Image

ക്രൈസ്തവ മൃതസംസ്‌കാരം പൊതുശ്മശാനങ്ങളില്‍; വിശ്വാസികളുടെ കൂട്ടപ്രതിജ്ഞ ഞായറാഴ്ച

Published on 12 August, 2022
ക്രൈസ്തവ മൃതസംസ്‌കാരം പൊതുശ്മശാനങ്ങളില്‍; വിശ്വാസികളുടെ കൂട്ടപ്രതിജ്ഞ ഞായറാഴ്ച



കൊച്ചി: ദേവാലയ സിമിത്തേരിയില്‍ മൃതശരീരം സംസ്‌കരിക്കപ്പെടുന്ന വ്യക്തികള്‍ക്കേ സ്വര്‍ഗ്ഗപ്രാപ്തി ലഭിക്കൂ എന്ന മിഥ്യാധാരണയില്‍നിന്നും ക്രൈസ്തവ സമൂഹത്തെ പുറത്തുകൊണ്ടുവരിക, കൂദാശകളെ ദുരുപയോഗം ചെയ്ത് വിശ്വാസികളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ ധാര്‍ഷ്ട്യത്തിനെതിരെ താക്കീതു നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ, തങ്ങളുടെ മൃതശരീരം പള്ളിസിമിത്തേരികളില്‍ സംസ്‌കരിക്കില്ലയെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ 14ന് ഞായറാഴ്ച കൂട്ടപ്രതിജ്ഞ നടത്തും.

ജീവിതകാലത്ത് ഓരോ വ്യക്തികളും ചെയ്തിട്ടുള്ള നന്മ-തിന്മകളെ ആസ്പദമാക്കിയാണ് സ്വര്‍ഗ്ഗ-നരകങ്ങള്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍) തീരുമാനിക്കപ്പെടുകയെന്ന് ബൈബിള്‍തന്നെ വ്യക്തമാക്കിയിട്ടും പൗരോഹിത്യത്തിന്റെ സാമ്പത്തിക നേട്ടത്തിനും അപ്രമാദിത്തത്തിനും വേണ്ടിയുള്ള സത്യവിരുദ്ധ പ്രചാരണം നടത്തുന്ന വൈദീകരുടെ കുതന്ത്രങ്ങളെ തുറന്നുകാണിക്കാനുമുള്ള ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കാമ്പയിനും അന്ന് പ്രാരംഭം കുറക്കും  സിമിത്തേരികളിലെ കല്ലറ വില്‍പ്പനയിലൂടെ പുരോഹിതര്‍ നടത്തിവരുന്ന കൊള്ളയ്‌ക്കെതിരെയും സമ്മേളനം ചൂണ്ടുവിരലാകും. ഭൂമി വിലയുടെ ഇരുപതും മുപ്പതും മടങ്ങുവരെ പണം സ്വീകരിച്ചാണ് കല്ലറ കെട്ടാനുള്ള അവകാശങ്ങള്‍ കത്തോലിക്ക ദേവാലയങ്ങളില്‍ നല്‍കുന്നത്. ഈ ഭൂമിവില്‍പ്പനയില്‍ സര്‍ക്കാരിലേക്കടക്കേണ്ട നികുതിപോലും നല്‍കാതെയാണ് ഇടപാടുകള്‍ നടക്കുകയെന്നതും ആരും ശ്രദ്ധിക്കുന്നില്ല.

ആത്മീയ അടിമത്തത്തില്‍ നിന്നുള്ള മോചനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ആത്മീയ അടിമത്തത്തെ പൊളിച്ചെഴുതാന്‍ ജീവന്‍വരെ ഉപേക്ഷിച്ച യേശുവന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട സഭ ഈ ആധുനിക യുഗത്തിലും അന്ധവിശ്വാസങ്ങളുടെ വിളനിലമായി നിലനില്‍ക്കുന്നത് വൈകിയാണെങ്കിലും തിരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിശ്വാസ സമൂഹത്തെ നയിക്കുന്നതിന് വ്യാപകമായ പ്രചാരണങ്ങള്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തുടക്കം കുറിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി മൃതശരീരം വിട്ടുനല്‍കുക, മരണാനന്തരം അവയവദാനം നടത്തുക എന്നീകാര്യങ്ങളിലും വിശ്വാസികള്‍ തീരുമാനമെടുക്കും. ഇതിനായുള്ള ഫോമുകള്‍ സമ്മേളന സ്ഥലത്ത് പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യും.

14ന്  വൈകിട്ട് 4.00ന് ഹൈക്കോടതി ജംഗ്ഷനിലെ ഇപ്പന്‍ നഗറില്‍ (വഞ്ചി സ്‌ക്വയര്‍) നടക്കുന്ന പരിപാടിയില്‍ വൈദീകരും കന്യാസ്ത്രികളും പങ്കെടുക്കും. പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ പ്രഫ. ഇപ്പന്റെ മകള്‍ അഡ്വ. ഇന്ദുലേഖ ജോസഫ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും.  ഫാ. അഗസ്റ്റിന്‍ വട്ടോളി, സി. ടീന ജോസ് സി എം സി, തോമസ് മാത്യു റിട്ട ഐ എ എസ്, ജേക്കബ് മാത്യു, ജോസഫ് വെളിവില്‍, അഡ്വ. ജോസ് ജോസഫ്, അഡ്വ. വര്‍ഗീസ് പറമ്പില്‍, പ്രഫ. പോളികാര്‍പ്പ്, റെജി ഞെള്ളാനി, ജോര്‍ജ്ജ് ജോസഫ്, ആന്റോ കൊക്കാട്ട്, സ്റ്റാന്‍ലി പൗലോസ്, ലോനന്‍ ജോയ് തുടങ്ങിയവര്‍ പ്രസംഗിക്കും

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക