Image

മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ്, മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും

Published on 20 July, 2022
 മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ്, മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും

തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍ മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാത്തത് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാറര്‍ വിചാരണ കോടതിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. 

മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ മോഷണ കേസില്‍ നിര്‍ണായക രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തൊണ്ടിമുതലില്‍ ആന്റണി രാജു കൃത്രിമത്വം കാണിച്ചത്.16 വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും തൊണ്ടി മുതല്‍ വാങ്ങിയതും നല്‍കിയതും ആന്റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല. അതേസമയം, തൊണ്ടിമുതല്‍ കേസില്‍ ജാമ്യത്തിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നുമാണ് ആന്റണി രാജു പ്രതികരിക്കുന്നത്. കേസിന്റെ കാര്യം തെരഞ്ഞെടുപ്പ് സമയത്ത് പരസ്യപ്പെടുത്തിയിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

കുറ്റപത്രം സമര്‍പ്പിച്ച് 16 വര്‍ഷം കഴിഞ്ഞിട്ടും ആന്റണി രാജു പ്രതിയായ കേസിലെ വിചാരണ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക