Image

ഇന്ത്യയുടെ ആശങ്ക പരിഗണിച്ചു ശ്രീലങ്ക ചൈനീസ് കപ്പൽ വൈകിക്കുന്നു 

Published on 07 August, 2022
ഇന്ത്യയുടെ ആശങ്ക പരിഗണിച്ചു ശ്രീലങ്ക ചൈനീസ് കപ്പൽ വൈകിക്കുന്നു 



ചൈനയുടെ 'യുവാൻ വാങ് 5' എന്ന കപ്പൽ ശ്രീലങ്കയുടെ ഹംബെന്റോട്ടാ തുറമുഖത്തു പ്രവേശിക്കുന്നതു വൈകിക്കാൻ കൊളംബോ ആവശ്യപ്പെട്ടു. ചൈനയ്ക്കു നിയന്ത്രണമുള്ള തുറമുഖത്തു ഈ കപ്പൽ എത്തുന്നത് ചാരപ്പണിക്കാണെന്നു ഇന്ത്യ ആശങ്ക ഉയർത്തിയിരുന്നു. ഓഗസ്റ്റ് 11 നാണു കപ്പൽ എത്തേണ്ടിയിരുന്നത്. 

ശ്രീലങ്കൻ വിദേശകാര്യ  മന്ത്രാലയം  കൊളംബോയിലെ ചൈനീസ് എംബസിക്കു നൽകിയ കത്തിൽ ഇങ്ങിനെ പറയുന്നു: "യുവാൻ വാങ് 5 കപ്പലിന്റെ പ്രവേശനം മാറ്റി വയ്ക്കാൻ മന്ത്രാലയം അഭ്യർത്ഥിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ട്." 

ജനരോഷത്തെ തുടർന്ന് പലായനം ചെയ്ത പ്രസിഡന്റ് ഗോട്ടബായ രജപക്സെ ആണ് കപ്പൽ വരാൻ ജൂലൈ 12നു അനുമതി നൽകിയത്. ആഴ്ചകൾക്കു മുൻപേ തന്നെ ഇന്ത്യ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. സുരക്ഷാ വിഷയങ്ങളിൽ ആശങ്കയുള്ളതിനാൽ കപ്പലിന്റെ വരവ് അറിഞ്ഞതു മുതൽ നിരീക്ഷണം നടത്തുകയാണെന്ന് ഇന്ത്യ പറഞ്ഞു. 

രജപക്സെ കുടുംബത്തിന്റെ ഭൂമി ഉൾപ്പെട്ട പ്രദേശം വികസിപ്പിക്കാൻ ചൈനയ്ക്കു തുറമുഖം പാട്ടത്തിനു നൽകിയത് ഗോട്ടബായയുടെ മൂത്ത സഹോദരൻ മഹിന്ദ രജപക്സെ പ്രസിഡന്റായിരുന്ന കാലത്താണ്. ഇതിനു ശ്രീലങ്ക നൽകേണ്ട പണം അടയ്ക്കാൻ കഴിയാതെ വന്നതാണു രാജ്യത്തുണ്ടായ പ്രതിസന്ധിക്കു ഒരു കാരണം. 

അതു കൊണ്ടു തന്നെ കപ്പലിന്റെ വരവിനെതിരെ ശ്രീലങ്കയിലെ ജനങ്ങൾക്കിടയിലും രോഷമുണ്ട്. ഗോട്ടബായയുടെ കൊട്ടാരം കൈയടക്കിയ ജനക്കൂട്ടം ചൈനയ്ക്കു എതിരായും മുദ്രാവാക്യം വിളിച്ചിരുന്നു. ഇന്ത്യ ശ്രീലങ്കയ്‌ക്ക്‌ ഏറെ സഹായം എത്തിച്ചപ്പോൾ അങ്ങിനെയൊരു കാരുണ്യം ചൈനയിൽ നിന്ന് ഉണ്ടായതുമില്ല. 

ഗവേഷണ കപ്പലാണ് വരുന്നതെന്നു ചൈന പറയുന്നു. എന്നാൽ ഇതൊരു സൈനിക യാനമാണ്. ഇന്ത്യയും ശ്രീലങ്കയും 1987ൽ ഒപ്പു വച്ച കരാർ അനുസരിച്ച്‌, ഇന്ത്യൻ താൽപര്യങ്ങൾക്കു വിരുദ്ധമായി ശ്രീലങ്കയുടെ ഒരു തുറമുഖവും സൈനിക ആവശ്യങ്ങൾക്ക് ഒരു രാജ്യത്തിനും നൽകാൻ പാടില്ല.

ചൈനീസ് കപ്പൽ വരുന്നത് ഇന്ധനം നിറയ്ക്കാനും മറ്റു അത്യാവശ്യങ്ങൾക്കും മാത്രമാണെന്ന് ശ്രീലങ്ക ഇന്ത്യയെ അറിയിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക