Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 20 July, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ വധശ്രമത്തിനും ക്രിമനല്‍ ഗൂഡാലോചനക്കും  കേസെടുക്കണമെന്ന് കോടതി ഉത്തരവ്.വലിയതുറ പൊലീസിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
************************************
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ പത്ത് മണിക്ക് പാര്‍ലമെന്റില്‍ നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് റെനില്‍ വിക്രമസിംഗയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോതബായ രാജപക്സെ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
************************************
മുന്‍ മന്ത്രി കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി. അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും നാളെ സത്യവാങ്മൂലത്തിനൊപ്പം അത് കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
********************************
ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലും മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുബൈറിനെ കസ്റ്റഡിയില്‍ വെക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലെന്നാണ് കോടതി പറഞ്ഞത്. സുബൈറിന് എതിരായ കേസുകള്‍ ദില്ലിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചെയ്യാനുള്ള അധികാരം ഏറ്റവും മിതമായി ഉപയോഗിക്കണമെന്നും കോടതി പരാമര്‍ശിച്ചു.
********************************
പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് ,ആന്റണി സര്‍ക്കാരിന്റെ  കാലത്ത് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന വിശദീകരണവുമായി മന്ത്രി ആന്റണി രാജു രംഗത്ത്. പ്രതിപക്ഷ ആരോപണം മന്ത്രി നിയമസഭയില്‍ തള്ളി. 2 റിപ്പോര്‍ട്ടുകള്‍ യുഡിഎഫ് ഭരണ കാലത്താണ് .കാള പെറ്റു എന്നു കേട്ട് കയര്‍ എടുക്കരുത്.ഒരു പോസ്റ്റിങ് പോലും കോടതിയില്‍ മാറ്റി വെച്ചിട്ടില്ല.ഇന്റര്‍പോള്‍ റിപ്പോര്‍ട്ടില്‍ പോലും  പേരില്ലെന്ന് ആന്റണി രാജു പരഞ്ഞു.കേസ് നീട്ടി വക്കാന്‍ താന്‍ ഇടപെട്ടു എന്നത് തെളിയിക്കാന്‍ ,പ്രതിപക്ഷ നേതാവിനെ അദ്ദേഹം വെല്ലുവിളിച്ചു. 
******************************
പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സിഎജി. കിഫ്ബി  വായ്പയെ കുറിച്ച് പരാര്‍മര്‍ശിക്കുന്ന റിപ്പോര്‍ട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 8604.19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു, പെന്‍ഷന്‍ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. ഈ രണ്ട് ഇനങ്ങളിലായി 9273.24 കോടി രൂപ ബജറ്റിന് പുറത്ത് ആകെ കടം എടുത്തതായും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായാണ് സിഎജിയുടെ കണ്ടെത്തല്‍.
*****************************
സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിച്ചു. ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കേരളത്തില്‍ കേസ് നടന്നാല്‍ അത് അട്ടിമറിക്കാപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഇ ഡിയുടെ പുതിയ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കേരളത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണ ലഭിക്കുന്നില്ലെന്നും ഇഡി പറയുന്നു.
*******************************
കെ.കെ. രമയ്ക്കെതിരായ വിവാദ പരാമര്‍ശം മുന്‍ മന്ത്രി എംഎം മണി പിന്‍വലിച്ചു. നിയമസഭയില്‍ സ്പീക്കറുടെ റൂളിംഗിന് പിന്നാലെയാണ് നടപടി. ഇതിന് പിന്നാലെയാണ് എം എ മണി സഭയില്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചത്.ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് കെ കെ രമയുടെ വിധിയാണന്ന് രീതിയില്‍ എം എം മണി ജൂലായ് 14 ന് സഭയില്‍ നടത്തിയ പരാമര്‍ശമാണ് പിന്‍വലിക്കുന്നതായി അദ്ദേഹം അറിയിച്ചത്.
**********************************
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുളള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. മുസ്ലീം സംധടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക