Image

കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം: അഞ്ച് എംഎല്‍എമാര്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍

Published on 10 August, 2022
കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം: അഞ്ച് എംഎല്‍എമാര്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍

 

കൊച്ചി: കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനെതിരെ അഞ്ച് എംഎല്‍എമാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഇഡി അന്വേഷണം അനാവശ്യമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇഡി ഇടപെടല്‍ വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഇഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ്, മുന്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്.

കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകര്‍ക്കാന്‍ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ വിമര്‍ശിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയുള്ളതാണ് മസാല ബോണ്ട്. ഇത് നിയമാനുസൃതമാണ്. ബൃഹത്തായ പദ്ധതികള്‍ നിസ്സാര കാരണത്താല്‍ തകര്‍ക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് താക്കീത് നല്‍കിയത് അടുത്ത കാലത്താണ്. കേന്ദ്ര-സംസ്ഥാന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന പ്രത്യേക സംവിധാനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇ ഡിയുടെ നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്നും പൊതുതാത്പര്യ ഹര്‍ജികളില്‍ കുറ്റപ്പെടുത്തുന്നു. ഹര്‍ജികള്‍ നാളെ ഹൈക്കോടതി ചീഫ് ജസ്‌റീസിന്റെ ബെഞ്ച് പരിഗണിക്കും.

ഇഡിയുടെ സമന്‍സ് പിന്‍വലിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നോട്ടീസുകള്‍ നിയമവിരുദ്ധമാണ്. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത  അന്വേഷണം ഇ ഡിയുടെ അധികാരപരിധിയ്ക്ക് പുറത്തുള്ളതാണ്. സര്‍ക്കാര്‍ പദ്ധതികളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും കിഫ്ബിക്കെതിരായ ഇഡിനീക്കം ഇതിന്റെ ഭാഗമെന്നും ഹര്‍ജിയില്‍ ഐസക് കുറ്റപ്പെടുത്തുന്നുണ്ട്.

വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസില്‍ എത്താനാവശ്യപ്പെട്ടാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നല്‍കിയത്. ഇത് രണ്ടാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഐസകിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. കിഫ്ബിക്ക് പണം സമാഹരിക്കുന്നതിനായി വിദേശത്ത് നിന്ന് ഫണ്ട്  സ്വീകരിച്ചതില്‍ അടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. എന്നാല്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണ് താനും സര്‍ക്കാരും പ്രവര്‍ത്തിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഐസക് നല്‍കുന്ന വിശദീകരണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക