Image

ജനാഭിമുഖ കുര്‍ബാനയ്ക്കായി രൂപതകളുടെ സംയുക്ത പ്രതിഷേധം ഒരുങ്ങുന്നു

Published on 12 August, 2022
ജനാഭിമുഖ കുര്‍ബാനയ്ക്കായി രൂപതകളുടെ സംയുക്ത പ്രതിഷേധം ഒരുങ്ങുന്നു

 

കൊച്ചി: ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നു.  ഓഗസ്‌റ് 16 തീയതി വിവിധ രൂപതകളിലെ  വൈദീകരെയും അല്‍മായ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഐക്യരൂപ്യം ഐക്യത്തിലേക്കോ അനൈക്യത്തിലേക്കോ' എന്ന വിഷയത്തില്‍ സെമിനാറും യോഗവും സംഘടിപ്പിക്കുന്നു. സെമിനാറില്‍ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇന്നു ചേര്‍ന്ന സിറിയന്‍ കാത്തലിക് ലിറ്റര്‍ജിക്കല്‍ ഫോറം മീറ്റിംഗിലാണ് ഈ തീരുമാനം. 

യോഗത്തിന്  കണ്‍വീനര്‍ റവ. ഫാ. ജോണ്‍ അയ്യങ്കാനയില്‍   ആധ്യക്ഷത വഹിച്ചു. യോഗത്തില്‍ 3 രൂപതകളിലെയും വൈദീക പ്രതിനിധികള്‍ പങ്കെടുത്തു. സിറോ മലബാര്‍ സിനഡ് ഏകീകൃത കുര്‍ബാനഅര്‍പ്പണ രീതി അടിച്ചേല്‍പ്പിക്കുക വഴി സഭയില്‍ കൂടുതല്‍ ഭിന്നതയാണ് ഉണ്ടായിരിക്കുന്നത് എന്ന് യോഗം വിലയിരുത്തി. രൂപതകളിലെ  വൈദീകരും മെത്രാന്മാരും തമ്മിലും വൈദീകര്‍ക്കിടയിലും വൈദീകരും അല്‍മായരും തമ്മിലുള്ള ബന്ധം തകരുന്നതിന് സിനഡിന്റെ   തീരുമാനം കാരണമായി. പൊതുസമൂഹത്തില്‍ മെത്രാന്മാരോടുള്ള ആദരവിലും വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 

പുതിയ കുര്‍ബാന അര്‍പ്പണ രീതി അടിച്ചേല്‍പ്പിക്കപ്പെട്ട ഇരിങ്ങാലക്കുടയിലെയും തൃശ്ശൂരിലെയും ഇടവകകളില്‍ അജലനപരമായി അത് വന്‍ പരാജയമാണെന്ന്  അനുഭവങ്ങളിലൂടെ വൈദീകര്‍ പങ്കുവച്ചു.  കാറ്റെക്കിസം കുട്ടികളും യുവാക്കളും ദേവാലയ ശുശ്രൂഷകളില്‍ നിന്നും അകന്നുപോയതായും യോഗം നിരീക്ഷിച്ചു. ഇത്തരം വളരെ ഗൗരവമേറിയ വിഷയത്തില്‍  വൈദീകരോടും സന്യസ്തരോടും അല്‍മായരോടും കൂടിയാലോചനകള്‍ ഇല്ലാതെ  ഓണ്‍ലൈന്‍ സിനഡില്‍ തീരുമാനം എടുക്കരുത് എന്ന് 2021 -  ല്‍ ഓഗസ്റ്റ് മാസം 5 രൂപതകളിലെ വൈദീകരടങ്ങിയ ഈ ഫോറം ആവിശ്യപെട്ടത് സിനഡ് അന്ന് മുഖവിലയ്ക്ക് എടുത്തിരുന്നെങ്കില്‍ ഈ ദുര്‍ഗതി ഇന്ന് വരില്ലായിരുന്നു എന്ന് യോഗം നിരീക്ഷിച്ചു. 

തൃശ്ശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം- അങ്കമാലി എന്നീ രൂപതകളില്‍ നിന്നും സിനഡിലേക്ക് പ്രസ്തുത വിവരങ്ങള്‍ കാണിച്ചുകൊണ്ടും എത്രയും പെട്ടെന്ന് രണ്ട് കുര്‍ബാന അര്‍പ്പണ രീതികളും നൈയാമികമായി പ്രഖ്യാപിച്ചുകൊണ്ട് സഭയില്‍ ഐക്യവും സമാധാനവും പുനസ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ടും കത്ത് നല്‍കും. മാര്‍ ആന്റണി കരിയില്‍ പിതാവിന്റെ നിര്‍ബന്ധിത രാജിയെ യോഗം അപലപിച്ചു.  നൂറുകണക്കിന് വൈദീകരും അല്‍മായരും ജനാഭിമുഖ കുര്‍ബാനയ്ക്ക് വേണ്ടി ഒപ്പിട്ട് നല്‍കിയ നിരവധി നിവേദനകളേയും പ്രതിഷേധറാലികളെയും അവഗണിച്ചസിനഡ് ഇനിയെങ്കിലും എറണാകുളത്ത് നടന്ന വിശ്വാസികളുടെ മഹാസംഗമത്തില്‍ പങ്കെടുത്ത ദൈവജനത്തിന്റെ സ്വരത്തെ ദൈവസ്വരമായി വിവേചിച്ചറിയുമെന്ന് യോഗാഗംങ്ങള്‍ പ്രതീക്ഷ രേഖപ്പെടുത്തി.  2022 ഓഗസ്‌റ് 16 തീയതി വിവിധ രൂപതകളിലെ  വൈദീകരെയും അല്‍മായ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഐക്യരൂപ്യം ഐക്യത്തിലേക്കോ അനൈക്യത്തിലേക്കോ' എന്ന വിഷയത്തില്‍ സെമിനാറും യോഗവും സംഘടിപ്പിക്കുന്നതാണ്. സെമിനാറില്‍ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടുതല്‍ പ്രവര്‍ത്തന പദ്ധതികളോടെ നിലപാട് ശക്തമാക്കാന്‍ യോഗം തീരുമാനിച്ചുതായി സെക്രട്ടറി ഫാ. രാജന്‍ പുന്നക്കല്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക