Image

നിയമനവിവാദം; പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

ജോബിന്‍സ് Published on 09 August, 2022
നിയമനവിവാദം; പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

നിയമന വിവാദം തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്റ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി സര്‍ക്കാര്‍. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് നീട്ടിയത്. ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍ നീട്ടിയിരിക്കുന്നത്. 

നിലവില്‍ കേരള വര്‍മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് പ്രിയ. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ലഭിച്ചാല്‍ പ്രിയയ്ക്ക് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ നിയമനം കിട്ടും.

പ്രിയയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിച്ചത് വിവാദമായിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടി. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ചട്ടലംഘനമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി. സര്‍വകലാശാല വി സിയുടെ ഭാഗത്ത് നിന്ന് സ്വജനപക്ഷപാതം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.

ഈ പരാതിയെ തുടര്‍ന്നാണ് വിശദീകരണം തേടിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 27നാണ് കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് നിയമിതയായത്. വി സിയുടെ കാലാവധി നീട്ടുന്നതിനുമുന്‍പ് അഭിമുഖം നടത്തി പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക