Image

മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

Published on 05 August, 2022
മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

 

തലശേരി: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത മാളിയേക്കല്‍ മറിയുമ്മ (97) അന്തരിച്ചു. തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ  തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാളിയേക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം രാത്രി എട്ടിന് അയ്യലത്തെ മസ്ജിദില്‍ ഖബറടക്കം നടക്കും.

മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്താണ് കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് മറിയുന്ന ഇംഗ്ലീഷ് പഠിച്ചത്. മതപണ്ഡിതനായ ബാപ്പ ഒ.വി  അബ്ദുല്ലയായിരുന്നു മറിയമ്മയുടെ ശക്തി. സമുദായത്തില്‍നിന്ന് വലിയ എതിര്‍പ്പ് നേരിട്ടപ്പോഴും മറിയുമ്മയെയും സഹോദരങ്ങളെയും അബ്ദുള്ള വിദ്യാഭ്യാസം  ചെയ്യിച്ചു.

സ്വാതന്ത്ര്യത്തിനുമുമ്പ് 1938 ലാണ് മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ചരിത്രത്തിന്റെ ഭാഗമാകാന്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയത്. മാംഗ്ലൂര്‍ നണ്‍സ്  നടത്തുന്ന തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിണ് ഇന്നത്തെ പത്താം ക്ലാസിനു തുല്ല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. ദി ഹിന്ദു പത്രം  വായിച്ച് ദിവസം തുടങ്ങുന്നതായിരുന്നു മറിയുമ്മയുടെ ശീലം.


 1943ലാണ് വിവാഹിതയായത്. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിളാസമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. സ്ത്രീകള്‍ക്കുവേണ്ടി തയ്യല്‍ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും നടത്തിയിട്ടുണ്ട്. തലശേരി കലാപകാലത്ത് നിരവധി കുടുംബങ്ങള്‍ക്ക് മാളിയേക്കലില്‍ അഭയം നല്‍കാന്‍ മുന്‍കൈയെടുത്തു. 1957ലെ തെരഞ്ഞെടുപ്പില്‍ വി.ആര്‍. കൃഷ്ണയ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഇടതുപക്ഷ പുരോഗമന ആശയങ്ങളുമായി സഹകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമായിരുന്നു.

ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ഒ.വി. അബ്ദുള്ള സീനിയര്‍-മാഞ്ഞുമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ വി.ആര്‍. മാഹിനലി (റിട്ട. മിലിട്ടറി റിക്രൂട്ട്മെന്റ് ഓഫീസര്‍). മക്കള്‍: മാളിയേക്കല്‍ ആയിഷ, അബ്ദുള്ള (അബ്ബാസ്, വ്യാപാരി), പരേതരായ മഷൂദ്, സാറ. മരുമക്കള്‍: മമ്മൂട്ടി (പെരുമ്പാവൂര്‍), മാണിക്കോത്ത് സാഹിദ, മഹിജ, പരേതനായ ഇ.കെ. കാദര്‍ (പാനൂര്‍). സഹോദരങ്ങള്‍: പരേതരായ കുട്ട്യാമു, നഫീസ, മഹമ്മൂദ്, മാഹിനലി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക