Image

ഇഡിക്കെതിരെ ആരോപണവുമായി സഞ്ജയ് റാവത്ത് ;  താമസിപ്പിച്ചത് വായു സഞ്ചാരമില്ലാത്ത മുറിയില്‍

ജോബിന്‍സ് Published on 05 August, 2022
ഇഡിക്കെതിരെ ആരോപണവുമായി സഞ്ജയ് റാവത്ത് ;  താമസിപ്പിച്ചത് വായു സഞ്ചാരമില്ലാത്ത മുറിയില്‍

ഇ.ഡിക്കെതിരെ ആരോപണവുമായി സഞ്ജയ് റാവത്ത് . തന്നെ കസ്റ്റഡിയില്‍ താമസിപ്പിച്ചത് ജനലോ, വെന്റിലേഷന്‍ സൗകര്യമോ ഇല്ലാത്ത മുറിയിലാണെന്ന് അദ്ദേഹം ആരോപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു റാവത്തിന്റെ പരാതി.

പത്ര ചൗള്‍ ഭൂമി കുംഭകോണ കേസില്‍ ഞായറാഴ്ച രാത്രിയാണ് റാവത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു തന്നെ താമസിപ്പിച്ചത് ജനലോ, വെന്റിലേറ്ററോ ഇല്ലാത്ത മുറിയിലാണെന്ന് റാവത്ത് അറിയിച്ചത്.

റാവത്തിനെ എ.സി മുറിയിലാണ് താമസിപ്പിച്ചതെന്നും അതുകൊണ്ടാണ് മുറിക്ക് ജനലോ, വെന്റിലേറ്ററോ ഇല്ലാത്തതെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹിതെന്‍ വെനെഗോകര്‍ കോടതിയില്‍ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാല്‍ തനിക്ക് എ.സി ഉപയോഗിക്കാന്‍ പറ്റില്ലെന്നായിരുന്നു ഇതിന് റാവത്തിന്റെ മറുപടി.

അതേസമയം, റാവത്തിന്റെ കസ്റ്റഡി കാലാവധി കോടതി ആഗസ്ത് എട്ടുവരെ നീട്ടി. അതിനിടെ റാവത്തിന്റെ ഭാര്യ വര്‍ഷക്കും ഇ.ഡി നോട്ടീസ് അയച്ചു. പത്ര ചൗള്‍ ഭൂമി കുംഭകോണ കേസില്‍ തന്നെയാണ് നോട്ടീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക