തൃശൂര്‍: ട്രെയിനില്‍ കഴിഞ്ഞ രാത്രി ബിഎസ്എഫ് ജവാന് പീഡിപ്പിക്കാന്‍ ശ്രമിച്ചത് അര്‍ബുദരോഗിയായ സ്ത്രീയെയാണെന്ന് വ്യക്തമായി. ഇവര്‍ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് ട്രെയിനില്‍ പീഡന ശ്രമമുണ്ടായത്.
തിങ്കളാഴ്ച രാത്രി തിരുവനന്തപുരം-ചെന്നൈ മെയിലില്‍ തൃശൂരിനും പാലക്കാടിനും ഇടയില്‍ വച്ചായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സത്യന് (42) അറസ്റ്റിലായിട്ടുണ്ട്.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ജവാന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബന്ധുക്കളോടൊപ്പം ചെന്നൈയിലേക്ക് യാത്ര ചെയ്തിരുന്ന യുവതിയെ, ട്രെയിന്‍ രാത്രി എട്ടരയോടെ തൃശൂര്‍ വിട്ടതിനുശേഷം സത്യന് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശല്യം സഹിക്കവയ്യാതായതിനെ തുടര്‍ന്ന് യുവതി ബന്ധുക്കളോട് വിവരം പറഞ്ഞതിനുശേഷം ട്രെയിന്‍ പാലക്കാട് സ്റ്റേഷനിലെത്തിയപ്പോള്‍ പരാതി നല്കി. ഇതിനെ തുടര്‍ന്ന് പോലീസ് ഇയാളെ ട്രെയിനില്‍ നിന്നു പിടികൂടി തൃശൂരിലേക്ക് കൊണ്ടുവരികയായിരുന്നു. അവധി കഴിഞ്ഞ് ജോലിസ്ഥലമായ ത്രിപുരയിലേക്ക് മടങ്ങുകയായിരുന്നു ജവാന്. യുവതി പരാതി നല്കിയ ശേഷം ഈ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്നു.