറിലെല്ലാം നല്ല തിരക്ക് പ്രതീക്ഷിക്കണം.

റിസോർട്ടിൽ നേരത്തെ എത്തിയാലും  ചെക്ക് ഇൻ 3 മണിക്കാണെന്നു മറക്കണ്ട.  ഭാഗ്യമുണ്ടെങ്കിൽ അവർ നേരത്തെ മുറി തന്നുവെന്നിരിക്കും എന്ന് മാത്രം. അത് ഉറപ്പില്ല.

എന്നാൽ കൺവൻഷനു രജിസ്റ്റർ ചെയ്ത ശേഷം കയ്യിൽ ബാൻഡ് കെട്ടിയാൽ പിന്നെ ഹോട്ടലിലെ എല്ലാ സൗകര്യവും ഉപയോഗിക്കാം. ബാറിലും ഹോട്ടലിലും പൂളിലും ഒക്കെ പോകാം. അങ്ങനെ കറങ്ങിയടിക്കുമ്പോഴേക്കും മണി മൂന്നാകും. അതിനാൽ അസ്വസ്ഥരാകാതെ മുറി തയ്യാറാകാൻ കാത്തിരിക്കുക.

കൺവൻഷനിലെ മുഖ്യാതിഥി മന്ത്രി റോഷി അഗസ്റ്റിൻ, നടൻ സുരാജ് വെഞ്ഞാറമ്മുട് എന്നിവർ ന്യു യോർക്കിൽ എത്തി. ഇരുവരെയും ജെ.എഫ്.കെ എയർപോർട്ടിൽ  വ്യവസായി വർക്കി എബ്രഹാം സ്വീകരിച്ചു. ഇരുവരും വെള്ളിയാഴ്ച രാവിലെ കാൻകുനിൽ എത്തും.

കേരളത്തിലെ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ മന്ത്രി എത്തുമോ എന്ന ആശങ്ക അവസാന നിമിഷം വരെ ഉണ്ടായിരുന്നുവെങ്കിലും ഫോമായോടുള്ള പ്രതിബദ്ധത സർക്കാരും മന്ത്രിയും തെളിയിക്കുകയായിരുന്നു.   ഇതേ സമയം ഏതാനും വിശിഷ്ടാതിഥികൾ   മൂൺ പാലസിൽ എത്തിക്കഴിഞ്ഞു. 

പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവരെല്ലാം  കാൻ  കുനിൽ എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ച്  രംഗത്തുണ്ട്.

വെള്ളിയാഴ്ചത്തെ പരിപാടികൾ:

രാവിലെ മുതൽ രജിസ്‌ട്രേഷൻ 
വൈകിട്ട് 5 മുതൽ 6 വരെ  ഓപ്പണിംഗ് സെറിമണി.
6 മണിക്ക്‌ ബെസ്റ് കപ്പിൾ  മത്സരം.
7:30 മുതൽ 8:30 വരെ ഡിന്നർ 
830  മുതൽ 850 വരെ ചാർളി ചാപ്ലിൻ സ്കിറ്റ് 
850 മുതൽ 930 വരെ സാന്ത്വന സംഗീതം ഗ്രാൻഡ് ഫിനാലെ.

ബെസ്റ് കപ്പിൾ  മത്സരം.

ഫോമായുടെ ഫേസ്ബുക്ക് പേജിൽ ഏറ്റവുമധികം ലൈക്ക്, ഷെയർ, കമന്റ് എന്നിവ നേടുന്ന ദമ്പതികളാണ് വിജയപഥത്തിൽ എത്തുക. സെപ്റ്റംബർ 2 വെള്ളിയാഴ്‌ച രാവിലെ 11 മണി വരെ (ഇഎസ്ടി) മികച്ച കപ്പിളിനെ തിരഞ്ഞെടുക്കാൻ വോട്ട് രേഖപ്പെടുത്താം.

ബിജു തുരുത്തുമാലിൽ ചെയർമാനായ കമ്മിറ്റിയിൽ പോൾസൺ കുളങ്ങര (കോ-ചെയർമാൻ), അനു സ്കറിയ( കോ-ഓർഡിനേറ്റർ ), ജൂലി ബിനോയ്,മേഴ്സി സാമുവൽ എന്നിവർ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

ചാര്‍ലി ചാപ്ലിന്‍-സ്കിറ്റ് 

ലോകസിനിമയിലെ ഏറ്റവും മികച്ച കൊമേഡിയന്‍ ചാര്‍ലി ചാപ്ലിന്റെ  ജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില്‍  അമേരിക്കന്‍ മലയാളികള്‍ അരങ്ങിലെത്തിക്കുന്ന നാടകമാണ് ചാര്‍ലി ചാപ്ലിന്‍ . 

തോമസ് മാളക്കാരന്‍ രചിച്ച നാടകം പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്യുന്നു . ഏതൊരു നടനും വെല്ലുവിളിയായി മാറുന്ന ചാര്‍ലി ചാപ്ലിനെ അരങ്ങില്‍ അവതരിപ്പിക്കുന്നതും പൗലോസ് കുയിലാടന്‍ തന്നെയാണ് . 

നാടകപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വേറിട്ടൊരു അനുഭവമായിരിക്കും ചാര്‍ലി ചാപ്ലിന്‍ എന്ന നാടകം സമ്മാനിക്കുന്നത് . നാടകത്തിന്റെ ആദ്യ അവതരണം മെക്‌സിക്കോയിലാണ് .

സുരാജ് വെഞ്ഞാറമൂട്

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രിയതാരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി കഥാപാത്രങ്ങളിലൂടെ എത്തി പിന്നീട് സ്വഭാവനടനായും നടനായും മലയാള സിനിമയില്‍ തന്റേതായൊരു ഇടം സ്വന്തമാക്കിയ അഭിനയ പ്രതിഭയാണ് സുരാജ്.

സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷ ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ സുരാജ് കോമഡിക്ക് പുറമെ ഗൗരവ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി നമ്മെ ആവേശം കൊള്ളിക്കുന്ന പ്രതിഭാശാലിയാണ്. ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച സുരാജ് മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും 2019-ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ലഭിച്ചു.

ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്ന കെ. വാസുദേവന്‍ നായരുടെയും വിലാസിനിയമ്മയുടെയും ഇളയ മകനായി 1976 ജൂണ്‍ 30-ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സുരാജ് ജനിച്ചത്. തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകള്‍ ചലച്ചിത്രത്തില്‍ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്.

നീരവ് ബവ്ലേച്ച

കണ്‍വന്‍ഷന് ആതിഥ്യമരുളുന്ന മൂണ്‍ പാലസ് റിസോര്‍ട്ടിലെ വിസ്മയ വേദിയില്‍ മോഹിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി എത്തുകയാണ് മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നര്‍ത്തകനായ നീരവ് ബവ്ലേച്ച. മലയാളികള്‍ നെഞ്ചേറ്റിയ ഡാന്‍സ് റിയാലിറ്റി ഷോ ഡി ഫോര്‍ ഡാന്‍സിന്റെ ജഡ്ജായി എത്തിയതോടെയാണ് നീരജ് ബവ്ലേച എന്ന വടക്കേന്ത്യന്‍ നര്‍ത്തകന്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. ടീനേജ് പെണ്‍കുട്ടികളുടെ ഹാര്‍ട്ട്‌ത്രോബായി മാറിയ നീരവ് പിന്നീട് മലയാള സിനിമയിലും പ്രത്യക്ഷപ്പെട്ടു.

ജോണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്ത് ടിനി ടോം നായകനായി എത്തിയ 'ഡഫേദാര്‍' എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്താണ് നീരവ് ബവ്‌ലേച്ച അഭിനയിച്ചത്. വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന് നീരവ് ചുവടുകള്‍ കൊടുത്തതോടെ സിനിമാ പ്രേക്ഷകര്‍ക്കിടയിലും നീരവ് ബവ്‌ലേച്ച ശ്രദ്ധ നേടിയെടുത്തിരുന്നു. നീരവിന്റെ സ്റ്റൈലുകളും അനുകരിക്കാന്‍ ആരാധകര്‍ ശ്രമിക്കാറുണ്ട്. ഇതൊക്കെ നീരവിന്റെ ജനപ്രീതിയെയാണ് സൂചിപ്പിക്കുന്നത്.

 

മന്ത്രി റോഷി അഗസ്റ്റിൻ, സുരാജ് വെഞ്ഞാറമ്മുട് എത്തി;  വേദികൾ സജീവമാകുന്നു; ഹോട്ടൽ ചെക്ക് ഇൻ 3  മണി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക