Image

വിശ്വാസ സംരക്ഷണ മഹാസംഗമം പ്രതിജ്ഞ

Published on 07 August, 2022
വിശ്വാസ സംരക്ഷണ മഹാസംഗമം പ്രതിജ്ഞ

ഞങ്ങള്‍, എറണാകുളം-അങ്കമാലി അതിരൂപതയിലെ ദൈവജനം 2022 ആഗസ്റ്റ് 7 ന് കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ 
സമ്മേളന നഗരിയില്‍ വച്ച് എടുക്കുന്ന പ്രതിജ്ഞ:

എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസ ജീവിതത്തിലും ആത്മീയതയിലും ഞങ്ങളുടെ അമ്മയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ് ആരാധനക്രമമെന്ന പ്രമാണ രേഖയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്കു പകര്‍ന്നു തന്ന കൗണ്‍സിലിന്‍റെ തുറവിയും ചൈതന്യവും നിറഞ്ഞ പൂര്‍ണ ജനാഭിമുഖ കുര്‍ബാന മാത്രമേ ഞങ്ങളുടെ പള്ളികളില്‍ ഞങ്ങള്‍ അര്‍പ്പിക്കുകയുള്ളു. അതിരൂപതയിലെ ഞങ്ങളുടെ സ്വന്തമായിരുന്ന പിതാക്കന്മാരേ ഒന്നിനു പുറകേ ഒന്നായി പുറത്താക്കിയതും, രാജിവെപ്പിച്ചതുമായ സീറോ മലബാര്‍ സിനഡിന്‍റെയും പൗരസ്ത്യ കാര്യാലയത്തിന്‍റെയും നടപടികളെ ഞങ്ങള്‍ ശക്തിയുക്തം അപലപിക്കുന്നു. പ്രശ്നപരിഹാരം ലക്ഷ്യം വയ്ക്കാതെയുള്ള, ധാര്‍ഷ്ട്യത്തോടെയുള്ള അടിച്ചേല്പിക്കലുകളേയും, അടിച്ചമര്‍ത്തലുകളേയും ഞങ്ങള്‍ ശക്തിയുക്തം എതിര്‍ക്കുമെന്നും,  ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു. ജനാഭിമുഖ കുര്‍ബാന സീറോ മലബാര്‍ സഭയിലെ ലിറ്റര്‍ജിക്കല്‍ വേരിയന്‍റായി അംഗീകരിച്ചു തരുന്നതുവരെ ഞങ്ങള്‍ ഞങ്ങളുടെ പോരാട്ടം തുടരും.

ഞങ്ങളുടെ അതിരൂപതയെ ഉള്ളില്‍ നിന്നും കുത്തിയ വൈദികരെ താക്കോല്‍സ്ഥാനത്തിരുത്തി അതിരൂപതയെ വരുതിയില്‍ വരുത്താന്‍ ശ്രമിച്ചാല്‍ യാതൊരു കാരണവശാലും പുതിയ ഭരണസംവിധാനവുമായി ഞങ്ങളുടെ ഇടവകകള്‍ സഹകരിക്കുകയില്ല എന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു. മെത്രാന്മാര്‍ ദൈവജനത്തിനോടൊപ്പം നടക്കണമെന്ന് നിരന്തരം പറയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ഞങ്ങളും പറയുന്നു-ഞങ്ങളെ കേള്‍ക്കാതെ ഞങ്ങളുടെ അതിരൂപതയില്‍ അധിനിവേശത്തിന്‍റേയും അടിച്ചമര്‍ത്തലിന്‍റേയും രീതികള്‍ അവലംബിച്ചാല്‍ അതിനെതിരെ പോരാടി പ്രതികരിക്കാനും വേണ്ടിവന്നാല്‍ രക്തസാക്ഷിത്വം വരിക്കാനും ഞങ്ങള്‍ തയ്യാറാണെന്ന് ഇതിനാല്‍ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക