Image

നാട്ടുവൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസ് ; കുറ്റപത്രം സമര്‍പ്പിച്ചു

ജോബിന്‍സ് Published on 06 August, 2022
നാട്ടുവൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ കേസ് ; കുറ്റപത്രം സമര്‍പ്പിച്ചു

നിലമ്പൂരില്‍ പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ച് 88-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 3,177 പേജുകളുള്ള കുറ്റപത്രമാണ് വെള്ളിയാഴ്ച നിലമ്പൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണം ആരംഭിച്ച് 90 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒഴിവാകും. 

നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്റഫാണ് പ്രധാന പ്രതി. കേസില്‍ ആകെ 12 പ്രതികളാണ് പ്രതിപ്പട്ടികയിലുള്ളത്. പന്ത്രണ്ടുപേരില്‍ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ക്കെതിരെ അഡീഷണല്‍ കുറ്റപത്രവും പൊലീസ് സമര്‍പ്പിക്കും. കേസില്‍ ആകെ 107 സാക്ഷികളാണുള്ളത്. ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളുമാണ് കുറ്റപത്രത്തില്‍ പൊലീസ് നിരത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ഫൊറന്‍സിക് ലാബില്‍നിന്ന് കിട്ടിയ പരിശോധനാ റിപ്പോര്‍ട്ടും കുറ്റപത്രത്തിലുണ്ട്.

മൈസൂര്‍ സ്വദേശിയായ നാട്ടുവൈദ്യനെ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫും സഹായി നൗഷാദും ചേര്‍ന്ന് കൊലപ്പെടുത്തി വെട്ടിനുറുക്കി ചാലിയാര്‍ പുഴയിലേക്കെറിയുകയായിരുന്നു. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത്. കേസിനാസ്പദമായ സംഭവം നടന്നത് 2020ലായിരുന്നു. കേസില്‍ പ്രതി നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്റഫ് ഒന്നര വര്‍ഷത്തിന് ശേഷമാണ് അറസ്റ്റിലായത്. ഷൈബിന്‍ നല്‍കിയ മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക