Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച(ജോബിന്‍സ്)

ജോബിന്‍സ് Published on 06 August, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച(ജോബിന്‍സ്)

ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ നിന്നും ഉയരുകയും നീരൊഴുക്ക് ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം നാളെ തുറക്കും. രാവിലെ പത്തുമണിയോടെ ഡാം തുറക്കുമെന്നും 50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുകയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവിലെ ജലനിരപ്പ് 2382.88 അടിയാണ്. അര അടി കൂടി ഉയര്‍ന്നാല്‍ റൂള്‍ കര്‍വ് പരിധിയിലെത്തും. 
***********************************
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം. കേരളത്തില്‍ ഒരു മാസമായി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്ത് വാക്സിനേഷനും പരിശോധനകളും കൂട്ടണം. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
********************************
നെടുമ്പാശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. ദേശീയപാതകളിലെ കുഴികള്‍ അടയ്ക്കാന്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ ഓഫീസര്‍ക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടര്‍ക്കും കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയത്.
***********************************
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സര്‍ക്കാരിനെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയത് ചട്ട പ്രകാരമെന്ന് വിശദീകരിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കവരാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിച്ചു. സര്‍വ്വകലാശാലകളില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ചാന്‍സിലര്‍ സ്ഥാനത്ത് തുടരുന്നതെന്ന ഓര്‍മ്മപ്പെടുത്തലും ഗവര്‍ണ്ണറുടെ ഭാഗത്തുനിന്നുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി .
*********************************
പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദില്ലി വിമാനത്താവളം വഴിയാണ് ഇയാള്‍ കടന്നത്. വിദേശത്തുള്ള സ്വാലിഹിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
*********************************
നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന ആവശ്യവുമായി അതിജീവിതയും പ്രോസിക്യൂഷനും. സിബിഐ കോടതിക്കാണ് കേസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നത്. അതിനാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഇത് സംബന്ധിച്ച് ജഡ്ജി ഹണി എം. വര്‍ഗീസിന് മുന്നില്‍ അതിജീവിതയും പ്രോസിക്യൂഷനും അപേക്ഷ സമര്‍പ്പിച്ചു.
*************************************
സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍വീസ് കാലയളവിലെ ശൂന്യവേതന അവധി അഞ്ച് വര്‍ഷം മാത്രമായി വെട്ടിക്കുറച്ചു. നേരത്തെ അവധി 20 വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ അഞ്ച് വര്‍ഷത്തേക്കായി വെട്ടിക്കുറച്ചത്.ജീവനക്കാര്‍ അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നത് തടയാനാണ് പുതിയ നടപടി. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ നിലപാട്. 
***********************************
സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും  നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനനവും പുറപ്പെടുവിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക