Image

വിക്രമസിംഗെയെ ശ്രീ ലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുത്തു 

Published on 20 July, 2022
വിക്രമസിംഗെയെ ശ്രീ ലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുത്തു 



ശ്രീ ലങ്കൻ പ്രസിഡന്റായി റനിൽ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടു. ജനരോഷത്തിൽ മുട്ടുകുത്തിയ  പ്രസിഡന്റ് ഗോട്ടബായ രജപക്സെ പലായനം ചെയ്ത ശേഷം ആ പദവി വഹിച്ചിരുന്ന  വിക്രമസിംഗെയ്ക്കു 225 അംഗ പാർലമെന്റിൽ 134 വോട്ട് ലഭിച്ചപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ഡള്ളസ് അലഹപ്പെരുമയ്‌ക്കു കിട്ടിയത് 82. മാർക്സിസ്റ്റ് സ്ഥാനാർഥിയായ അനുര കുമാര ഡിസനായകെ മൂന്ന് വോട്ടാണു നേടിയത്. 

ഫലപ്രഖ്യാപനത്തിനു പിന്നാലെ വിക്രമസിംഗെ പാർലമെന്റിൽ സംസാരിച്ചു. "രാജ്യം വിഭജിച്ചു നിൽക്കയാണ്. എന്നാൽ നമുക്ക് ഒന്നിച്ചു നിന്നു പ്രവർത്തിക്കേണ്ട സമയമായി. 

"നമുക്കു മുന്നോട്ടു പോകാൻ പുതിയൊരു പദ്ധതി വേണ്ടതുണ്ട്. എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കയാണ്, നമുക്ക് ഒന്നിച്ചിരുന്നു ആലോചിക്കണം." 

രജപക്സെയുടെ എസ് എൽ പി പി പാർട്ടിയാണ് വിക്രമസിംഗെയ്ക്കു വിജയം ഉറപ്പാക്കിയത് എന്നതു കൊണ്ടു ജനങ്ങൾ തൃപ്തരാവുമോ എന്ന് ഉറപ്പില്ല. രജപക്സെ രാജ്യം വിട്ട ശേഷം ചുമതയേറ്റ വിക്രമസിംഗെ പ്രതിഷേധ പ്രകടനങ്ങൾ അടിച്ചൊതുക്കാൻ പട്ടാളത്തെ ചുമതലപ്പെടുത്തിയത് ജനരോഷത്തിനു കാരണമായിരുന്നു. 

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കര കയറാൻ ശ്രീ ലങ്കയ്‌ക്കു അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ എം എഫ്) സഹായം അനിവാര്യമായിരിക്കെ അവരുടെ സ്ഥാനാർത്ഥിയെന്നു കരുതപ്പെടുന്ന വിക്രമസിംഗെയുടെ വരവ് രാജ്യത്തിന് പ്രയോജനപ്പെട്ടേക്കാം. അതു കൊണ്ട് പ്രതിഷേധ പ്രകടനങ്ങൾ വീണ്ടും ഉണ്ടാവില്ലെന്നു കരുതപ്പെടുന്നു. ബുധനാഴ്ച വോട്ടിംഗ് നടക്കുമ്പോൾ പാർലമെന്റിനു പുറത്തു ആയിരങ്ങൾ കൂട്ടം കൂടിയിരുന്നു. 

ഇന്ത്യൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു 

ചൊവാഴ്ച രാത്രി കൊളംബോയ്ക്കു സമീപം ഇന്ത്യൻ ഹൈക്കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥൻ വിവേക്  വർമയ്ക്കു ഗുരുതരമായി പരുക്കേറ്റെന്നു ഡൽഹിയിൽ വിദേശകാര്യ വകുപ്പ് അറിയിച്ചു. 

വിസ സെന്റർ ഡയറക്ടറാണ് വർമ്മ. പ്രതിഷേധക്കാരിൽ നിന്ന് അകന്നു നില്ക്കാൻ ഹൈക്കമ്മീഷൻ ഇന്ത്യക്കാരെ ഉപദേശിച്ചു. ഇന്ത്യക്കാർക്ക് നേരെ ഇതിനു മുൻപ് അക്രമങ്ങൾ ഉണ്ടായിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ് ഉള്ളതെന്ന് ഹൈക്കമ്മീഷൻ ചൂണ്ടിക്കാട്ടി. വേഗത്തിൽ ഫലപ്രദമായ സാമ്പത്തിക വീണ്ടെടുപ്പ് ഉണ്ടാവാൻ ഇന്ത്യ സഹായിക്കുമെന്നു ഹൈക്കമ്മീഷണർ ഗോപാൽ ബാഗ്ലയ് പറഞ്ഞു.  

ശ്രീ ലങ്കയുടെ പ്രതിസന്ധി വേഗത്തിൽ അവസാനിക്കാൻ ധരംശാലയിലുള്ള ബുദ്ധ മത നേതാവ് ദലൈ ലാമ പ്രാർത്ഥന നടത്തി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക