Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച(ജോബിന്‍സ്)

ജോബിന്‍സ് Published on 09 August, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച(ജോബിന്‍സ്)

ബിഹാറില്‍ നിര്‍ണാക രാഷ്ട്രീയ നീക്കങ്ങള്‍. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഈ തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിട്ടാണ് രാജി.
*************************************************
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്ന് ഭരണം നടത്തിയ 40 ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ പുതിയ മന്ത്രി സഭ അധികാരമേറ്റു. 18 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. 9 മന്ത്രിമാരെ വീതം ഷിന്‍ഡെ-ബിജെപി പക്ഷങ്ങള്‍ പങ്കുവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അടക്കമുള്ള മുന്‍ മന്ത്രിമാര്‍ പലരും പുതിയ മന്ത്രിസഭയിലും ഉണ്ട്.
************************************************
മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാല്‍ കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന പല ഡാമുകളും ഇപ്പോഴും അടയ്ക്കാന്‍ സാധിച്ചിട്ടില്ല. തുറന്ന ഡാമുകളില്‍ ജലം ഒഴുക്കിവിടുന്ന അളവ് കൂട്ടേണ്ടി വരികയും ചെയ്തു. ഡാമുകളില്‍ വലിയ തോതില്‍ വെള്ളം പുറത്തേക്ക് വിടുന്നുണ്ടെങ്കിലും മഴ മാറി നില്‍ക്കുന്നതിനാല്‍ ജനജീവിതത്തെ ഇതു കാര്യമായി ബാധിച്ചിട്ടില്ല.
***********************************************
മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മറുപടി. മുല്ലപ്പെരിയാറിന്റെ  കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട.അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ  ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്.മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയന്റെ  കത്തിനുള്ള മറുപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉറപ്പ് നല്‍കി.
***********************************************
ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നുമാണ് ശുപാര്‍ശ. ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ  അനുനയിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം നടക്കുന്നതിനിടെയാണ് ഗവര്‍ണ്ണറുടെ അധികാരം കുറയ്ക്കണമെന്ന് മറ്റൊരു ശുപാര്‍ശ.
**********************************************
തിരുവനന്തപുരം കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊലപാതകത്തില്‍ ചെന്നൈയില്‍ പിടിയിലായ പ്രതി ബംഗാള്‍ സ്വദേശി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിലെത്തിയ കേരളാ പൊലീസിന് ആര്‍പിഎഫ് പ്രതിയെ കൈമാറി. സെയ്താപേട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഇയാളെ ഹാജരാക്കും. ഇതിന് ശേഷം പ്രതിയെ കേരളത്തിലേക്ക് കൊണ്ടു വരും. നാളെ കോടതിയില്‍ ഹാജരാക്കാനാണ് നീക്കം.
******************************************
മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കുഴിയടയ്ക്കല്‍ ശരിയായ വിധത്തിലാണോയെന്ന് കളക്ടര്‍മാര്‍ ഉറപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്താന്‍ കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.
*****************************************
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് 14ന് രാത്രി യോഗം ചേരുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാര്‍ക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ പ്രത്യേക സമ്മേളനം ചേരാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവിന് മറുപടി കത്തും നല്‍കി.
**********************************************
തൃശൂരില്‍ നാല് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം. തെങ്ങിന്റെ മടലുകൊണ്ട് കുട്ടിയുടെ മുഖത്തും ദേഹത്തും അടിക്കുകയായിരുന്നു. കുന്നംകുളം തുവനൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരത്തില്‍ മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളും പരിക്കുകളുമുണ്ടായിരുന്നു. കുട്ടി കരഞ്ഞത് തന്റെ ഉറക്കം തടസ്സപ്പെടുത്തി എന്നു കാരണം പറഞ്ഞാണ് മര്‍ദ്ദിച്ചതെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക