Image

നിലപാട് കടുപ്പിച്ച് ഗവര്‍ണ്ണര്‍ ; ഓര്‍ഡിനന്‍സ് ഭരണം വേണ്ടെന്നു താക്കിത് 

ജോബിന്‍സ് Published on 08 August, 2022
നിലപാട് കടുപ്പിച്ച് ഗവര്‍ണ്ണര്‍ ; ഓര്‍ഡിനന്‍സ് ഭരണം വേണ്ടെന്നു താക്കിത് 

സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും ഗവര്‍ണ്ണര്‍. ഓര്‍ഡിനന്‍സ് ഭരണം വേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും കണ്ണുംപൂട്ടി ഒപ്പിടാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഒരുമിച്ച് ഓര്‍ഡിനന്‍സുകള്‍ തരുമ്പോള്‍ അവ പഠിക്കാന്‍ സമയം വേണം. കൃത്യമായ വിശദീകരണവും വേണം, ഒരുമിച്ച് തന്ന് തിരക്കുകൂട്ടേണ്ടതില്ല. ഓര്‍ഡിനന്‍സ് ഭരണം അഭികാമ്യമല്ല, പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഓര്‍ഡിനന്‍സുകള്‍ നിയമസഭയില്‍ എത്താത്തതില്‍ നേരത്ത ഗവര്‍ണ്ണര്‍ക്ക് ചീഫ് സെക്രട്ടറി കൂടുതല്‍ വിശദീകരണം നല്കിയിരുന്നു. ഒക്ടോബറില്‍ നിയമനിര്‍മ്മാണത്തിനായി പ്രത്യേക സഭാ സമ്മേളനം ചേരുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കഴിഞ്ഞ സമ്മേളനത്തിന്റെ അജന്‍ഡ ബജറ്റ് ചര്‍ച്ച മാത്രമായിരുന്നു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ഈ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

ലോകായുക്ത നിയമഭേദഗതി അടക്കം നിര്‍ണായകമായ 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ് . എന്നാല്‍ ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അയച്ച ഫയലുകളില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍. ചീഫ് സെക്രട്ടറി അര മണിക്കൂറോളം ചര്‍ച്ച നടത്തിയിട്ടും ഈ വിഷയത്തില്‍ ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെ ഓര്‍ഡിനന്‍സിലൂടെ നിലവില്‍ വന്ന നിയമഭേദഗതി റദ്ദാക്കപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക