Image

അസാധു ഇല്ല; എല്ലാ വോട്ടും ചെയ്യണം; ഫലത്തിന് കാത്തിരിക്കേണ്ട: ഇലക്ഷന്‍ കമ്മീഷന്‍

Published on 31 August, 2022
അസാധു ഇല്ല; എല്ലാ വോട്ടും ചെയ്യണം; ഫലത്തിന് കാത്തിരിക്കേണ്ട: ഇലക്ഷന്‍ കമ്മീഷന്‍

ഫോമ ഇലക്ഷന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ യാതൊരു പരാതിക്കും ഇട നല്‍കാതെ കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള തയാറെടുപ്പിലാണ് ഇലക്ഷന്‍ കമ്മീഷന്‍. ഫോമയുടെ രണ്ടാമത്തെ  പ്രസിഡന്റ് ജോണ്‍ ടൈറ്റസ് മുഖ്യ ഇലക്ഷന്‍ കമ്മീഷണറും  കംപ്ലയൻസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തോമസ് കോശി, മുന്‍ വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍ എന്നിവര്‍ കമ്മീഷണര്‍മാരുമായ ടീം എല്ലാ പഴുതുകളുമടച്ചുള്ള ഇലക്ഷന്‍ പ്രക്രിയ ആണ് ഒരുക്കിയിരിക്കുന്നത്.

പൂര്‍ണമായും കംപ്യൂട്ടറൈസ്ഡ് ആയതിനാല്‍ ഇലക്ഷന്‍ കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കാനാവുമെന്ന് മൂന്നുപേരും ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളിലേപ്പോലെ ദീര്‍ഘനേരം കാത്തിരിക്കേണ്ടതില്ല. ബാലറ്റിനെപ്പറ്റി ആര്‍ക്കും സംശയങ്ങളും വേണ്ട.

നിബന്ധനകള്‍ എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കുമെന്നവര്‍ ചൂണ്ടിക്കാട്ടി. ആര്‍ക്കും ഇളവ് കിട്ടില്ല. ഐ.ഡി കാര്‍ഡ് കാണിച്ചുവേണം ബൂത്തിലേക്ക് പോകാന്‍. ഫോമ തന്നിരിക്കുന്ന ഡെലിഗേറ്റ് ലിസ്റ്റിലെ പേരും ഐഡിയിലെ പേരും ഒന്നായിരിക്കണം.

സര്‍ക്കാര്‍ നല്‍കിയ ഐഡി ആണ് വേണ്ടത്. ഏറ്റവും നല്ല ഐ.ഡി  കാൻകുനിൽ എല്ലാവരുടേയും കൈവശം ഉണ്ട്-പാസ്‌പോര്‍ട്ട്. അത് കരുതിയാലും മതി.

പന്ത്രണ്ട് ഐപാഡുകള്‍ വോട്ടിംഗിനായി തയാറാക്കിയിട്ടുണ്ട്. അതില്‍ എട്ടെണ്ണമാണ് ഉപയോഗിക്കുന്നത്. ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും സംശയമൊന്നും കൂടാതെ ഉപയോഗിക്കാവുന്ന  രീതിയിലാണ് ഐപാഡുകള്‍ സെറ്റ് ചെയ്തിരിക്കുന്നത്.

സ്‌ക്രീനില്‍ പേരും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അപ്പോള്‍ ബാലറ്റ് പേപ്പര്‍ തെളിഞ്ഞു വരും.. തുടര്‍ന്ന് ഓരോ സ്ഥാനത്തേക്കും  വോട്ട് ചെയ്യാം. ഏതെങ്കിലും സ്ഥാനത്തേക്ക് വോട്ട് ചെയ്യാന്‍ മറന്നാല്‍ കംപ്യൂട്ടര്‍ അത് കാണിക്കും. അവസാനം ആര്‍ക്കൊക്കെ വോട്ട് ചെയ്തുവെന്ന് സ്‌ക്രീനില്‍ തെളിയും. അതു മതിയെങ്കില്‍ സബ്മിറ്റ് ക്ലിക്കുചെയ്യാം. മാറ്റം വരുത്തണമെങ്കില്‍ പുറകോട്ട് പോയി മാറ്റാം.

ഒരാള്‍ക്ക് ഒരു മിനിറ്റ് കൊണ്ട് വോട്ട് ചെയ്യാവുന്നതേയുള്ളൂ. നാഷണല്‍ എക്‌സിക്യൂട്ടീവിലെ ആര് സ്ഥാനത്തേക്കാണ്  പ്രധാന മത്സരം. നാഷണല്‍ കമ്മിറ്റിയിലേക്ക് ചിലയിടത്ത് മാത്രമാണ് മത്സരം. അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കും, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ട്.

അത് പോലെ വിമന്‍സ് ഫോറത്തില്‍ മൂന്നു സ്ഥാനത്തിന്   അഞ്ചു പേര്‍ മത്സര രംഗത്ത്  ഉണ്ട്. എല്ലാവരെയും അംഗീകരിക്കണമെന്ന് നിർദേശം ഉയർന്നത് കണ്ടു.  ജനറല്‍ബോഡി അഞ്ചു പേരേയും തെരഞ്ഞെടുപ്പില്ലാതെ വിജയിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അതനുസരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇലക്ഷന്‍ തയാറെടുപ്പ് എല്ലാം നടത്തിയിട്ടുണ്ട്.

മത്സര രംഗത്തുള്ള രണ്ടു ടീമുകളുമായി ചര്‍ച്ച നടത്തിയാണ് ഇലക്ഷന്‍ പ്രക്രിയ തീരുമാനിച്ചത്. അവരുടെ പ്രതിനിധികള്‍ വോട്ടെടുപ്പില്‍ നിരീക്ഷകരായി ഉണ്ടാവും. ഒരുതരം തട്ടിപ്പിനും സാധ്യതയില്ല.

രണ്ടാം തീയതി വെള്ളിയാഴ്ച സ്ഥാനാര്‍ഥികള്‍ക്ക് ഡെലിഗേറ്റുകളുമായി സംവദിക്കാന്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി നടത്തും. ഇലക്ഷന്‍ കാര്യങ്ങളും അവിടെ വിശദീകരിക്കും. മൂന്നാം തീയതി ജനറല്‍ബോഡിക്ക് ശേഷമാണ് ഇലക്ഷന്‍. നാലു മണിക്കൂര്‍ കൊണ്ട് ഇലക്ഷന്‍ തീരുമെന്ന് കരുതുന്നു.

മത്സരമുള്ള എല്ലാ സ്ഥാനത്തേക്കും വോട്ട് ചെയ്യാതെ ബാലറ്റ് 'സബ്മിറ്റ്' ചെയ്യാനാവില്ലെന്നതാണ് ഒരു പ്രത്യേകത. അതായത്  ചില സ്ഥാനാര്‍ഥികള്‍ക്ക് മാത്രം വോട്ട് ചെയ്യുന്ന 'ബുള്ളറ്റ് വോട്ടിംഗ്' നടക്കില്ല.

വോട്ടര്‍മാര്‍ക്ക് ഒരു ഐ.ഡി നല്‍കും. പേര് ഉപയോഗിക്കില്ല. ആ ഐഡി നമ്പര്‍ വച്ച് വോട്ട് ചെയ്തതിന്റെ വിവരങ്ങള്‍ ഒക്കെ വോട്ട് ചെയ്തയാള്‍ക്ക് പിന്നീട് വേണമെങ്കിലും  പരിശോധിക്കാം. ഇലക്ഷന്‍ കമ്മീഷനോ കംപ്യൂട്ടര്‍ കമ്പനിക്കോ അതു പരിശോധിക്കാനാവില്ല. എന്നു മാത്രമല്ല നമ്പര്‍ മാത്രമായതിനാല്‍ ആരാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്കല്ലാതെ മറ്റൊരാള്‍ക്ക് അറിയാനും വഴിയില്ല.

കംപ്യൂട്ടര്‍ വഴി ആയതിനാല്‍ ഒരു വോട്ടും അസാധു ആകില്ല. കൂടുതല്‍ വോട്ട് ചെയ്യാനോ തെറ്റായി വോട്ട് ചെയ്യാനോ പറ്റില്ല.

ഭാവിയിലേക്ക് ഉപയോഗിക്കത്തക്ക രീതിയില്‍ തികച്ചും സത്യസന്ധവും, സുതാര്യവുമായ സിസ്റ്റമാണ് തങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നവര്‍ പറഞ്ഞു. ഇലക്ഷന് ശേഷം എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമെന്ന് കരുതുന്നില്ല. രണ്ടു ടീമിന്റേയും പ്രതിനിധികള്‍ക്ക് എല്ലാ കാര്യവും നിരന്തരമായി നിരീക്ഷിക്കാം.

അമ്പതോളം രാജ്യങ്ങളില്‍ ഇലക്ഷന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. സിംപ്ലി വോട്ടിംഗ് എന്ന സോഫ്റ്റ്‌വെയർ  അത്ര വിശ്വാസയോഗ്യമാണര്‍ത്ഥം. അവര്‍ തന്നെ വേണമെങ്കില്‍ ഇലക്ഷന്‍ നടത്തിത്തരും. എന്നാല്‍ നമ്മള്‍ തന്നെ നടത്താനുള്ള സോഫ്റ്റ് വെയറാണ് വാങ്ങിയത്. അവരുടെ വെബ്‌സൈറ്റില്‍ പോയാല്‍ കമ്പനിയെപ്പറ്റി അറിയാം. ടെസ്റ്റും ചെയ്യാം.

ഒരേ മനസോടെയാണ് തങ്ങള്‍ മൂന്നുപേരും പ്രവര്‍ത്തിച്ചതെന്ന് മുന്നുപേരും പറഞ്ഞു. സുതാര്യതയും, സംഘടനയുടെ നന്മയും മാത്രമേ തങ്ങള്‍ പരിഗണിച്ചുള്ളൂ.

വ്യോമയാന വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖ മലയാളി വ്യവസായിയാണ്  ജോൺ ടൈറ്റസ്. ഫോമാ പ്രസിഡന്റായിരുന്നതിനു പുറമെ  കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണിന്‍റെ മുൻ പ്രസിഡൻറും, ഫോമയുടെ മുൻ ഉപദേശക സമിതി ചെയർമാനുമായിരുന്നു.

സ്വർണ്ണ വ്യാപാര വ്യവസായ സംരഭകനായ തോമസ് കോശി വളരെ വര്ഷങ്ങളായി ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ കൗണ്ടി ബോർഡ് ഓഫ് ഹ്യൂമൻ റൈറ്സ് കമ്മീഷൻ ബോർഡ് അംഗമായും, ഫയർ ഹൌസിംഗ് ബോർഡിന്റെ ഉപദേശക സമിതി അംഗമായും  സേവനമനുഷ്ഠിച്ച് വരികയാണ്. ഫോമയുടെ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ, തെരെഞ്ഞെടുപ്പ് കമ്മീഷണർ, എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഫോമയുടെ കംപ്ലയൻസ്  കൗൺസിലിന്റെ വൈസ് ചെയർമാനാണ്.

മാനവശേഷി, കയറ്റുമതി തുടങ്ങിയ രംഗങ്ങളിൽ സംരംഭകനായ  വിൻസൺ പാലത്തിങ്കൽ   കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിന്‍റെ അദ്ധ്യക്ഷ പദവിയുൾപ്പടെ നിരവധി സ്ഥാനങ്ങൾ വഹിച്ചു. 2013-ൽ യു.എസ്. എസ്.ബി.എ.യുടെ ചെറുകിട ബിസിനസ്സ് എക്‌സ്‌പോർട്ടർ ഓഫ് ദി ഇയർ അവാർഡ് നേടി .

ഫോമയുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കുറ്റമറ്റതായി ഏകോപിപ്പിക്കാനും, കാര്യക്ഷമതയോടെയും നിഷ്പക്ഷതയോടെയും നടപ്പിലാക്കാനും അനുഭവ സമ്പത്തും പ്രവർത്തന പരിചയവുമുള്ള  തെരെഞ്ഞെടുപ്പ് കമ്മീഷനു  കഴയുമെന്നു പ്രത്യാശിക്കുന്നുവെന്ന് ഫോമാ  പ്രസിഡന്‍റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ ചൂണ്ടിക്കാട്ടി 

FOMAA ELECTION

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക