Image

സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദ് കൊല്ലപ്പെട്ടു ; മൃതദേഹം മറ്റൊരാളുടേതെന്ന് കരുതി സംസ്‌കരിച്ചു

ജോബിന്‍സ് Published on 05 August, 2022
സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദ് കൊല്ലപ്പെട്ടു ; മൃതദേഹം മറ്റൊരാളുടേതെന്ന് കരുതി സംസ്‌കരിച്ചു

കോഴിക്കോട്  പന്തിരിക്കരയില്‍ നിന്നും സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. കൊയിലാണ്ടി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റേതാണെന്ന് പൊലീസ് പറഞ്ഞു.

 മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ മൃതദേഹം നേരത്തെ കാണതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി  സംസ്‌കരിച്ചിരുന്നു. 

അന്ന് ദീപക്കിന്റെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മതദേഹം ദീപക്കിന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതും ഹന്ദു ആചാര പ്രകാരം ദഹിപ്പിച്ചതും. ഇത് ദീപക്ക് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് ദീപക്കിന്റെ ബന്ധുക്കളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ദീപക്കിന്റേതല്ല നദിയില്‍ നിന്നും കിട്ടിയ മൃതദേഹമെന്ന് മനസ്സിലായി. 

ഇതേ തുടര്‍ന്നാണ് ഇര്‍ഷാദിന്റെയാണോ എന്നറിയാന്‍ പരിശോധന നടത്തിയത്. ഇന്നലെയാണ് മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ പൊലീസ് ഡി.എന്‍.എ പരിശോധനക്കയച്ചത്. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നും കോഴിക്കോട് റൂറല്‍ എസ്പി ആവശ്യപ്പെട്ടിരുന്നു. ജൂലൈ ആറിനാണ് ഇര്‍ഷാദിനെ കാണാതായത്. ജൂലൈ 17നാണ് കൊയിലാണ്ടി പുഴയില്‍ നിന്നും മൃതദേഹം കിട്ടിയത്.

ഇര്‍ഷാദിന്റേത് കൊലപാതകമാണെന്നും ഇതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും പൊലീസ് പറയുന്നു. ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്നായിരുന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കേസില്‍ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മിര്‍ഷാദ് വയനാട് സ്വദേശികളായ, ഷെഹീല്‍,ജനീഫ്,സജീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ദുബായില്‍ നിന്ന് കഴിഞ്ഞ മെയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശമായി ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും തട്ടിക്കൊണ്ടുപോയവര്‍ അയച്ചിരുന്നു.

ഇര്‍ഷാദ് തങ്ങളുടെ വാഹനത്തില്‍ നിന്നും രക്ഷപെടുന്നതിനായി കൊയിലാണ്ടി പുഴയിലേയ്ക്ക് ചാടിയതായി അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. താമരശ്ശേരി സ്വദേശിയായ 916 നാസര്‍ എന്ന വ്യക്തിയാണ് ഇതിന്റെ സൂത്രധാരന്‍ എന്നാണ് പൊലീസിന്റെ നിദമനം. ഇയാള്‍ വിദേശത്താണ്. പിണറായി സ്വദേശി മുര്‍ഷിദാണ് ഈ കേസില്‍ ആദ്യം അറസ്റ്റിലായത്. ഇയാള്‍ നല്‍കിയ മൊഴിയനുസരിച്ചാണ് ശേഷിച്ചവരെ പിടികൂടിയത്. 

വിദേശത്ത് നിന്ന് കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്നും തടവില്‍ പാര്‍പ്പിച്ച കേന്ദ്രത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ, പുഴയില്‍ ചാടി രക്ഷപ്പെട്ടെന്നുമായിരുന്നു അറസ്റ്റിലായവരുടെ മൊഴി. കഴിഞ്ഞ മാസം 15 ന് പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക