Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 12 August, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് സിപിഎം ഏറ്റെടുക്കുന്നു. ശക്തമായ വിമര്‍ശനമാണ് ഇന്ന് ഗവര്‍ണ്ണര്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. ഗവര്‍ണ്ണര്‍ സംസ്ഥാന ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ഗുരുതരമായ വിമര്‍ശനവും കോടിയേരി നടത്തി.ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചത്. ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധമായാണ് ഇടപെടുന്നത്. ബോധപൂര്‍വം ഗവര്‍ണര്‍ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 
******************************************
ലൈംഗിക പീഡന കേസുകളിലെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. അതിജീവിതയ്ക്ക് സമ്മര്‍ദ്ദമുണ്ടാകാത്ത വിധത്തിലാവണം വിചാരണയെന്ന് കോടതി നിര്‍ദ്ദേശിച്ചു. പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണം. അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന സാഹചര്യം ഉണ്ടാകരുത്. പറ്റുമെങ്കില്‍ ഒറ്റ സിറ്റിംഗില്‍ തന്നെ അതിജീവിതയുടെ വിസ്താരം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
*********************************************
ലോകായുക്ത നിയമനിര്‍മ്മാണ വിഷയത്തില്‍ ഇടഞ്ഞു നിന്ന സിപിഐ അയയുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ മറ്റൊരു ബദല്‍ നിര്‍ദ്ദേശം സിപിഐ മുന്നോട്ട് വച്ചിരിക്കുകയാണ്. ലോകായുക്ത വിധിയുടെ നടത്തിപ്പിന് സ്വതന്ത്രമായ ഉന്നതസമിതി രൂപീകരിക്കണം. അന്തിമ തീരുമാനം സര്‍ക്കാരിന് നല്‍കുന്നതിന് പകരം ഈ ഉന്നത സമിതിക്ക് വിടണമെന്നുമാണ് നിര്‍ദ്ദേശം.
*******************************************
ബിഹാറില്‍ മന്ത്രിസഭ രൂപികരണം സംബന്ധിച്ച് ആര്‍ജെഡി-ജെഡിയു ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും, ഓഗസ്റ്റ് പതിനെഞ്ചിന് ശേഷമാകും ബിഹാറില്‍ മന്ത്രിസഭ രൂപീകരണം ഉണ്ടാകുക.  പതിനെട്ട് മന്ത്രിമാര്‍ ആര്‍ജെഡിയില്‍ നിന്നും പതിമൂന്നോ പതിനാലോ മന്ത്രിമാര്‍ ജെഡിയുവില്‍ നിന്നും ആയിരിക്കും. കോണ്‍ഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരൂ മന്ത്രി സ്ഥാനവുമാകും ലഭിക്കുക.
******************************************
രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോരെന്ന് സിപിഎം. സമഗ്ര മാറ്റത്തിന് നിര്‍ദേശം നല്‍കി.  ജനകീയ പിന്തുണ നേടാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്നും കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ എല്ലാവര്‍ക്കും നീതി ഉറപ്പാക്കണം. മന്ത്രിമാര്‍ ഓഫീസില്‍ മാത്രം കേന്ദ്രീകരിക്കരുത്. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യണം. ഓണ്‍ലൈന്‍ പരിപാടികള്‍ കാരണം ജനകീയ ഇടപെടല്‍ കുറയരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. 
***********************************************
കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയായ അമ്മയും ഇരയെന്ന് സുപ്രീംകോടതി. പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അമ്മയ്‌ക്കെതിരായ മകന്റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ച് കൂടെയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്. 
*************************************************
പാക്ക് അധിനിവേശകാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ പുലിവാല് പിടിച്ചു. പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തിനെക്കുറിച്ചുള്ള തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പാക്കിസ്ഥാന്‍ ആക്രമിച്ച് കീഴടക്കിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് ജലീല്‍ വിവാദം സൃഷ്ടിച്ചത്.
**********************************************
കരിവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. മരിച്ച ഇടപാടുകാരുടെ രേഖകള്‍ ഉപയോഗിച്ച് വ്യാജ വായ്പാ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പാണ് കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക