Image

ബിജു തോണിക്കടവിൽ: ജോ. ട്രഷറർ സ്ഥാനത്തു നിന്ന്  ട്രഷററിലേക്കുള്ള ദൂരം  

മീട്ടു റഹ്മത്ത് കലാം Published on 31 August, 2022
ബിജു തോണിക്കടവിൽ: ജോ. ട്രഷറർ സ്ഥാനത്തു നിന്ന്  ട്രഷററിലേക്കുള്ള ദൂരം  

ബിജു തോണിക്കടവിൽ എന്ന പേര് ചേർത്തുകൊണ്ടല്ലാതെ ഫോമായുടെ നിലവിലെ ഭരണസമിതിയുടെ നേട്ടങ്ങളും കാരുണ്യപ്രവർത്തനങ്ങളും വിവരിക്കാനാവില്ല. ബഹുപൂരിപക്ഷം അംഗസംഘടനകളും, തുടർന്നുള്ള ടീമിലും ഇതുപോലെ പരിചയസമ്പന്നനായ ഒരാളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക്  ഇടവേളയില്ലാതെ ഫോമായുടെ വളർച്ച ലക്ഷ്യംവച്ച് നീങ്ങുന്ന അദ്ദേഹം, ഡോ.ജേക്കബ് തോമസ് നയിക്കുന്ന ടീം ഫ്രണ്ട്സ് പാനലിൽ നിന്ന് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ജോയിന്റ് ട്രഷറർ സ്ഥാനത്തിരുന്ന് ആർജ്ജിച്ച അനുഭവപാടവവുമായാണ്. തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ ബിജു തോണിക്കടവിൽ  തന്റെ നയം വ്യക്തമാക്കുന്നു...

സംഘടനാ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം സമയം ചെലവഴിക്കുക സാധ്യമാണോ?

പൂർണമായും സംഘടനയ്ക്ക് വേണ്ടി സമയം ഉഴിഞ്ഞുവയ്ക്കുക എന്നത് എല്ലാവർക്കും സാധ്യമാകുന്ന കാര്യമല്ല. കുടുംബത്തിൽ നിന്നുള്ള പിന്തുണ കൊണ്ടാണ് എനിക്കതിന് കഴിയുന്നത്.
ഫോമാ സൺഷൈൻ റീജിയൻ ചെയർമാൻ, ആർ.വി.പി, യൂത്ത് ഫെസ്റ്റിവൽ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫോമായുടെ വില്ലേജ് പ്രോജക്ടിന് എന്റെ റീജിയനിൽ നിന്നുതന്നെ 7 വീടുകൾ നിർമ്മിച്ച് നൽകാൻ സാധിച്ചു.കേരളത്തിൽ നടത്തിയ ആർസിസി പ്രോജക്ടിലും എന്റെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു. കോവിഡ് കാലത്ത് ഹെല്പ് ലൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കി.സാന്ത്വന സംഗീതം കോ-ഓർഡിനേറ്ററായിരുന്നു.മലയാള ഭാഷാ പഠനത്തിനായി ഏഷ്യാനെറ്റ് ന്യൂസുമായി ചേർന്നുള്ള പരിപാടിയിൽ ഫോമായ്ക്കും മികച്ച സംഘാടകനായി എനിക്കും അവാർഡ് ലഭിച്ചു.

 നിൽക്കുന്ന ഒരു പ്രസ്ഥാനത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുക എന്നു തീരുമാനിക്കാൻ കാരണമെന്താണ്?

ഫോമായുമായി ഇഴപിരിക്കാനാകാത്ത ബന്ധമാണ് എനിക്കുള്ളത്. മതത്തിനും രാഷ്ട്രീയത്തിനും അതീതമായി സൗഹൃദപരമായി മുന്നേറുന്ന ഈ ബൃഹത്സംഘടനയോട് നീതി പുലർത്തണമെങ്കിൽ മറ്റു പ്രസ്ഥാനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതം എന്നുള്ളത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. മറ്റുള്ളവർക്കത് സാധിക്കുന്നു എങ്കിൽ നല്ലത്. വേൾഡ് മലയാളി കൗൺസിൽ അടക്കം പല സംഘടനകളും എനിക്ക് സ്ഥാനങ്ങൾ വച്ചുനീട്ടിയിട്ടുണ്ട്. രണ്ടുവള്ളത്തിൽ കാലുചവിട്ടി നിൽക്കാനാവില്ല. നാട്ടിൽ വച്ച് കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിരുന്ന ഞാൻ, ഇവിടെ ഐഒസി പോലെ യാതൊന്നിലും ചേരാത്തതും ഫോമായുടെ ആദർശങ്ങളിൽ നിന്ന് അവയുടെ ദൂരം വ്യക്തമായി അറിയാവുന്നതുകൊണ്ടാണ്. പ്രവർത്തിക്കുന്ന സംഘടനയുടെയും നമ്മുടെയും താല്പര്യങ്ങൾ ഒന്നാകുന്ന അപൂർവതയാണ് ഫോമായുമായുള്ള ബന്ധത്തിന്റെ ആഴത്തിന് കാരണം. കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എനിക്ക് സംതൃപ്തി നൽകുന്ന ഒന്നാണ്. ഫോമായിലൂടെ  അതിനുള്ള നിരവധി അവസരം ലഭിച്ചു. കോവിഡിലും പ്രളയത്തിലും ദുരിതം അനുഭവിച്ച കേരളത്തിലെ കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും സഹായങ്ങൾ എത്തിച്ചു. ഗാന്ധി ഭവൻ, കാരുണ്യ ഭവൻ, പ്രൊഫ.ഗോപിനാഥ്  മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തുന്ന മാജിക് പ്ലാനറ്റ് എന്നിവ സന്ദർശിച്ച് സഹായങ്ങൾ നൽകി. നാട്ടിലെ ആശുപത്രികളിൽ 18 വെന്റിലേറ്ററുകളും ഞാൻ ജോയിന്റ് ട്രഷററായുള്ള ഈ ഭരണസമിതിയുടെ നേതൃത്വത്തിൽ എത്തിച്ചു.

ജോയിന്റ് ട്രഷററിൽ നിന്ന് ട്രഷററിലേക്കുള്ള ദൂരം?
വിജയിച്ചാൽ, ഈ തിരഞ്ഞെടുപ്പിന്റെ ദൂരം മാത്രം.

ഇപ്പോഴത്തെ ട്രഷററിൽ നിന്ന് താങ്കൾ പഠിച്ച പ്രധാന പാഠങ്ങൾ?

സത്യസന്ധവും കൃത്യവും സമയാധിഷ്ഠിതവുമായാണ് ട്രഷറർ തോമസ് ടി.ഉമ്മൻ ഫോമായുടെ കണക്കുകൾ കൈകാര്യം ചെയ്യുന്നത്. അദ്ദേഹം വളരെ കണിശക്കാരനാണ്. ഒരു രൂപ ചിലവഴിക്കാൻ പോലും വൗച്ചർ വേണം, പ്രസിഡന്റും സെക്രട്ടറിയും അനുവദിച്ചിട്ടുണ്ടാകണം എന്നിങ്ങനെ എല്ലാത്തിലും കൃത്യത നിർബന്ധമാണ്. കുറച്ചുകൂടി സോഫ്റ്റായ സമീപനമാണ് എന്റേത്. അദ്ദേഹത്തിൽ നിന്ന് പകർത്താൻ ആഗ്രഹിക്കുന്നത് ആ കണിശതയാണ്. കണക്കിൽ അത് പ്രധാനമാണ്.
35 സംഘടനകൾ മാത്രമായിരുന്ന സ്ഥാനത്ത് നിന്ന് 85 ലേക്ക് അംഗസംഘടനകളുടെ എണ്ണം വർദ്ധിച്ചപ്പോൾ ട്രഷററുടെ ഉത്തരവാദിത്തവും കൂടിയിട്ടുണ്ട്.

ജോയിന്റ് ട്രഷറർ എന്ന നിലയിൽ കൺവൻഷന്റെ തിരക്കുകൾ ഒരുവശത്തുണ്ടല്ലോ. ക്യാമ്പെയ്‌നിങ്ങിന് സമയം ലഭിച്ചിരുന്നോ?

കോവിഡ് സമയത്തായിരുന്നു കഴിഞ്ഞ ഇലക്ഷൻ. അന്ന് നേരിൽ കാണാതെ ഫോണിലൂടെ മാത്രം വോട്ട് അഭ്യർത്ഥിച്ചിട്ട് വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസമുണ്ട്. ശബ്ദം മാത്രം കേട്ട് എന്നെ വിശ്വസിച്ചവർക്കുവേണ്ടി മികച്ച രീതിയിലെ പ്രവർത്തനം ഇക്കുറി കാഴ്ചവച്ചു. കോവിഡ് മാറിയപ്പോൾ സംഘടനകളിൽ നേരിൽ ചെന്ന്, പ്രസിഡന്റുമാരുമായും ഡെലിഗേറ്റ്സുമായും നല്ല ബന്ധം സ്ഥാപിച്ചു. ഫോമാ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് കൃത്യമായി അറിയാം. അവരുടെ സുഖത്തിലും ദുഃഖത്തിലും ഞാനൊപ്പമുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇലക്ഷനു വേണ്ടി മാത്രം അവരെ കാണുന്ന സ്ഥാനാർത്ഥിയല്ലെന്ന് മനസ്സിലാക്കിക്കൊണ്ട് എന്നെ വിജയിപ്പിക്കുമെന്ന് തന്നെയാണ് വിശ്വാസം. പ്രത്യേകിച്ചൊരു വോട്ടഭ്യർത്ഥന നടത്തേണ്ട കാര്യം പോലും വന്നിട്ടില്ല.

ഇക്കഴിഞ്ഞ രണ്ടുവർഷക്കാലം ഫോമായുടെ ഭരണസമിതി നടപ്പാക്കിയ പദ്ധതികൾ ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ. കോവിഡ് പോലെ പ്രതികൂല സാഹചര്യത്തിൽ ഇത്രത്തോളം കാര്യങ്ങൾ ചെയ്തുതീർത്ത കമ്മിറ്റിയുടെ ഭാഗമായിക്കൊണ്ട് ശ്രമകരമായ പ്രവർത്തനങ്ങൾ നടത്തിയ ശേഷം, വിശ്രമത്തിനായി ഒരു ഇടവേള ആഗ്രഹിച്ചിരുന്നില്ലേ ?

തുടർച്ചയായി മത്സരിക്കുന്നു എന്ന് എന്റെ പേരിൽ ഒരാക്ഷേപമുണ്ട്. അതിന് വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഫോമാ പടർന്നുപന്തലിച്ചു നിൽക്കുന്ന സമയമാണിത്. പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിൽക്കുന്ന ഡോ.ജേക്കബ് തോമസ് അദ്ദേഹത്തിന്റെ പാനലിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ ആദ്യം ഒഴിവുകിഴിവുകൾ പറഞ്ഞിരുന്നു. 1 മില്യൺ ടേൺ ഓവറുള്ള പ്രസ്ഥാനത്തിന്റെ ട്രഷറർ സ്ഥാനത്തേക്ക് പരിചയസമ്പന്നനായ ഒരാൾ കൂടെ വേണമെന്നതുകൊണ്ടാണ് നിർബന്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അതിൽ ശരിയുണ്ടെന്ന് തോന്നി. ചില സുഹൃത്തുക്കളും അതേ കാര്യം പറഞ്ഞതോടെയാണ് ട്രഷറർ സ്ഥാനാർത്ഥിയാകാൻ മനസ്സുകൊണ്ടൊരുങ്ങിയത്. കേരള കൺവൻഷന്റെ ഭാഗമായി ഒരുമിച്ചുള്ള യാത്രയിലാണ് ജേക്കബ് ചേട്ടന്റെ കാരുണ്യ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടുമനസ്സിലാക്കിയത്. അതോടെ, ആ പാനൽ എന്റെ ചിന്താഗതിയോട് ചേർന്നതാണെന്ന് ബോധ്യപ്പെട്ടു. ഇടവേള ഇല്ലാത്തത് എന്നെ സംബന്ധിച്ച് ഗുണകരമാണ്. പ്രവർത്തനങ്ങളെ ഒന്നിന്റെ തുടർച്ചയായി മാത്രം കണ്ടാൽ മതി. സ്‌കൂൾ പഠനം പൂർത്തിയാക്കി, കോളജിൽ ചെല്ലുന്നതുപോലെ. ഒന്നിൽ നിന്ന് തുടങ്ങുന്ന വിദ്യാർത്ഥിക്കും ഇടയ്ക്ക് ഇടവേള എടുത്തയാൾക്കും ആ ഒപ്പം എത്താനാകുമോ?

വിജയിച്ചാൽ?

അമേരിക്കൻ മലയാളികൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. യുവജനങ്ങൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിക്കൊണ്ടുള്ള കൺവൻഷൻ ആസൂത്രണം ചെയ്യും. അവരെയും നമ്മുടെ ഭാഷയോടും സംസ്കാരത്തോടും ചേർത്തുനിർത്താനുള്ള ശ്രമമാണ്. 'സമ്മർ ടു കേരള' എന്ന പേരിൽ കേരളത്തിലേക്കൊരു വിനോദയാത്രയും അവർക്കുവേണ്ടി പ്ലാൻ ചെയ്യുന്നുണ്ട്. യുവജനങ്ങളെയും സ്ത്രീകളെയും അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചാനയിക്കാനും പുതിയ ടീം ലക്ഷ്യമിടുന്നു. സീനിയർസ് ഫോറവും വിപുലമാക്കും. മെഡികെയർ കാര്യങ്ങളിൽ ഓരോ സ്റ്റേറ്റിനും ഓരോ നിയമങ്ങളാണ്. അവിടെയൊക്കെ നമ്മുടെ ആളുകൾക്ക് കൂടുതൽ ഉപദേശം ആവശ്യമുണ്ട്.
ഫോമായ്ക്ക് സ്വന്തമായൊരു ആസ്ഥാനമന്ദിരം ഉണ്ടാവുക എന്നത് ഏറെക്കാലമായുള്ള ആഗ്രഹമാണ്. ഞങ്ങളുടെ പാനലിൽ നിന്നുള്ള പ്രസിഡന്റ് സ്ഥാനാർഥി തന്നെ ഇതിനായി 2,50,000 ഡോളർ ഓഫർ ചെയ്തിട്ടുണ്ട്.

പരാജയപ്പെട്ടാൽ?

ഫോമായ്ക്ക് വേണ്ടിയുള്ള ആത്മാർത്ഥമായ പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും. അതിന് യാതൊരു സംശയവുമില്ല. പരാജയമെന്നത് ഒരു ശതമാനം പോലും മുന്നിൽ കാണുന്നില്ല. മെക്സിക്കോയിൽ നടക്കുന്ന കൺവൻഷനുമായി ബന്ധപ്പെട്ട് വിളിക്കുമ്പോൾ പോലും ഡെലിഗേറ്റുകൾ ഇലക്ഷന്റെ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. വോട്ട് ചോദിക്കാതെ ഇങ്ങോട്ട് കാര്യങ്ങൾ തിരക്കുന്നത്, നമ്മളോട് അവർക്കുള്ള താല്പര്യം കൊണ്ടാണല്ലോ.

biju thonikkadavil

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക