Image

ശബരീനാഥന് ജാമ്യം: കോടതിക്ക് മുന്നില്‍ സിപിഎം പ്രതിഷേധം, സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും

Published on 19 July, 2022
 ശബരീനാഥന് ജാമ്യം: കോടതിക്ക് മുന്നില്‍ സിപിഎം പ്രതിഷേധം, സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും

 

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന് ജാമ്യം ലഭിച്ചതോടെ, വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രതിഷേധം. ജാമ്യം ലഭിച്ചെന്ന വിവരം പുറത്ത് വന്നതോടെയാണ് സ്ഥലത്ത് പ്രതിഷേധമുണ്ടായത്. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോടതി പരിസരത്തേക്കെത്തി മുദ്രാവാക്യം വിളിച്ചു. രണ്ട് കൂട്ടരും പരസ്പരം പ്രകോപന പരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. കോടതി പരിസരത്ത് വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അതേ സമയം, ശബരീനാഥന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അരുവിക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തൊളിക്കോട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. 

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതങ്ങള്‍ക്ക് ഒടുവിലാണ് വഞ്ചിയൂര്‍ കോടതി ഏഴരയോടെ ജാമ്യ ഹര്‍ജിയില്‍ വിധി പറഞ്ഞത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഫോണ്‍ ഹാജരാക്കണം, അരലക്ഷം രൂപയുടെ ബോണ്ട് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 

ശബരീനാഥനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അത് തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടും കസ്റ്റഡി റിപ്പോര്‍ട്ടും ഹാജരാക്കിയ പൊലീസ്, വാട്‌സാപ്പ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാന്‍ കസ്റ്റഡി വേണമെന്നാണ് ആവശ്യപ്പെട്ടത്. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ ശബരീനാഥിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫര്‍സീന്‍ മജീദിന് ശബരീനാഥ് നിര്‍ദേശം നല്‍കിയെന്നും നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണില്‍ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക