Image

വിശ്വാസ സംരക്ഷണ മഹാസംഗമം പ്രമേയം

Published on 07 August, 2022
വിശ്വാസ സംരക്ഷണ മഹാസംഗമം പ്രമേയം

എറണാകുളം-അങ്കമാലി അതിരൂപതയിലെ 320 ഓളം ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന ദൈവജനത്തിന്‍റെ വിശ്വാസ സംഗമ സമ്മേളനത്തില്‍ പാസ്സാക്കുന്ന പ്രമേയം:
ആഗസ്റ്റ് 8, 2022
എറണാകുളം-അങ്കമാലി അതിരൂപത ഞങ്ങളുടെ അമ്മയാണ്. അവളുടെ നന്മയും സുതാര്യതയില്‍ അധിഷ്ഠിതമായ സംസ്കാരവും ജനാഭിമുഖ കുര്‍ബാനയും മക്കളായ ഞങ്ങളെല്ലാവരും ഏറ്റുപറയുന്നു. ഇതിനെ അട്ടിമറിക്കുന്ന  ഏതൊരു പ്രവര്‍ത്തനത്തേയും ഞങ്ങള്‍ ശക്തിയുക്തം എതിര്‍ക്കും. ജനാഭിമുഖ കുര്‍ബാനയുടെ കാര്യത്തിലും ഭൂമിയിടപാടു വിഷയത്തിലും ആര്‍ച്ചുബിഷപ് ആന്‍റണി കരിയില്‍ പിതാവിന്‍റെ കാലത്ത് വത്തിക്കാന്‍ സുപ്രീം ട്രൈബൂണലില്‍ അതിരൂപത നല്കിയ കേസുകള്‍ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ നിര്‍ബന്ധമായും തുടരണം.  ഈ കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ ഞങ്ങള്‍ക്കു കൂടി വിശ്വാസമുള്ള കാനോന്‍ നിയമ പണ്ഡിതരായ ഞങ്ങളുടെ വൈദികരെ ഉള്‍പ്പെടുത്തി സമിതി രൂപികരിക്കണം. അതല്ലാതെ ഈ കേസുകള്‍ തമസ്കരിക്കാനുള്ള ഏതൊരു നീക്കത്തെയും ഇവിടത്തെ ദൈവജനം ശക്തമായി ചെറുക്കും. ഞങ്ങള്‍ക്ക് നീതി ലഭ്യമാക്കണം.

2018 -ല്‍  മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാന്‍ ആവശ്യപ്പെട്ട പ്രകാരം നിയോഗിച്ച പ്രൊഫ. ഇഞ്ചോടി കമ്മീഷന്‍റെയും കെ.പി.എം.ജിയുടെയും  റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വത്തിക്കാന്‍ തന്നെ നിശ്ചയിച്ച റെസ്റ്റിറ്റ്യൂഷന്‍ എത്രയും വേഗം നടപ്പിലാക്കാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപടി സ്വീകരിക്കണം. രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ പങ്കെടുത്ത അഭിവന്ദ്യ ജോസഫ് പാറേക്കാട്ടില്‍ പിതാവ് പകര്‍ന്നു തന്ന ജനാഭിമുഖ കുര്‍ബാനയുടെ ചൈതന്യം ഞങ്ങളുടെ പള്ളികളില്‍ നിന്ന് ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഒരു കാലത്തും സമ്മതിക്കില്ല. ജനാഭിമുഖ കുര്‍ബാന സീറോ മലബാര്‍ സഭയിലെ ലിറ്റര്‍ജിക്കല്‍ വേരിയന്‍റായി  അതിരൂപതയ്ക്ക് അംഗീകരിച്ചു തരുന്നതുവരെ ഞങ്ങള്‍ ഞങ്ങളുടെ പോരാട്ടം തുടരും. അതിരൂപതയുടെ ദൈനംദിന കാര്യങ്ങളില്‍ അതിരൂപതയ്ക്കു വേണ്ടി നിലപാടെടുക്കുന്നവരെ വച്ച് ഭരണം നിര്‍വഹിച്ചില്ലെങ്കില്‍ അതിരൂപതയുടെ ഭരണസംവിധാനത്തോടു ഞങ്ങള്‍ തുടര്‍ന്ന് സഹകരിക്കുകയില്ല. എറണാകുളം-അങ്കമാലി അതിരൂപതയുടെ ബസിലിക്കകളിലും, തീര്‍ത്ഥാടന കേന്ദ്രങ്ങളിലും,  ഫോര്‍മേഷന്‍ സെന്‍ററുകളിലും, സന്ന്യാസ ഭവനങ്ങളിലും, ഉള്‍പ്പെടെ എല്ലായിടത്തും ജനാഭിമുഖ കുര്‍ബാന മാത്രമേ ചൊല്ലാവൂ. ഇത് ഇവിടുത്തെ ദൈവജനത്തിന്‍റെ സംസ്കാരവും ചൈതന്യവുമാണ്. ഞങ്ങളുടെ പൂര്‍വികര്‍ പകര്‍ന്നു തന്ന അനന്യതയാണ്. ഞങ്ങളുടെ സ്വത്വബോധം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഏതൊരു ബാഹ്യശക്തിയേയും ശക്തമായി ഞങ്ങള്‍ ചെറുക്കും. ദൈവജനത്തോട് ഒപ്പം നിന്ന ഞങ്ങളുടെ പിതാക്കന്മാരെ, പ്രത്യേകിച്ച് ആര്‍ച്ചുബിഷപ് ആന്‍റണി കരിയിലിനെ കാരണം കാണിക്കല്‍ നോട്ടീസു പോലും നല്കാതെ രാജിവെപ്പിച്ച് പുറത്താക്കിയത് ഏറെ അനീതിപരവും വേദനാജനകവുമാണ്. ഭൂമിയിടപാടു ക്രമക്കേടുകളും കുര്‍ബാന അര്‍പ്പണ രീതിയിലെ പ്രതിസന്ധികളും വഴി ഏറെ മുറിവേറ്റ ഈ അതിരൂപതയിലെ ദൈവജനത്തിന്‍റെ പ്രശ്നങ്ങള്‍ ഗൗരവമായി കണക്കിലെടുക്കാതെ സീറോമലബാര്‍ സിനഡ് പിതാക്കന്മാരും  പൗരസ്ത്യ കാര്യാലയവും നടപ്പില്‍ വരുത്തിയ പുതിയ സംവിധാനം  ക്രൈസ്തവികതയ്ക്കു നിരക്കുന്നതോ മനുഷ്യത്വപരമോ അല്ല.

എല്ലാ പാരമ്പര്യങ്ങളിലേയും നന്മകളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം അന്ധമായ കല്‍ദായ വാദത്തെയും ക്രൂശിതനോടുള്ള അവഹേളനത്തെയും ഞങ്ങള്‍ തള്ളിപ്പറയുന്നു. അതിരൂപതയുടെ സത്യത്തിന്‍റെയും നീതീയുടെയും മേലുള്ള എല്ലാ അധിനിവേശങ്ങളേയും അടിച്ചമര്‍ത്തലുകളേയും ഞങ്ങളുടെ ജീവന്‍ കൊടുത്തും ഞങ്ങള്‍ പ്രതിരോധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക