Image

ആരേയാണ് പേടിപ്പിക്കുന്നത് ; ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്ന് സതീശന്‍

ജോബിന്‍സ് Published on 21 July, 2022
ആരേയാണ് പേടിപ്പിക്കുന്നത് ; ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്ന് സതീശന്‍

ധൈര്യമുണ്ടെങ്കില്‍ കേസെടുക്കാന്‍ വെല്ലുവിളിച്ച് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും എതിരേ കേസെടുക്കണമെന്ന ഡിവൈഎഫ്ഐയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .'ആരെയാണ് കേസെടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്, എന്നെയോ? കെ. സുധാകരനെയോ? രണ്ട് കുട്ടികള്‍ പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ചപ്പോഴേക്കും ഭയപ്പെടാന്‍ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ എന്നാണ് ആലോചിക്കുന്നത്', വി.ഡി. സതീശന്‍ പറഞ്ഞു.

തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിചെറുതാക്കിയ ആള്‍ മന്ത്രിയായി തുടരുന്നതില്‍ മുഖ്യമന്ത്രിക്ക് നാണമില്ലെങ്കിലും കേരളത്തിന് നാണമുണ്ടെന്ന് വി.ഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ അടിവസ്ത്രം വെട്ടിച്ചെറുതാക്കിയിട്ട്് ഉമ്മന്‍ചാണ്ടിയുടെ കാലത്തെടുത്ത കേസാണെന്ന് പറഞ്ഞ് മന്ത്രി ആന്റണിരാജു ന്യായം പറയുകയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസ് പരാമര്‍ശിച്ചായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

മയക്ക് മരുന്ന് കേസില്‍പ്പെട്ട വിദേശിയെ രക്ഷിക്കാന്‍ വേണ്ടി കേട്ടാല്‍ നാണംകെടുന്ന, അറപ്പുളവാക്കുന്ന നടപടി നടത്തിയ ഒരാള്‍ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നതില്‍ നാണമില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്നേയെടുത്ത കേസാണെന്നാണ് പറയുന്നത്. കേസില്‍ സമയപരിധിക്ക് സ്ഥാനമില്ലെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക