Image

സീറോ മലബാര്‍ സിനഡ് ചാന്‍സലറുടെ വിശദീകരണ കുറിപ്പിന് മറുപടിയുമായി അതിരൂപത സംരക്ഷണ സമിതി

Published on 11 August, 2022
സീറോ മലബാര്‍ സിനഡ് ചാന്‍സലറുടെ വിശദീകരണ കുറിപ്പിന് മറുപടിയുമായി അതിരൂപത സംരക്ഷണ സമിതി

 

കൊച്ചി: സീറോ മലബാര്‍ സഭാ സിനഡും എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയും തമ്മിലുള്ള ഭിന്നത നേര്‍ക്കുനേര്‍. അതിരൂപതയിലെ ഭൂമി ഇടപാടിനെയും മറ്റ് പ്രശ്‌നങ്ങളില്‍ സിനഡ് എടുത്ത നിലപാടിനെയും ന്യായീകരിച്ച് കഴിഞ്ഞ ദിവസം സിനഡ് ചാന്‍സലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ ഇറക്കിയ വിശദീകരണ കുറിപ്പിന് മറുപടിയുമായി അതിരൂപത സംരക്ഷണ സമിതി രംഗത്തെത്തി. 

മറുപടിക്കത്തിന്റെ പൂര്‍ണ്ണരൂപം:-


ഓഗസ്റ്റ് 6 2022 നു എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു വിശദീകരണ കുറിപ്പു മേജര്‍ അര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍ ഇറക്കിയത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം വിശദീകരണ കുറിപ്പ് എഴുതാന്‍ ചാന്‍സലറിന് എന്ത് അധികാരമാണുള്ളതെന്ന ചോദ്യം ഏറേ പ്രസക്തമാണ്. 35 രൂപതകളിലായി 50 ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ സഭയുടെ ആസ്ഥാനമാണ് കാക്കനാട്ടുള്ള മൗണ്ട് സെന്റ് തോമസ്. സാധാരണയായി സിനഡിന്റെ സെക്രട്ടറിയോ, പി.ആര്‍.ഓയോ ആണ് പത്രക്കുറിപ്പ് നല്കാറുള്ളത്. ചാന്‍സലര്‍ ഏത് അധികാരം ഉപയോഗിച്ചാണ് മേജര്‍ അതിരൂപതയുടെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് വാസ്തവ വിരുദ്ധമായ കുറിപ്പ് എഴുതി വിട്ടതെന്ന് അറിഞ്ഞാല്‍ കൊള്ളാം. അദ്ദേഹത്തെ മെത്രാന്മാരുടെ സിനഡോ മേജര്‍ ആര്‍ച്ചുബിഷപ്പോ അതിനു നിയോഗിച്ചതായി എഴുത്തില്‍ പറഞ്ഞിട്ടില്ല. വിശദീകരണക്കുറിപ്പിന്റെ ഉള്ളടക്കത്തില്‍ പറയുന്ന വിഷയങ്ങളില്‍ രാജ്യത്തിലെ വിവിധ കോടതികളില്‍ ക്രിമിനല്‍ സിവില്‍ കേസുകള്‍ നിലവിലുള്ളപ്പോള്‍ ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ത്തേണ്ടത് കോടതിമുറികളിലാണ്, അല്ലാതേ പത്രക്കുറിപ്പിലല്ല. വത്തിക്കാന്റെ സുപ്രീം ട്രൈബൂണലില്‍ പരിഗണനയ്ക്കു വച്ചിരിക്കുന്ന കേസുകളില്‍ വിധി പറയാന്‍ അച്ചന് ആധികാരിതയുണ്ടോ? എറണാകുളം-അങ്കമാലി മേജര്‍ അതിരുപതയുടെ ഇപ്പോഴത്തെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുടെ സ്വന്തം രൂപതക്കാരനായതിനാല്‍ അച്ചന്‍ അദ്ദേഹത്തിനു വേണ്ടി ചെയ്ത ഉപകാരമാണോ ഇത്തരം വിശദീകരണക്കുറിപ്പ്? ഏതര്‍ത്ഥത്തിലും ചാന്‍സലര്‍ ചെയ്തത് അധികാര ദുര്‍വിനിയോഗമായതിനാല്‍ അല്പമെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ ഇത്രയും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നിന്ന് ചെറുവത്തൂര്‍ അച്ചന്‍ എത്രയും വേഗം രാജിവയ്ക്കുകയാണ് വേണ്ടത്.
'കാര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ ഈ തീരുമാനത്തിനെതിരെ സഭയിലെ പരമോന്നത നീതിന്യായ സംവിധാനമായ അപ്പസ്‌തോലിക സിഞ്ഞത്തൂരയില്‍ അതിരൂപത സമിതികളുടെ നിര്‍ദ്ദേശപ്രകാരം കരിയില്‍ പിതാവ് അപ്പീല്‍ നല്‍കിയതായി അറിയുന്നു..' എന്ന് തുടങ്ങുന്ന ഒരു ഖണ്ഡിക ഈ കുറിപ്പിലുണ്ട്. കരിയില്‍ പിതാവ് ഭൂമി വിഷയവുമായി ബന്ധപ്പെട്ടു ഒരപ്പീലും സിഞ്ഞത്തൂരയില്‍ കൊടുത്തിട്ടില്ല എന്നിരിക്കെ, ഏതു വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത പദവിയിലിരിക്കുന്ന വൈദികന്‍ വസ്തുതാവിരുദ്ധമായ ഈ കാര്യം എഴുതിച്ചേര്‍ത്തിരിക്കുന്നത്? തെറ്റായ ഈ കാര്യത്തിന് മാപ്പു പറഞ്ഞ്‌കൊണ്ട് മറ്റൊരു വിശദീകരണകുറിപ്പ് ഇറക്കാനുള്ള ആര്‍ജ്ജവം ചെറുവത്തൂര്‍ അച്ചന്‍ കാണിക്കുമോ? വാസ്തവത്തില്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ ജൂണ്‍ 21 , 2021 ലെ കത്തിനെതിരെ എറണാകുളം രൂപതയുടെ കാനോനിക സമിതികളാണ് സിഞ്ഞത്തൂരയില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്, കരിയില്‍ പിതാവല്ല.
തുടര്‍ന്ന് ഈ വൈദികന്‍ എഴുതുന്നു. അപ്പീല്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്ന്. കാനോനിക സമിതികള്‍ കൊടുത്ത അപ്പീലിന്റെ തീരുമാനത്തിന് കാത്താണ് കാനോനിക സമിതികള്‍ ഇരിക്കുന്നത്. പക്ഷെ ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം മറ്റൊന്നാണ്: കാനോനിക സമിതി സിഞ്ഞത്തൂരയില്‍ കൊടുത്ത അപ്പീല്‍ മുന്നോട്ടു പോകാതിരിക്കാനല്ലേ ആര്‍ച്ചുബിഷപ് കരിയിലനെ കൊണ്ട് രാജി വെപ്പിച്ചതും ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തിനെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററാക്കിയതും. അപ്പോള്‍ അപ്പീല്‍ കൊടുത്ത കാനോനിക സമിതികളെ ഇല്ലാതാക്കി ഈ അപ്പീല്‍ തന്നെ ക്യാന്‍സല്‍ ചെയ്യാനാകുമെന്ന വക്രബുദ്ധിയല്ലേ ഇതിനു പിന്നില്‍? നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നവരാണ് സിനഡ് എങ്കില്‍, ഈ അപ്പീലുമായി മുന്നോട്ട് പോകാന്‍ ഇപ്പോഴത്തെ കാനോനിക സമിതി അംഗങ്ങളെ അനുവദിക്കാനുള്ള സാമാന്യ മര്യാദ ആര്‍ച്ചുബിഷപ് താഴത്തു കാണിക്കുമോ?
കുര്‍ബാന ഏകീകരണവും തന്റെ അധികാരങ്ങള്‍ കുറച്ചതുമായി ബന്ധപ്പെട്ടു കാര്‍ദിനാള്‍ സാന്ദ്രി 2022 ഫെബ്രുവരി മാസം തനിക്കയച്ച കത്തിലെ നൈയാമികമായ പോരായ്മകള്‍ ചൂണ്ടികാണിച്ചു കരിയില്‍ പിതാവ് സിഞ്ഞത്തൂരയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കാനന്‍ 1538 ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ തെറ്റായി വ്യാഖാനിച്ചത് ഈ അപ്പീലില്‍ പിതാവ് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. റോമിലേ ഏറ്റവും മിടുക്കരായ കാനന്‍ നിയമപണ്ഡിതരുമായി ചര്‍ച്ചചെയ്തു തന്നെയാണ് പിതാവ് ഈ അപ്പീലിലെ വാദങ്ങള്‍ നിരത്തിയിട്ടുള്ളതും. മാര്‍പാപ്പയുടെ മാര്‍ച്ച് 25-ാം തീയതിയിലെ കത്തിന്റെ സ്വഭാവവും കാനന്‍ 1538 മായി ബന്ധപ്പെട്ടു വന്നിട്ടുള്ള motu proprio കളും ജൂലൈ 3, 2021 നു മാര്‍പാപ്പ അയച്ച കത്തില്‍ വന്നിട്ടുള്ള പാളിച്ചകളും സിഞ്ഞത്തൂരയിലെ വാദത്തില്‍ വരും.

നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നവര്‍ വിധി വരാന്‍ കാത്തിരിക്കണം എന്ന് ഭൂമി വിഷയത്തില്‍ പറഞ്ഞ താങ്കള്‍ ഇക്കാര്യത്തില്‍ ആ കാത്തിരിപ്പിനു തയ്യാറാവാതിരുന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനെപ്പെറ്റിയും പെര്‍മെനന്റ് സിനഡിനെപ്പെറ്റിയും എന്താണ് മൗനമവലംബിക്കുന്നത്? സിഞ്ഞത്തൂരയില്‍ ആര്‍ച്ചുബിഷപ് കരിയില്‍ കൊടുത്ത അപ്പീലിന്റെ വാദം കഴിഞ്ഞു തീരുമാനം വന്നിട്ട് പോരായിരുന്നോ കരിയില്‍ പിതാവ് കാനന്‍ 1538 തെറ്റായാണോ ശരിയായാണോ വ്യാഖാനിച്ചതെന്നു പറഞ്ഞു പിതാവിനെതിരെ നടപടി എടുക്കാന്‍? കരിയില്‍ പിതാവ് സിഞ്ഞത്തൂരയില്‍ നല്‍കിയ അപ്പീല്‍ മുന്നോട്ട് പോകാതിരിക്കാന്‍ മാത്രമാണ് അദ്ദേഹത്തെ നിര്‍ബന്ധിച്ചു രാജി വെപ്പിച്ചതെന്നു ബോധമുള്ളവര്‍ക്കു മനസ്സിലാകും. ആ അപ്പീല്‍ കരിയില്‍ പിതാവിന് വേണ്ടി മുന്നോട്ടു കൊണ്ടു പോകാന്‍ ആര്‍ച്ചുബിഷപ് താഴത്തിനു ധൈര്യം ഉണ്ടോ?
ഈ രണ്ടു അപ്പീലുകളിലും കാര്യങ്ങള്‍ നടത്താന്‍ ആര്‍ച്ചുബിഷപ് താഴത്ത് ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന വൈദികരുടെ ഒരു കമ്മറ്റിയെ ചുമതലപ്പെടുത്താനും തയ്യാറാവണം. നീതിന്യായ വ്യവസ്ഥയിലെ നിങ്ങളുടെ അടിയുറച്ച വിശ്വാസം തെളിയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അതാണ്. ഈ വെല്ലുവിളി ആര്‍ച്ചുബിഷപ് താഴത്ത് ഏറ്റെടുക്കുമോ? ചാന്‍സലര്‍ തുടര്‍ന്നു എഴുതുന്നു: 'സഭയുടെ വിവിധ തലങ്ങളിലും സിനഡ് സമ്മേളനങ്ങളിലും ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നു വന്നിരുന്നു. 'സഭയുടെ ഈ വിവിധ തലങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ? ഏതൊക്കെ സിനഡ് സമ്മേളനങ്ങളില്‍ ആണ് ഈ ചര്‍ച്ച നടന്നതെന്ന് രേഖാമൂലം കാണിക്കാനാകുമോ? സഭാ സിനഡിന്റെ ഔദ്യോഗിക രേഖയായ സിനഡല്‍ ന്യൂസ് പ്രകാരം 2000 മുതല്‍ 2021 വരെ നടന്ന 44 സിനഡല്‍ സമ്മേളനങ്ങളില്‍ ആകെ മൂന്നേമൂന്ന് സമ്മേളനങ്ങളിലാണ് പേരിനെങ്കിലും കുര്‍ബാനയെപ്പറ്റി ചര്‍ച്ച നടന്നത്. അതും ഇത് നടപ്പാക്കുന്നതിനെപ്പെറ്റി ഏതെങ്കിലും തീരുമാനം കൈക്കൊണ്ടതായി പറയുന്നുമില്ല. പിന്നെ എന്തിന്റെ പിന്‍ബലത്തിലാണ് ഫാദര്‍ വിന്‍സെന്റ് ഇപ്രകാരം നുണ എഴുതുന്നത്?
ഫാ. വിന്‍സെന്റ് 2021 ജൂലൈ മൂന്നിന് മാര്‍പാപ്പ എഴുതിയ കത്തിനെപ്പെറ്റിയും പരാമര്‍ശിക്കുന്നുണ്ട്. ഇതൊരു കത്താണെന്നു ഇപ്പോഴെങ്കിലും അംഗീകരിച്ചല്ലോ. ജൂലൈയില്‍ ഈ കത്ത് പുറത്തിറ ങ്ങിയപ്പോള്‍, ഇത് മാര്‍പാപ്പയുടെ കല്പനയായി വ്യാഖാനിച്ചവരാണ് ഈ ചാന്‍സലര്‍ അടക്കം മൗണ്ട് സെന്റ് തോമസിലുള്ളവര്‍. 20 ജൂലൈ 2021 നു ഇതേ മൗണ്ട് സെന്റ് തോമസില്‍ നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടേതായി വന്ന 'സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥനാ മാസം' എന്ന സര്‍ക്കുലറില്‍ ഈ കത്തിനെ തിരുവെഴുത്തു എന്നാണ് വിശേഷിപ്പിച്ചത്. ഇത് തിരുവെഴുത്തും കല്പനയും ആയി വ്യാഖാനിച്ചാണല്ലോ സിനഡില്‍ മെത്രാന്മാരുടെ വായ മൂടിക്കെട്ടി ഏകീകൃത കുര്‍ബാന നടപ്പാക്കല്‍ തീരുമാനം സിനഡില്‍ എടുത്തത്. എന്റെ ചോദ്യം ഇതാണ്. എങ്ങനെയാണ് മാര്‍പാപ്പയുടെ പ്രസ്തുത കത്തില്‍ 'the Synodal decision of 1999 and the synod was repeatedly endorsed in the subsequent years' എന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം കയറിക്കൂടിയത്? ഇത് വസ്തുതാപരമായി തെറ്റാണെന്നിരിക്കെ ഇതിനെപറ്റി ഒരു വിശദീകരണം നല്കാന്‍ ഫാ. ചെറുവത്തൂരിനാകുമോ? ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന് പറ്റിയിട്ടില്ല. പിന്നെയാണ് ഫാദര്‍ ചെറുവത്തൂരിന്. തെറ്റായ വിവരം നല്‍കി മാര്‍പാപ്പയെകൊണ്ട് കത്ത് എഴുതിപ്പിച്ചും ആ കത്ത് ഉയര്‍ത്തിക്കാട്ടി പിതാക്കന്മാരുടെ വായടപ്പിച്ചും അല്ലേ 2021 ഓഗസ്റ്റ് സിനഡില്‍ നിങ്ങള്‍ ഈ തീരുമാനം എടുത്തത്? അവിഹിതഗര്‍ഭത്തിലൂടെ ഉണ്ടായ ഒരു കുഞ്ഞാണ് സിനഡല്‍ കുര്‍ബാന അടിച്ചേല്‍പ്പിക്കാന്‍ സിനഡ് എടുത്ത തീരുമാനമെന്നത് സാധാരണക്കാര്‍ക്കു പോലും ഇന്നറിയാം.
ആര്‍ച്ചുബിഷപ് കരിയില്‍ ഏപ്രില്‍ 6 , 2022 നു ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമുള്ള ഡിസ്പന്‍സേഷന്‍ എപ്രകാരമാണ് നിയമവിരുദ്ധമാകുന്നത് എന്ന് ഫാദര്‍ വിന്‍സെന്റിനു പറഞ്ഞു തരാന്‍ പറ്റുമോ? സിഞ്ഞത്തൂരയില്‍ ഇതുമായി ബന്ധപ്പെട്ടു അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ ഇതേപ്പറ്റിയുള്ള വാദമുഖങ്ങള്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല. കാനന്‍ നിയമത്തിന്റെ കൃത്യമായ ആപ്ലിക്കേഷന്‍ അനുസരിച്ചാണ് ആര്‍ച്ചുബിഷപ് കരിയില്‍ ആ സര്‍ക്കുലര്‍ പ്രകാരമുള്ള ഡിസ്പന്‍സേഷന്‍ നല്‍കിയിരിക്കുന്നത്. അത് സിഞ്ഞത്തൂരയില്‍ challenge ചെയ്യാന്‍ ആര്‍ച്ചുബിഷപ് താഴത്തും ചെറുവത്തൂര്‍ അച്ചനും പഠിച്ച കാനന്‍ നിയമം പോരാതെ വരും. അനുസരണത്തെപ്പെറ്റി പറഞ്ഞുകൊണ്ടാണ് വിശദീകരണ കുറിപ്പ് എറണാകുളത്തെ 'വിമതരെ' (ഓഗസ്റ്റ് 7, 2022 നു കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മഹാസംഗമത്തോടെ വിമതര്‍ ആരാണെന്നു പൊതുസമൂഹത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്) കുറ്റപ്പെടുത്തുന്നത്. എടുത്ത തീരുമാനം നിയമപരവും, പാലിക്കേണ്ട എല്ലാ നടപടികളും പാലിച്ചിട്ടുള്ളതും കള്ളക്കളികള്‍ ഇല്ലാത്തതും ആണെങ്കില്‍ മാത്രമേ അത് അനുസരിക്കേണ്ടതുള്ളൂ.

സിനഡ് കുര്‍ബാന നടപ്പാക്കാനുള്ള തീരുമാനത്തില്‍ കാനന്‍ നിയമത്തിന്റെ തെറ്റായ ആപ്ലിക്കേഷന്‍സ് ഉള്ളതിനാലും, സിനഡ് തന്നെ 2001-ലെ സിനഡില്‍ ഇത്തരം ലിറ്റര്‍ജിക്കാര്യങ്ങളില്‍ തീരുമാനം എടുക്കും മുന്‍പ് പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള നടപടികള്‍ പാലിക്കാത്തതിനാലും, ഈ തീരുമാനം എടുക്കുന്നതിനു കാരണമായി സിനഡ് തന്നെ പറയുന്ന ജൂലൈ 3, 2021 ലെ മാര്‍പാപ്പയുടെ കത്തില്‍ വസ്തുതപരമായ തെറ്റുകള്‍ ഉള്ളതിനാലും, ഈ തീരുമാനം അനുസരിക്കാന്‍ ആര്‍ക്കും ധാര്‍മ്മികമായി ബാധ്യതയില്ല.
കുര്‍ബാനയിലെ അവശ്യഘടമല്ലാത്ത ഒരു ചെറിയ ആചാരത്തിന്റെ കാര്യം എറണാകുളം അതിരൂപതയെ അച്ചടക്കം പഠിപ്പിക്കാന്‍ എന്ന ഉദ്ദേശ്യത്തോടെ മാര്‍പാപ്പയെക്കൂടി അനാവശ്യമായി വലിച്ചിഴച്ചു അനുസരണത്തിന്റെ പ്രശ്‌നമാക്കി മാറ്റിയത് ആരാണ്? ആ പാപക്കറയില്‍നിന്നു ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും അതിനു അവരെ പ്രേരിപ്പിച്ച പെര്‍മെനന്റ് സിനഡംഗങ്ങള്‍ക്കും അതിനു നേതൃത്വം കൊടുത്ത ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസിനും കൈ കഴുകാനാവില്ല. ധാര്‍ഷ്ട്യം കൊണ്ടും, വാശി കൊണ്ടും, കാലത്തിന്റെ അടയാളങ്ങള്‍ വായിക്കാനുള്ള കഴിവില്ലായ്മ കൊണ്ടും ഈ വിഷയം ഇത്രമാത്രം വഷളാക്കിയിട്ടു ഇനി പച്ചനുണകളുമായി വിശദീകരണ കുറിപ്പ് ഇറക്കിയിട്ടു എന്ത് കാര്യം!
സ്ഥലം വില്പനയുടെ കാര്യത്തില്‍ കുറ്റകൃത്യം ചെയ്തവരെ വെള്ളപൂശാന്‍ ചെറുവത്തൂര്‍ അച്ചന്‍ നടത്തിയ ശ്രമത്തില്‍ പക്ഷേ ചില സത്യങ്ങള്‍ കൂടി വിളിച്ചുപറയേണ്ടതായി വന്നു. അതിരൂപതയ്ക്ക് സ്ഥലം വില്പനയില്‍ കിട്ടേണ്ട തുക കിട്ടിയില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. പക്ഷേ വസ്തുനിഷ്ഠപരമായ ഏറെ തെറ്റുകള്‍ അച്ചന്‍ എഴുതിയിട്ടുണ്ട്. ആരെങ്കിലും ഈടു ഭൂമി നല്കുമ്പോള്‍ ആധാരം തീറെഴുതി കക്ഷിയുടെ കൈയില്‍ നിന്നും സ്ഥലത്തിന്റെ വില ഈടാക്കുമോ? ഇനി ഈടു ഭൂമിയാണെങ്കില്‍ ആധാരത്തിലെവിടെയെങ്ങിലും അതു സൂചിപ്പിക്കില്ലേ? കോട്ടപ്പടിയുടേയും ദേവികുളത്തിന്റേയും ആധാരങ്ങളില്‍ ഈ സൂചന ഒന്നു കാണിച്ചു തരുമോ? കോട്ടപ്പടി ഭൂമിയുടെ ആധാര വിലയായ 6 കോടി രൂപയ്ക്കു പുറമേ 9.385 കോടി രൂപ ജോസ് കുര്യന് അഡ്വാന്‍സ് നല്കിയിട്ടുണ്ടെന്ന കാര്യം ചെറുവത്തൂരച്ചന്‍ കണ്ടിട്ടില്ലായിരിക്കും. വാസ്തവത്തില്‍ നിങ്ങള്‍ ഈടു ഭൂമിയെന്നു പറയുന്ന കോട്ടപ്പടിയിലെ 25 ഏക്കര്‍ സ്ഥലത്തിനു അതിരൂപത നല്കിയിരിക്കുന്നത് 16 കോടിയോളമാണച്ചോ? എന്നു വച്ചാല്‍ സെന്റിന് ഏകദേശം 64000 രൂപ. എന്താ ഇതു പോരേ അച്ചോ ഈടു ഭൂമിക്ക് വില? ഇനി മറ്റൊരു പ്രസക്തമായ ചോദ്യം സാജു വര്‍ഗീസ് എന്ന ഇടനിലക്കാരനില്‍ നിന്നു കിട്ടാനുള്ള പണം തിരിച്ചു മേടിക്കാന്‍ എന്തിനാണു കോട്ടപ്പടി ഭൂമിയുടമയായ ജോസ് കുര്യന്റെ കൈയില്‍ നിന്നും ഭൂമി വാങ്ങുന്നത്? എവിടെയോ എന്തൊക്കൊയോ ചീഞ്ഞുനാറുന്നുണ്ടല്ലോ അച്ചോ?
ഇടനിലക്കാരന്‍ സാജുവര്‍ഗീസ് കര്‍ദിനാളിനെ പറ്റിച്ചു എന്ന് അച്ചന്‍ എഴുതിയിട്ടുണ്ടല്ലോ? കാനോനിക സമതികളില്‍ പലപ്പോഴും ഈ കാര്യം കര്‍ദിനാളിനോടു ചോദിച്ചിട്ടും പറ്റിച്ചവര്‍ക്കെതിരെ കേസുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴും എന്തിനാണ് കര്‍ദിനാള്‍ മൗനം പാലിച്ചത്. ഇനിയും കര്‍ദിനാളിന് സാജുവര്‍ഗീസിന്റെ പേരില്‍ കേസുകൊടുക്കാന്‍ സാധിക്കുകയില്ലേ? ഇനി സാജു വര്‍ഗീസാണ് സ്ഥലം കച്ചവടം നടത്താന്‍ ഇടനിലക്കാരനായി നിന്നത് എന്ന് അങ്ങ് സമ്മതിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം കാനോനിക സമിതികളില്‍ അന്നത്തെ പ്രോക്കുറേറ്റര്‍ വി.കെ ഏജന്‍സിയുടെ അജാസിനാണ് സ്ഥലം വില്പനയ്ക്കുള്ള സമ്മതം എഴുതി നല്കിയതെന്നാണ് അറിയിച്ചത്. പക്ഷേ ഒരു മാസത്തിനുള്ളില്‍ അജാസിനു പകരം സാജു വര്‍ഗീസ് ഇടനിലക്കാരനായി വന്ന കാര്യം കാനോനിക സമതികള്‍ അറിഞ്ഞിട്ടില്ലായിരുന്നു. ഇനി പണം താരാതെ ആരെങ്കിലും തന്റെ പക്കലുള്ള വസ്തു തീറാധാരം നല്കുന്നത് നാട്ടുനടപ്പാണോ അച്ചോ? അച്ചന്‍ തന്നെ പറയുന്നുണ്ടല്ലോ കിട്ടാനുള്ള പണം ഇതുവരെ കിട്ടിയിട്ടില്ലെന്ന്, എങ്കില്‍ അതിന്റെ ലോജിക്ക് എന്താണച്ചോ? സാജു വര്‍ഗീസിന് ഭാരതമാതാ കോളജിനു എതിര്‍വശത്തുള്ള 63 സെന്റ് സ്ഥലം നല്കിയത് നയാപൈസ വാങ്ങിക്കാതെയാണെന്ന കാര്യം അച്ചന്‍ കേസ് പഠിച്ചപ്പോള്‍ കണ്ടില്ലേ? പലതും കണ്ടിട്ടും കേട്ടിട്ടും അതെല്ലാം മറച്ചുവച്ചാണ് അച്ചന്‍ വിശദീകരണ കുറിപ്പ് എഴുതിയിരിക്കുന്നത്? ഇത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് ചെയ്യാവുന്ന കാര്യമാണോ അച്ചോ?
2017 ഏപ്രിലില്‍ നാലാം തീയതി കൂടിയ ആലോചന സമിതിയില്‍ കോട്ടപ്പടിയിലോ ദേവികുളത്തോ ഭൂമി വാങ്ങിച്ചോ എന്നു ചോദിച്ചപ്പോള്‍ കര്‍ദിനാളും പ്രോക്കുറേറ്ററും പുച്ഛത്തോടെ ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നല്ലേ പറഞ്ഞത്. പക്ഷേ, ദേവികുളത്തെ ഭൂമി 2017 ഫെബ്രുവരിയിലും കോട്ടപ്പടിയിലെ ഭൂമി 2017 ഏപ്രില്‍ 7-നുമാണ് വാങ്ങിയതെന്ന സത്യം ഞങ്ങള്‍ വൈദികര്‍ മനസ്സിലാക്കിയപ്പോഴാണ് എല്ലാം കെട്ടിപടുത്തത് നുണയുടെ മേലാണെന്ന് തിരിച്ചറിഞ്ഞത്. പിന്നേ ചോദിക്കട്ടേ അച്ചോ, ഇന്‍കം ടാക്‌സ് ടിപ്പാര്‍ട്ട്‌മെന്റ് രണ്ടു പ്രാവശ്യമായിട്ട് ഭൂമി കച്ചവടത്തിന്റെ കണക്കിന്മേലാണ് അതിരൂപയ്ക്ക് 5 കോടി 85 ലക്ഷം രൂപ ഫൈന്‍ ഇട്ടത്.

ഇന്‍കം ടാക്‌സ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ കൃത്യമായിട്ട് രേഖയുള്ളതല്ലേ? പല ആധാരങ്ങളിലും സ്ഥലത്തിന്റെ ഫെയര്‍ വാല്യുവിനേക്കാള്‍ കുറഞ്ഞ വില കാണിച്ചിരിക്കുന്നു. ദേവികുളം ഭൂമി വാങ്ങിച്ചതില്‍ കള്ളപണം ഉപയോഗിച്ചിട്ടുണ്ട്. ഇനി സ്ഥലം വാങ്ങിച്ചവരുടെ പക്കല്‍ നിന്നല്ല അതിരൂപതയിലേക്ക് പണം വന്നിരിക്കുന്നത്. ഇത്തരം ക്രമക്കേടുകളുടെ പേരിലല്ലേ ഫൈന്‍ വന്നിരിക്കുന്നത്. ഇതിനെയൊക്കെ എങ്ങനെയാണ് ന്യായികരിക്കുന്നത്? നൈപുണ്യ സ്‌കൂളിനു എതിര്‍വശത്തുള്ള ഭൂമി കച്ചവടത്തില്‍ വ്യാജപട്ടയമുണ്ടെന്ന കേസ് വിധിപറയാന്‍ കോടതിയില്‍ മാറ്റിവച്ചിരിക്കുന്ന കാര്യം ചെറുവത്തൂരച്ചന്‍ സൗകര്യപൂര്‍വം മറന്നു അല്ലേ?
ആര്‍ച്ചുബിഷപ് മാത്യു മൂലേക്കാട്ട് അദ്ധ്യക്ഷനായുള്ള മെത്രാന്മാരുടെ കമ്മിറ്റിയും ഫാ. ബെന്നി മാരാംപറമ്പില്‍ കമ്മിറ്റിയും കെ.പി.എം.ജി റിപ്പോര്‍ട്ട് അടങ്ങുന്ന പ്രൊഫ. ജോസഫ് ഇഞ്ചോടി കമ്മിറ്റിയും ഭൂമിയിടപാടില്‍ കാനോനികവും സിവിലുമായ ധാരാളം ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നല്ലോ. അതിന്റെ വെളിച്ചത്തിലല്ലേ വത്തിക്കാന്‍ കര്‍ദി. ജോര്‍ജ് ആലഞ്ചേരിയേ അതിരൂപതയുടെ ഭരണസംവിധാനത്തില്‍ നിന്നും മാറ്റി നിറുത്തി ബിഷപ് ജേക്കബ് മനത്തോടത്തിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. മാര്‍ മനത്തോടത്ത് ഇഞ്ചോടി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലേ 2019 ജൂണ്‍ 26 ന് കര്‍ദി. ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ നല്കിയ കത്തില്‍ ഭൂമി കച്ചവടത്തിലുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള സത്വര നടപടികള്‍ കൈകൊള്ളണമെന്ന് കൃത്യമായ് എഴുതിയിരുന്നു. എന്നിട്ട് ഇതുവരേ അതു നിര്‍വഹിച്ചുവോ? ആ ഉത്തരവാദിത്തം നല്കിയല്ലേ ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനെ മെട്രോപ്പോലിറ്റന്‍ വികാരിയായി നിയമിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച നഷ്ടപരിഹാര മാര്‍ഗങ്ങള്‍ എന്തുകൊണ്ടാണ് സ്ഥിരം സിനഡ് തള്ളിക്കളഞ്ഞതെന്ന് അച്ചന്‍ അന്വേഷിച്ചിട്ടുണ്ടോ? നഷ്ടപരിഹാരത്തിന് നിങ്ങള്‍ അന്നും ഇന്നും നിര്‍ദ്ദേശിക്കുന്നത് ഒരൊറ്റ ഫോര്‍മുലയല്ലേ, കോട്ടപ്പടി ഭൂമി നിങ്ങള്‍ ഉറപ്പിക്കുന്ന വിലയ്ക്ക് നിങ്ങള്‍ പറയുന്ന വ്യക്തികള്‍ക്ക് അതിരൂപത വില്ക്കാന്‍ തയ്യാറാകണം അല്ലേ? അതായത് ഒരിക്കല്‍ കൂടി അതിരൂപതയേ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ കുടുക്കി നിങ്ങള്‍ക്കു രക്ഷപ്പെടണം, നിങ്ങളുടെ കൂടെയുള്ള റിയല്‍ എസ്റ്റേറ്റ്കാരെ രക്ഷിക്കുകയും ചെയ്യണം.
ഒടുവില്‍ ആര്‍ച്ചുബിഷപ് കരിയിലിനെയും നിങ്ങള്‍ തള്ളിക്കളഞ്ഞു. നിങ്ങളുടെ നുണകളുടേയും കളവുകളുടേയും ചതികളുടേയും ചേരുവകളാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടു കേസിനെ ഇത്ര വഷളാക്കിയത്. അതില്‍ ഏറ്റവും ഒടുവിലത്തേ വെള്ളപൂശലിന് സെന്റ് തോമസ് മൗണ്ടിലേ ചാന്‍സലറിന്റെ ഒപ്പ് ചാര്‍ത്തി ഔദ്യോഗികത നല്കിയതും ഭേഷായി. അതിനു തലവെച്ചു കൊടുത്ത വിന്‍സെന്റ് ചെറുവത്തൂരച്ചാ, മൗണ്ട് സെന്റ് തോമസിന്റെ ലെറ്റര്‍പാഡില്‍ ചാന്‍സലര്‍ അച്ചന്‍ ഔദ്യോഗികമായി നുണയെഴുതി പ്രചരിപ്പിച്ചാലും നുണകളെന്നും നുണകളായി അവശേഷിക്കും. ഭൂമിയിടപാടു കേസിലെ സത്യം അതിന്റെ രേഖകള്‍ നിഷ്പക്ഷമായി പഠിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. പക്ഷേ, തെറ്റ് ചെയ്തത് സഭയിലെ ഉന്നത അധികാരികളായതിനാല്‍ അവരെ എന്തുവില കൊടുത്തും രക്ഷിക്കണമെന്നു കരുതിയാല്‍ അവിടെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളും സോഷ്യല്‍ മാധ്യമങ്ങളില്‍ നുണയെഴുതി പ്രചരിപ്പിക്കുന്ന കൂലിത്തൊഴിലാളികളും നുണയ്ക്ക് കുടപിടിക്കുന്ന അധര്‍മികളും ഒത്തുച്ചേരും. ബൈബിളില്‍ പറയുന്നതുപോലെ 'ശവമുള്ളിടത്തു കഴുകന്മാര്‍ വന്നുകൂടും' (മത്താ 24, 28). പക്ഷേ, ഇത്തരം നുണകള്‍കൊണ്ട് ദൈവരാജ്യം ഇല്ലാതാവുകയില്ല. അതിന്റെ അടിസ്ഥാനം സത്യവും നീതിയും ധാര്‍മികതയുമാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനം

ഫാ. ജോസ് വൈലികടത്ത് (PRO)
അതിരൂപത സംരക്ഷണസമിതി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക