Image

പ്രതിപക്ഷത്തിന്റെ ആഹ്ളാദത്തിനപ്പുറം ബിഹാറിൽ ചില പരുഷ സത്യങ്ങൾ 

പി പി മാത്യു  Published on 10 August, 2022
പ്രതിപക്ഷത്തിന്റെ ആഹ്ളാദത്തിനപ്പുറം ബിഹാറിൽ ചില പരുഷ സത്യങ്ങൾ 



 

നിതീഷ് കുമാർ ബിഹാറിൽ മുഖ്യമന്ത്രിയായി എട്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ത്യയിലെ പ്രതിപക്ഷത്തിന് ആഹ്ളാദിക്കാൻ വകയുണ്ട്. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിൽ ശിവ് സേനയെ പിളർത്തി കോൺഗ്രസും എൻ സി പിയും ഉൾപ്പെട്ട മഹാ വികാസ് അഗാഡി സർക്കാരിനെ വീഴ്ത്തിയതോടെ അജയ്യരായ ബി ജെ പിക്കു  ബിഹാർ സംഭവവികാസങ്ങൾ കനത്ത തിരിച്ചടിയാവുന്നു. ഹിന്ദി ബെൽറ്റിൽ 40 ലോക് സഭാ സീറ്റുള്ള സുപ്രധാന സംസ്ഥാനമാണ് അവർക്കു കൈവിട്ടു പോയത്.

കൈയിലിരിപ്പു കൊണ്ടാണെന്നൊക്കെ പറയാം. കാരണം, സഖ്യകക്ഷി ഭരണം നടക്കുമ്പോൾ സഖ്യകക്ഷിയെ പിളർത്തിയും കാലു വാരിയും മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾ ഒരിക്കലൂം ആശാസ്യമല്ല, ബുദ്ധിപരവുമല്ല. പണത്തിന്റെയും അധികാരത്തിന്റെയും കരുത്തിൽ എന്തുമാവാം എന്ന സമീപനം എക്കാലത്തും വിലപ്പോവില്ല. പ്രത്യേകിച്ച് കൂട്ടുകക്ഷി ഭരണത്തിൽ ഇത്തരം കളി കളിക്കുമ്പോൾ. 

എന്നാൽ അതിനപ്പുറം ചില നഗ്ന സത്യങ്ങളും ബാക്കി നിൽകുമ്പോൾ പുതിയ ഭരണത്തിന്റെ പോക്കെങ്ങനെ എന്നതാണ് കാണേണ്ടത്.  

നിതീഷ് കുമാർ എട്ടു പ്രാവശ്യം മുഖ്യമന്ത്രി ആയതു പല കുറി മറുകണ്ടം ചാടിയിട്ടാണ് എന്നതൊരു സത്യം മാത്രമാണ്. 2015ൽ ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡിയെ കൂട്ടു പിടിച്ച  നിതീഷ്  2017ൽ ഒരൊറ്റ ചാട്ടത്തിനു ബി ജെ പി സഖ്യത്തിലെത്തി. ലോക് സഭയിൽ എൻ ഡി എ യുടെ മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി, 2019ൽ -- ശിവ് സേനയ്ക്കും അകാലി ദളിനും പിന്നിൽ. ഇപ്പോഴിതാ വീണ്ടും എൻ ഡി എ സഖ്യത്തെ കുപ്പയിലെറിഞ്ഞു മടക്കം മഹാസഖ്യത്തിലേക്ക്.

2017ലെ ചാട്ടത്തിനു കാരണങ്ങൾ ഉണ്ടായതു ആർ ജെ ഡി നേതാക്കളുമായുള്ള ഭിന്നതകളിൽ നിന്നാണ്. പ്രത്യേകിച്ച് യുവാവായ തേജസ്വി (ഇപ്പോൾ 32). പ്രതിച്ഛായ കാത്തു സൂക്ഷിക്കുന്ന നേതാവാണ് നിതീഷ്. ലാലു പ്രസാദിന്റെ മക്കൾ പക്ഷെ അങ്ങിനെയല്ല. നിരവധി അഴിമതി കേസുകളിൽ ജയിലിൽ പോയ ലാലുവിനു ബിഹാറിലെ അധസ്ഥിത സമൂഹങ്ങൾക്ക് കരുത്ത് നൽകിയ ചരിത്രമുണ്ട്. ആർ  ജെ ഡി ശക്തമായി നിൽക്കുന്നതിന്റെ കാരണവും അതു തന്നെ. പക്ഷെ അതിനു വേണ്ടി കൈക്കൊണ്ട തീവ്ര നിലപാടുകൾ മറ്റു പലർക്കും സ്വീകാര്യമായില്ല. 

കടുത്ത ജാതി വികാരങ്ങൾ നിലനിൽക്കുന്ന ബിഹാറിൽ കാർഷിക വൃത്തിയിൽ ഏർപ്പെട്ടു ജീവിക്കുന്ന കുർമി ജാതിക്കാരനാണ് നിതീഷ്. എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോവുക എന്ന അദ്ദേഹത്തിന്റെ നയമാണ് ബിഹാറിൽ സമാധാനമുണ്ടാക്കിയതെന്നു നിരീക്ഷകർ പറയുന്നു. എന്നാൽ ലാലു പുത്രന്മാർ അധികാരം ലഭിച്ചപ്പോൾ അരാജകത്വത്തിന്റെ പ്രതീകങ്ങളായാണു മാറിയത്. 

ഇപ്പോൾ ഇവരൊക്കെ വീണ്ടും ഒന്നിക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്: പാഠം പഠിച്ചോ നിങ്ങൾ. ഇല്ലെങ്കിൽ ഈ ഭരണം സുഗമമായി എങ്ങിനെ മുന്നോട്ടു പോകും. 

നിതീഷിന്റെ ഉപമുഖ്യനായി വരുന്ന തേജസ്വി യാദവ് അടുത്ത വർഷത്തോടെ മുഖ്യമന്ത്രിയാകും എന്നൊരു ധാരണ ഇരുവരും തമ്മിൽ ഉണ്ടത്രേ. രോഗിയായ ലാലുവിന്റെ നിയന്ത്രണം പാർട്ടിയുടെ മേൽ ഇപ്പോഴുമുണ്ട് എന്നതു കൊണ്ട് ആർക്കെങ്കിലും തേജസ്വിയെ നിയന്ത്രിക്കാൻ കഴിയുമെന്ന് കരുതേണ്ട. അടിപിടിയും അലമ്പുമൊക്കെ പതിവുള്ള കുടുംബമാണത് എന്ന പഴയ ചരിത്രമുണ്ട്. തേജസ്വിയുടെ പിണങ്ങി നിൽക്കുന്ന ജ്യേഷ്‌ഠൻ തേജ് പ്രതാപ് മന്ത്രിസഭയിൽ ഉണ്ടാവുമോ എന്നു തന്നെ സംശയമാണ്. കഴിഞ്ഞ തവണ ഇരുവരും ഉപമുഖ്യമന്ത്രിമാർ ആയിരുന്നു.

ആഭ്യന്തര വകുപ്പ് കൂടി തേജസ്വി സംഘടിപ്പിക്കും എന്നാണറിവ്. അപ്പോൾ ബി ജെ പി നേതാക്കൾക്കെതിരെ ചില വേട്ടകൾ പ്രതീക്ഷിക്കാം.  

മധ്യപ്രദേശിലെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ഗവൺമെന്റിനെ കൂറുമാറ്റം സംഘടിപ്പിച്ചു മറിച്ചിട്ട ബി ജെ പി തന്നെയും ലക്‌ഷ്യം വയ്ക്കുന്നുണ്ടെന്നു നിതീഷിനു കുറേക്കാലമായി അറിയാമായിരുന്നു. കർണാടക മറ്റൊരു പാഠമായി. പിന്നെ മഹാരാഷ്ട്രയും. 

ജെ ഡി യു കേന്ദ്ര മന്ത്രിസഭയിൽ ചേരില്ല എന്നു നിതീഷ് 2019ൽ പ്രഖ്യാപിച്ചത് മോദി ഒരൊറ്റ മന്ത്രിസ്ഥാനമേ നൽകിയുള്ളൂ എന്നതു കൊണ്ടാണ്. എന്നാൽ 2021ൽ തന്റെ വിശ്വസ്തനായിരുന്ന ആർ സി പി സിംഗിനെ മോദി മന്ത്രിയാക്കിയപ്പോൾ നിതീഷിന് അതിന്റെ സിഗ്നൽ കിട്ടി. 

നിതീഷ് വെറുതെ ഇരുന്നില്ല. കഴിഞ്ഞ മാസം സിംഗിന്റെ രാജ്യ സഭാ കാലാവധി കഴിഞ്ഞപ്പോൾ നിതീഷ് അദ്ദേഹത്തിന് അതു  പുതുക്കി കൊടുത്തില്ല. അതോടെ നിതീഷിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ സിംഗ് ഏറ്റെടുത്തു. 

മഹാരാഷ്ട്രയിൽ ശിവ് സേനയെ പൊളിക്കുന്നതു കൂടുതൽ അത്യാവശ്യമായതു കൊണ്ട് ബി ജെ പി യുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞപ്പോഴാണ് നിതീഷിനു ശ്വാസം വിടാൻ സമയം കിട്ടിയത്. അദ്ദേഹം ഉടൻ ബദൽ നീക്കങ്ങൾ ആരംഭിച്ചു. ലാലു കുടുംബവുമായുള്ള ചർച്ച ആയിരുന്നു പ്രധാനം. പണ്ട് കാലു വാരിയതിനു ലാലുവിന്റെ ഭാര്യ റാബ്രി ദേവിയെ നേരിൽ കണ്ടു മാപ്പു ചോദിച്ചു. അധികാരം മടങ്ങി വരുമ്പോൾ എന്തിനതു ഉപേക്ഷിക്കണം എന്ന് മക്കളെ ഉപദേശിച്ചത് ദേവിയാണത്രെ. 

ലാലു കുടുംബത്തിന്റെ രീതികളാണ് ഇനി ബിഹാറിൽ ശ്രദ്ധിക്കേണ്ടത്. 

ബി ജെ പിക്ക് 2024 ലോക് സഭാ തിരഞ്ഞെടുപ്പിനു മുൻപ് ബിഹാറിൽ ഒരു പരിഹാരം കാണേണ്ടതുണ്ട്. കാരണം ബിഹാറും ബംഗാളും തമിഴ് നാടും കൂടി 122 ലോക് സഭാ സീറ്റുകളുണ്ട്. ബംഗാളിൽ അഴിമതി വിഷയങ്ങൾ പൊങ്ങി വന്നിട്ടുണ്ട്. തമിഴ് നാട്ടിൽ ഡി എം കെയെ തോറ്റു കളിയ്ക്കാൻ കഴിയാത്ത നിലയാണ്. അപ്പോൾ ബിഹാറിലെ 40 അതിപ്രധാനമാണ്. 2019ൽ നിതീഷ് കൂടെ നിന്നിട്ടും ബി ജെ പി നേടിയത് 17 സീറ്റാണ്. അതു പോരാ എന്നുള്ളതു കൊണ്ടു ബി ജെ പി സംസ്ഥാനത്തു ഊർജിതമായ തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കും. അതിനെ ഒറ്റക്കെട്ടായി നേരിടാൻ നിതീഷും തേജസ്വിയും  തുടർന്നും നിൽക്കുമോ എന്നതാണ് കാണേണ്ടത്. 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക