Image

നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാര്‍

Published on 10 August, 2022
നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാര്‍

 


പട്‌ന: നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2014ല്‍ നിന്ന് 2024ല്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകില്ല. 2014കാരന്‍ 2024ല്‍ ഉണ്ടാകില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം എന്നും നിതീഷ് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. എട്ടാമത്തെ തവണ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. വിശാല സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല എന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ വിമര്‍ശനങ്ങളെ നിതീഷ് തള്ളി. 2015ല്‍ എവിടെയായിരുന്നോ അവിടേക്ക് ബിജെപി എത്തുമെന്ന് നിതീഷ് മറുപടി നല്‍കി. ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാല സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. വിശാല സഖ്യ സര്‍ക്കാരിലെ 35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആര്‍ജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.  ഇന്ന് ഇരുവരുടെയും സത്യപ്രതിജ്ഞ മാത്രമാണ് നടന്നത്. വകുപ്പുകളില്‍ ചിത്രം തെളിയുന്നതോടെ മറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും. പുതിയ സഖ്യകക്ഷി സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാന്‍ ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തു വന്നു. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാര്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്ക് കൈമാറുമെന്നാണ് ധാരണ

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക