Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 10 August, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാല സഖ്യ സര്‍ക്കാര്‍ അധികാരമേറ്റു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിതീഷ് കുമാര്‍ പറഞ്ഞു. 35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആര്‍ജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.
******************************************
നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2014ല്‍ നിന്ന് 2024ല്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാകില്ല. 2014കാരന്‍ 2024ല്‍ ഉണ്ടാകില്ല. 2024ലെ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം എന്നും നിതീഷ് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. എട്ടാമത്തെ തവണ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
*****************************************
ഗവര്‍ണ്ണര്‍ വിട്ടുവീഴ്ചക്കിലാതെ ഉറച്ചുനിന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്‍ പാസ്സാക്കാന്‍ കേരളാ നിയമസഭാ സമ്മേളനം ഓഗസ്റ്റില്‍ ചേരും. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. എന്നാല്‍ ഒക്ടോബറില്‍ സഭ സമ്മേളിക്കാന്‍ തീരുമാനിച്ചതാണെന്നും അസാധാരണ സാഹചര്യത്തില്‍ നേരത്തെ ചേരുന്നുവന്നെയുള്ളുവെന്നും നിയമമന്ത്രി പി. രീജീവ് പറഞ്ഞു.
*************************************
കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരളാ ബാങ്കില്‍ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സഹകരണ വകുപ്പ്  മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനിടെ കരുവന്നൂരിലെ പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി.
************************************
സംസ്ഥാന സര്‍ക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭയും. തീരമേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാന്‍ സമരക്കാരെ പൊലീസ് അനുവദിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരിധവാസം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
********************
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് നല്‍കാനാവില്ലെന്ന് ഹൈക്കോടതി. രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്. തനിക്കെതിരെ മൊഴിയില്‍ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്. എന്നാല്‍ രഹസ്യമൊഴി പൊതുരേഖ അല്ലെന്ന് കോടതി വ്യക്തമാക്കി. 
****************************
പാലക്കാട് ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യ പ്രിയയാണ് മരിച്ചത്. 24 വയസായിരുന്നു. കൊലപാതകത്തിന് ശേഷം അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. സൂര്യപ്രിയ സ്വന്തം വീട്ടില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. സുജീഷും സൂര്യപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
*******************************
വാളയാര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി. പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്ന പോലീസ് കണ്ടെത്തല്‍ ശരിവെച്ചു കൊണ്ടായിരുന്നു സിബിഐയുടെ കുറ്റപത്രം. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇപ്പോള്‍ കോടതിയുടെ നടപടി.
********************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക