Image

'ദുര്‍മന്ത്രവാദം', നാഗ്പൂരില്‍ 5 വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നു

ജോബിന്‍സ് Published on 07 August, 2022
'ദുര്‍മന്ത്രവാദം', നാഗ്പൂരില്‍ 5 വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നു

ദുഷ്ടശക്തികളെ തുരത്താന്‍ 'ദുര്‍മന്ത്രവാദം' ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബന്‍സോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുട്യൂബറായ ചിംനെ കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ ഭാര്യക്കും 5 ഉം, 16 ഉം വയസ്സുള്ള പെണ്‍മക്കളോടൊപ്പം തകല്‍ഘട്ട് പ്രദേശത്തെ ഒരു ദര്‍ഗയില്‍ പോയിരുന്നു. അന്നുമുതല്‍ ഇളയ മകളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതായി സിദ്ധാര്‍ത്ഥിന് തോന്നി. മകള്‍ ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന് അയാള്‍ വിശ്വസിച്ചു. തുടര്‍ന്ന് ദുര്‍മന്ത്രവാദം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും അമ്മായിയും ചേര്‍ന്ന് രാത്രി സമയത്ത് ചടങ്ങുകള്‍ നടത്തുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ പിന്നീട് അവരുടെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കരയുന്ന പെണ്‍കുട്ടിയോട് പ്രതികള്‍ ചോദ്യം ചോദിക്കുന്നതും, ഒന്നും മനസിലാകാതെ നില്‍ക്കുന്ന കുട്ടിയേയും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് മൂന്ന് പ്രതികളും കുട്ടിയെ അതിക്രൂരമായി തല്ലുകയും മര്‍ദിക്കുകയും ചെയ്തു.

ബോധരഹിതയായി നിലത്തു വീണ കുട്ടി മരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രതി കുട്ടിയെ ദര്‍ഗയിലേക്ക് കൊണ്ടുപോയി. പിന്നീട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടു. ആശുപത്രിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ സംശയം തോന്നി ഇവരുടെ കാറിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

പിന്നീട് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പെണ്‍കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഫോട്ടോയില്‍ പതിഞ്ഞ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക