Image

ഇത് കൈവിട്ട കളി ; ഗവര്‍ണ്ണര്‍  സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി

ജോബിന്‍സ് Published on 12 August, 2022
ഇത് കൈവിട്ട കളി ; ഗവര്‍ണ്ണര്‍  സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി

സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് സിപിഎം ഏറ്റെടുക്കുന്നു. ശക്തമായ വിമര്‍ശനമാണ് ഇന്ന് ഗവര്‍ണ്ണര്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. ഗവര്‍ണ്ണര്‍ സംസ്ഥാന ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ഗുരുതരമായ വിമര്‍ശനവും കോടിയേരി നടത്തി. 

ലോകായുക്ത നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചത്. ഗവര്‍ണര്‍ ജനാധിപത്യ വിരുദ്ധമായാണ് ഇടപെടുന്നത്. ബോധപൂര്‍വം ഗവര്‍ണര്‍ കൈവിട്ട് കളിക്കുകയാണ്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. മറ്റ് പല സംസ്ഥാനങ്ങളിലും ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാറിനെ താഴെയിറക്കിയിട്ടുണ്ട്. കേരളത്തിലും അതിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണറുടെ ഇടപെടലിന്റെ കാഠിന്യം കൂടിയിരിക്കുകയാണ്. പ്രധാന ഓര്‍ഡിനന്‍സുകള്‍ പോലും തടസപ്പെടുത്തുകയാണ്. ഓര്‍ഡിനന്‍സ് പ്രശ്നത്തില്‍ സഭ സമ്മേളിക്കേണ്ട സ്ഥിതി വന്നു. ഇത്തരത്തിലാണെങ്കില്‍ ഭരണഘടനാനുസൃതമായി സര്‍ക്കാരിനും ഇടപെടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പിടാന്‍ വിസമ്മതിച്ചതിന്റെ കാരണം ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

രാജ്യത്ത് ആകെയുള്ള ഏക ഇടത് സര്‍ക്കാരാണ് കേരളത്തിലേത്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. സര്‍ക്കാരിനെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക