Image

ലുലു മാൾ 'ശുദ്ധീകരിക്കാൻ' എത്തിയ അയോദ്ധ്യ ക്ഷേത്രാധിപനെ തടഞ്ഞു 

Published on 19 July, 2022
ലുലു മാൾ 'ശുദ്ധീകരിക്കാൻ' എത്തിയ അയോദ്ധ്യ ക്ഷേത്രാധിപനെ തടഞ്ഞു 



ലക്‌നോവിലെ ലുലു മാൾ 'ശുദ്ധീകരിക്കാൻ' ചൊവാഴ്ച്ച  ഗംഗാജലവുമായി എത്തിയ അയോദ്ധ്യയിലെ മഹന്ത് പരംഹൻസ്‌ ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാളിൽ കടക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല. 

സാമുദായിക സൗഹാർദം തകർക്കാൻ നിയമലംഘനം നടത്തുന്നവരെ നിലയ്ക്കു നിർത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പൊലീസിനു കർശന നിർദേശം നൽകിയിരുന്നു. അദ്ദേഹം ജുലൈ 10നു ഉത്ഘാടനം ചെയ്ത മാളിൽ ചിലർ നിസ്‌കാരം നടത്തി എന്നതിന്റെ പേരിൽ ഹിന്ദു മഹാസഭ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണത്. 

കച്ചവട സ്ഥലമായ ലുലു മാൾ രാഷ്ട്രീയ തർക്കങ്ങൾക്ക് വേദിയാക്കേണ്ട കാര്യമില്ലെന്നു യോഗി പറഞ്ഞു.  

സന്യാസിമാരെ പ്രവേശിപ്പിക്കാത്ത മാൾ അടച്ചു പൂട്ടണമെന്നു മഹന്ത് മാധ്യമങ്ങളോടു പറഞ്ഞു. ഹിന്ദു രാഷ്ട്രം വേണമെന്നു രാഷ്ട്രപതിക്കു കത്തയച്ച മഹന്ത് അടുത്തിടെ താജ് മഹൽ പൂജ നടത്തി ശുദ്ധീകരിക്കാൻ ശ്രമിച്ചിരുന്നു. 

മാളിൽ മുദ്രാവാക്യം മുഴക്കിയ 20 പേരെ അറസ്റ്റ് ചെയ്തതായി ലക്‌നോ പൊലീസ് അറിയിച്ചു. നിസ്‌കാരം നടത്തിയതിന്റെ പേരിൽ നാലു പേരെ അറസ്റ്റ് ചെയ്‌തു. ലക്‌നോ നിവാസികളായ മുഹമ്മദ് റഹാൻ, ആത്തിഫ് ഖാൻ, മുഹമ്മദ് ലുക്മാൻ, അയാളുടെ സഹോദരൻ മുഹമ്മദ് നൊമാൻ എന്നിവരാണ് പിടിയിൽ. 

മാളിൽ പോയ സമയത്തു നിസ്കാരത്തിനു നേരമായതു കൊണ്ടാണ് അവിടെ നിസ്കരിച്ചതെന്നു അവർ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇവരിൽ ആരും മാളിലെ ജീവനക്കാരല്ല. 

ലുലു ഇന്ത്യ റീജിയണൽ ഡയറക്ടർ ജയ് കുമാർ ഗംഗാധർ ഇറക്കിയ പ്രസ്താവനയിൽ മാളിൽ 80 ശതമാനത്തിലേറെ ജീവനക്കാർ ഹിന്ദുക്കളായ ഉത്തർ പ്രദേശികളാണെന്നു വ്യക്തമാക്കി. മറ്റുള്ളവരിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. "സർക്കാർ നിയമങ്ങൾക്കുള്ളിൽ നിന്നാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ജീവനക്കാരെ ജാതി-മത പരിഗണകളിൽ അല്ല നിയമിക്കുന്നത്. ജോലി ചെയ്യാനുള്ള കഴിവ് നോക്കിയാണ്."

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക