Image

മോദി-ഷെരീഫ് കൂടിക്കാഴ്ച സെപ്റ്റംബറിൽ ഉണ്ടാവുമെന്നു റിപ്പോർട്ട് 

Published on 11 August, 2022
മോദി-ഷെരീഫ് കൂടിക്കാഴ്ച സെപ്റ്റംബറിൽ ഉണ്ടാവുമെന്നു റിപ്പോർട്ട് 

 

ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച അടുത്ത മാസം ഉണ്ടായേക്കുമെന്നു സൂചന. നരേന്ദ്ര മോദിയും ഷെഹ്ബാസ് ഷെരീഫും തമ്മിലുള്ള ആദ്യ ഇടപെടൽ ആവും സെപ്റ്റംബർ 15-16 ഉസ്‌ബെക്കിസ്താനിലെ സമർഖന്ദിൽ നടക്കാൻ സാധ്യതയുള്ളത്. 

ഷാങ്ങ്ഹായ് സഹകരണ സംഘടനയുടെ (എസ് സി ഓ) ഉച്ചകോടിക്കു സമർഖന്ദിൽ ഇരു നേതാക്കളും എത്തുന്നുണ്ട്. കൂടിക്കാഴ്ച ഉണ്ടാവാൻ ഇടയുണ്ടെന്നു നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ചു പാക്ക് 'ഡെയ്ലി ജംഗ്' പത്രം റിപ്പോർട്ട് ചെയ്തു. 

എന്നാൽ ജൂലൈ 28 നു താഷ്‌ക്കന്റിൽ എസ്‌ സി ഓ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ പറയുന്നത് ഇന്ത്യ-പാക്ക് ഉച്ചകോടിക്ക് സാധ്യത ഇല്ലെന്നാണ്. 

ഏപ്രിലിൽ അധികാരമേറ്റ ഷെരിഫ് റഷ്യ, ചൈന, ഇറാൻ നേതാക്കളുമായും ചർച്ചകൾ നടത്തുമെന്ന് പത്രം പറഞ്ഞു. 

ഷെഹ്ബാസുമായി പ്രത്യേക അടുപ്പമൊന്നും മോദിക്കില്ല. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ നവാസ് ഷെരീഫുമായി സൗഹൃദം വളർത്താൻ മോദി ശ്രമിച്ചിട്ടുണ്ട്. 2015 ക്രിസ്മസ് ദിനത്തിൽ ലഹോറിലെ റായ്വീന്ദ് പാലസിൽ മോദി അപ്രതീക്ഷിതമായി എത്തിയെന്നു വലിയ വാർത്ത ആയിരുന്നു. കാബൂളിൽ നിന്നു മടങ്ങും വഴി ആയിരുന്നു നവാസിന് 66ആം ജന്മദിനാശംസകൾ നൽകാൻ മോദി പറന്നിറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് രണ്ടു നേതാക്കളും ഒന്നിച്ചാണ് ഹെലികോപ്റ്ററിൽ നവാസിന്റെ കൊട്ടാരത്തിലേക്കു പറന്നത്. 

രണ്ടര മണിക്കൂർ അവിടെ തങ്ങിയ മോദി നവാസുമായി ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്തു. നവാസിന്റെ പുത്രി മറിയം നവാസിന്റെ മകൾ മെഹ്റുന്നിസയുടെ വിവാഹവും അന്നായിരുന്നു. 

സമാധാന പ്രതീക്ഷ ഉയർത്തിയ ആ സന്ദർശനത്തിനു ശേഷം പക്ഷെ ഇന്ത്യ-പാക്ക് ബന്ധങ്ങളിൽ അകൽച്ചയുണ്ടായി. നവാസിനെ പിന്നീട് ഇമ്രാൻ ഖാൻ ഭരണകൂടം അഴിമതിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക