Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച(ജോബിന്‍സ്)

ജോബിന്‍സ് Published on 07 August, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച(ജോബിന്‍സ്)

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി അന്‍പത് ഘനമീറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിട്ടു. പെരിയാറിന്‍രെ തീരത്തുള്ളവര്‍ക്ക് അപകടഭീഷണിയില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിഗമനം.
************************************
ഐ.എസ്.ആര്‍.ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. എസ്എസ്എല്‍വി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
***************************************
ഗവര്‍ണ്ണര്‍ - സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമാകുന്നു. നാളെ കാലാവധി അവസാനിക്കുന്ന 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണ്ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. നിലവില്‍ ഗവര്‍ണ്ണര്‍ ഡല്‍ഹിയിലാണ് ഉള്ളത്. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.ഫലത്തില്‍ നാളെ ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്സാകും. പഴയ ലോകായുക്ത നിയമം വീണ്ടും പ്രാബല്യത്തിലും വരും.
****************************************
കോഴിക്കോട് ജില്ലയില്‍ ഒരു യുവാവിനെ കൂടി കാണാതായതായി പരാതി. സംഭവത്തിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് നാദാപുരം സ്വദേശിയായ അനസ് എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ചാണ് ഇയാളുടെ മാതാവ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ചെക്യാട്ട് വാതുക്കല്‍ പറമ്പത്ത് റിജേഷ്( 35) നെ കാണാതായ സംഭവത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. 
**********************************
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ പത്തംനംതിട്ട ജില്ലാ സമ്മേളനം.മുഖ്യമന്ത്രി പിണറായി വിജയന്റെ അടി മയെ പോലെയാണ് കാനം പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണമുയര്‍ന്നത്. മന്ത്രി വീണാ ജോര്‍ജിനെതിരെയും വിമര്‍ശനമുയര്‍ന്നു. കോട്ടയത്ത് സിപിഎം കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനം കോട്ടയം ജില്ലാ സമ്മേളനത്തിലുയര്‍ന്നു. 
*********************************************
ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിര്‍ദേശം സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും മാസങ്ങളിലെ ആഘോഷങ്ങളിലും കടുത്ത നിയന്ത്രണം വേണം. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ നടപടി അനിവാര്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
************************************
തനിക്കെതിരെ ഇഡി നടത്തുന്ന നീക്കം മാധ്യമ ശ്രദ്ധ കിട്ടാനെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്. ഇടതുസര്‍ക്കാരിനെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് പരിപാടികള്‍ ഇല്ലെങ്കില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും തോമസ് ഐസക് പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇഡിയുടെ നടപടിയില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും വിവാദമാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
******************************
വടകരയില്‍ പോലീസ് കസ്റ്റഡിയിലേടുത്ത ആള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം കസ്റ്റഡി മരണം തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റേതാണ് കണ്ടെത്തല്‍ .സബ് ഇന്‍സ്പെക്ടര്‍ നിജീഷ്, സിപി ഒ പ്രജീഷ് എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസ് എടുത്തു.
*****************************
നെടുമ്പാശ്ശേരി ദേശീയ പാതയില്‍ റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റോഡിലെ കുഴികള്‍ മരണഗര്‍ത്തങ്ങളായി മാറുകയാണ്. ദേശീയ കുഴിയെത്ര, പിഡബ്ലൂഡി കുഴിയെത്ര, സംസ്ഥാന കുഴിയെത്ര എന്നതാണ് ഇവിടുത്തെ ചര്‍ച്ച. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയായാലും വീഴുന്നത് മനുഷ്യര്‍ തന്നെയാണ്. പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക