Image

അഭയ കേസ്: ആര്‍ച്ച് ബിഷപ് കുന്നശ്ശേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍

Published on 23 July, 2012
അഭയ കേസ്: ആര്‍ച്ച് ബിഷപ് കുന്നശ്ശേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൗസിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. അഭയ കേസ് പ്രതികളെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹരജിക്കെതിരെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.
കേസിലെ സാക്ഷി ബി.സി.എം കോളജ് പ്രഫസര്‍ ത്രേസ്യാമ്മയുടെ മൊഴി ഉദ്ധരിച്ചാണ് സി.ബി.ഐ വെളിപ്പെടുത്തല്‍. അതേ കോളജിലെ ഹിന്ദി അധ്യാപികയായ സിസ്റ്റര്‍ ലൗസിയുമായി പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈയില്‍ എന്നിവര്‍ക്ക് ബന്ധമുണ്ട്. ആര്‍ച്ച്ബിഷപ് കുന്നശ്ശേരിയുമായുള്ള സിസ്റ്ററുടെ ബന്ധത്തിന് ഇരുവരും ഒത്താശ നല്‍കിയിരുന്നതായും സി.ബി.ഐ ആരോപിക്കുന്നു.
ഇതിനിടെ, സി.ബി.ഐ മുന്‍ ഡിവൈ.എസ്.പിയും അന്വേഷണോദ്യോഗസ്ഥനുമായ വര്‍ഗീസ് പി. തോമസ്, കോട്ടയം ആര്‍.ഡി.ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് ഏലിയാമ്മ, ക്ളര്‍ക്ക് കെ.എന്‍. മുരളീധരന്‍ എന്നിവര്‍ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മുന്‍ ഡിവൈ.എസ്.പി കെ. സാമുവല്‍ സി.ബി.ഐ കോടതിയെ സമീപിച്ചു. ആര്‍.ഡി ഓഫിസില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവകകള്‍ നശിപ്പിക്കുന്നതുവരെ, അന്വേഷണം എറ്റെടുത്ത വര്‍ഗീസ് പി. തോമസ് ആവശ്യപ്പെട്ടില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. സി.ബി.ഐ അന്വേഷണം എറ്റെടുത്ത് 79 ദിവസങ്ങള്‍ക്കുശേഷം ഇവര്‍ ഗൂഢാലോചന നടത്തി തൊണ്ടിവകകള്‍ നശിപ്പിച്ചു. ഈ ഹരജിക്ക് പുറമെ തുടരന്വേഷണ ഹരജികളും സെപ്റ്റംബര്‍ മൂന്നിന് പരിഗണിക്കും.
അതേസമയം, തുടരന്വേഷണ ഹരജികളില്‍ അതൃപ്തി രേഖപ്പെടുത്തിയ സി.ബി.ഐ, ഇവ തള്ളണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരായ കുറ്റപത്രം തെളിയിക്കാന്‍ ആവശ്യമായ തെളിവുകളുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. തുടരന്വേഷണഹരജികള്‍ സമര്‍പ്പിച്ചത് ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും സി.ബി.ഐ ആക്ഷേപമുന്നയിച്ചു.
സി.ബി.ഐ മുന്‍അന്വേഷണ ഉദ്യോഗസ്ഥന്‍ വി. ത്യാഗരാജന്‍, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍, മുന്‍ ഡിവൈ.എസ്.പി കെ. സാമുവല്‍, കോട്ടയം മുന്‍ ആര്‍.ഡി.ഒ എസ്.ജി.കെ. കിഷോര്‍ ഐ.പി.എസ് അടക്കം ആറുപേര്‍ ചേര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉള്‍പ്പെടെയാണ് തുടരന്വേഷണ ഹരജികള്‍ സമര്‍പ്പിച്ചത്. തുടരന്വേഷണ ഹരജി അനുവദിക്കുന്നതിനൊപ്പം ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണയാരംഭിക്കണമെന്ന ആവശ്യം സി.ബി.ഐ കോടതി ജഡ്ജി ടി.എസ്.പി. മൂസത് നിരാകരിച്ചു.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക