Image

ചരിത്ര വിജയം , ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ടപതി

Published on 21 July, 2022
ചരിത്ര വിജയം , ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ടപതി

 

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തിരഞ്ഞെടുക്കപ്പെട്ടു.

ഗോത്രവിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണലില്‍ തന്നെ 50 ശതമാനത്തിലേറെ വോട്ട് നേടി മുര്‍മു മേധാവിത്വം പുലര്‍ത്തി. ഒരു റൗണ്ട് കൂടി എണ്ണാനുണ്ട്. 

എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയാണ് മുര്‍മു. പ്രതിപക്ഷ നിരയുടെ എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പരാജയം സമ്മതിച്ചു.

ജൂലൈ 25നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറായ മുര്‍മു, ഒഡീഷ സ്വദേശിയാണ്.

ഒന്‍പത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടുകളാണ് ഇനി എണ്ണാനുള്ളത്. വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു ബഹുദൂരം മുന്നിലായിരുന്നു. ആദ്യ റൗണ്ടില്‍ പാര്‍ലിമെന്റ് അംഗങ്ങളുടേയും രണ്ടാം റൗണ്ടില്‍ പത്ത് സംസ്ഥാനങ്ങളിലേയും അംഗങ്ങളുടെ വോട്ടാണ് എണ്ണിത്തീര്‍ന്നത്.

 മൂന്നു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുര്‍മുവിന്റെ വോട്ട് മൂല്യം 5,77,777 ആയി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിപക്ഷനിരയിലെ 17 എം.പിമാര്‍ ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്തു.ബിജെപിക്കും സഖ്യകക്ഷികള്‍ക്കും പുറമേ പ്രതിപക്ഷത്തെ ചില പാര്‍ട്ടികളുടെയും പിന്തുണ ദ്രൗപദി മുര്‍മുവിന് കിട്ടിയിരുന്നു.

രാഷ്​ട്രീയത്തിലെത്തുന്നതിന് മുമ്ബ് അധ്യാപികയായിരുന്നു. കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് റായ് രംഗ്പുര്‍ എന്‍.എ.സിയു​ടെ വൈസ് ചെയര്‍പേഴ്സണായി. ബി.ജെ.പി ടിക്കറ്റില്‍ 2000ത്തിലും 2009ലും രണ്ടുതവണ റായ് രംഗ്പൂര്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടു.

2000ത്തില്‍ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി ഒഡീഷ സര്‍ക്കാരില്‍ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2013 മുതല്‍ 2015 വരെ എസ്.ടി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു ദ്രൗപതി മുര്‍മു.

2015ല്‍ ഝാര്‍ഖണ്ഡിലെ ആദ്യ വനിത ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. ഝാര്‍ഖണ്ഡിലെ ഒമ്ബതാം ഗവര്‍ണറായിരുന്നു ഇവര്‍. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ​ഗോത്രവിഭാഗം വനിതയുമാണ് മുര്‍മു.

സാന്താല്‍ വംശജയായ 64കാരിയുടെ പേര് 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉയര്‍ന്നുകേട്ടിരുന്നു.

1958 ജൂണ്‍ 20നാണ് ജനനം.ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളജില്‍ നിന്നാണ് അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബിരുദധാരിയാണ്. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മു നേരത്തെ മരണപ്പെട്ടിരുന്നു. ഗോത്രവര്‍ഗ വിഭാഗമായ സന്താല്‍ വിഭാഗത്തില്‍ പെട്ടവരാണ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ഗോത്രവര്‍ഗ ജനതയ്ക്കിടയില്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ദ്രൗപദി മുര്‍മുവിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.

 

Join WhatsApp News
മാർജോരി ടൈലർ 2022-07-21 23:04:37
ഹോ വളരെ സന്തോഷം . സ്‌കൂൾ ടീച്ചർ ആയിരുന്നല്ലോ ! മണിയെപ്പോലെ 1,2, 3 അടിക്കലും പുളിച്ച തെറിയും വിളിച്ചു പറയില്ലെന്ന് വിചാരിക്കുന്നു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക