Image

ഇടുക്കി ഡാം തുറന്നു ; തീരങ്ങളില്‍ ജാഗ്രത

ജോബിന്‍സ് Published on 07 August, 2022
ഇടുക്കി ഡാം തുറന്നു ; തീരങ്ങളില്‍ ജാഗ്രത

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തി അന്‍പത് ഘനമീറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് ഇപ്പോള്‍. 

2383.53 ആണ് നിലവിലെ അപ്പര്‍ റൂള്‍ കര്‍വ്. പെരിയാര്‍ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. മുന്‍കരുതലായി 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്യാന്പ് തുടങ്ങാന്‍ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളില്‍ അനൗണ്‍സ്‌മെന്റും നടത്തി. 

അതേസമയം ഇടുക്കി ഡാമില്‍ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുകി വിടുന്നതെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 50 ക്യുമെക്‌സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തേക്കൊഴുക്കുക. അഞ്ച് ഷട്ടറുകളില്‍ ഒന്ന് മാത്രമാണ് തുറന്നത്. ജലനിരപ്പ് കൂടി പരിഗണിച്ച് ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക