Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 11 August, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തെ പതിനാലാമത് ഉപരാഷ്ട്രപതിയാണ് അദ്ദേഹം സ്ഥാനമേറ്റത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍,സ്ഥാനമൊഴിയുന്ന എം .വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
****************************************
കിഫ്ബിക്കെതിരായ കേസില്‍ ഇഡി തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി. ഇരു കൂട്ടരുടേയും വാദങ്ങള്‍ കേട്ട ഹൈക്കോടതി പക്ഷെ
 ഇഡി നടപടികള്‍ക്ക് സ്റ്റേ നല്‍കിയില്ല.ഫെമ ലംഘനമെന്ന പേരിലുള്ള ഇ ഡി നടപടി നിയമവിരുദ്ധമാണെന്ന് തോമസ് ഐസക് വാദിച്ചു. എന്നാല്‍ സമന്‍സാണ് നല്‍കിയിരിക്കുന്നതെന്നും സഹകരിക്കണമെന്നും ഇഡി പറഞ്ഞു. ഇതിനിടെ ഇഡിക്കെതിരെ ഈ വിഷയത്തില്‍ നല്‍കിയിരിക്കുന്ന പൊതു താത്പര്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. 
**************************************
ജമ്മു കശ്മീരില്‍ ചാവേറാക്രമണം. സൈനീക ക്യാമ്പിലാണ് ചാവേറാക്രമണം ഉണ്ടായത്. സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി സംഭവത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രജൗരിയില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയുള്ള പര്‍ഗലിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
************************************
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡിയുടെ റെയ്ഡ് അവസാനിച്ചു. പ്രതികളുടെ വീട്ടിലും കരുവന്നൂര്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസിലുമായിരുന്നു റെയ്ഡ്. 20 മണിക്കൂറോളം നേരമാണ് റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ എട്ടു മണിയോടെ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ 3.30നാണ് അവസാനിച്ചത്. പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവില്‍ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണ സംഘം പരിശോധിച്ചു.
***************************************
വീണ്ടും വിവാദ പരാമര്‍ശവുമായി പി.സി. ജോര്‍ജ്. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെയാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. കേസിനെ തുടര്‍ന്ന് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമകളില്‍ അവസരം ലഭിച്ചു. അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു. നടിക്ക് മാത്രമാണ് കേസ് കൊണ്ട് ഗുണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പി.സി. ഇങ്ങനെ പറഞ്ഞത്. പരാമര്‍ശത്തെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകരോടും പി.സി. ജോര്‍ജ് ക്ഷോഭിച്ചു. 
***************************
നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. വീട്ടില്‍ വെച്ചാണ് പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചതായി മനസ്സിലായത്. ഇതിനുശേഷം നടന്ന ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊന്നതായി യുവതി സമ്മതിച്ചു. 
*****************************
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസുകളില്‍ നിന്ന് യുഎപിഎ ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.
**********************************
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ല്‍ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. 
**********************************
ലോകായുക്ത നിയമഭേദഗതിക്കെതിരായ എതിര്‍പ്പ് ആവര്‍ത്തിക്കാന്‍ സിപിഐ. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും മുമ്പ് ചര്‍ച്ച വേണമെന്ന് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടും. ഗവര്‍ണ്ണര്‍ ഉയര്‍ത്തിയ പ്രതിസന്ധി തീര്‍ക്കാന്‍ സഭ വിളിച്ച സര്‍ക്കാറിന് മുന്നിലെ അടുത്ത പ്രതിസന്ധിയാണ് സിപിഐയുടെ ഉടക്ക്. 
ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സിപിഐ ഉയര്‍ത്തിയത് കടുത്ത എതിര്‍പ്പാണ്.
************************************
കുഞ്ചാക്കോ ബോബന്‍ നായകനായ ' ന്നാ താന്‍ കേസ് കൊട് ' എന്ന സിനിമയ്‌ക്കെതിരെ സൈബര്‍ അറ്റാക്കും ബഹിഷ്‌കരണ ആഹ്വാനവും. സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകളില്‍ നിന്നാണ് ആക്രമണം. സിനിമയുടെ പരസ്യത്തില്‍ "വഴിയില്‍ കുഴിയുണ്ട് എന്നാലും തീയേറ്ററില്‍ വരണം" എന്ന വാചകം ഉപയോഗിച്ചതിനാണ് സൈബര്‍ അറ്റായ്ക്ക്. എന്നാല്‍ ഇത് സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വാക്യമാണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക