Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 19 July, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ശംഖുമുഖം പൊലീസാണ് അറസ്റ്റ് ചെയ്തത്. ശബരിനാഥന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കവെയാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
****************************************
വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇല്ലാത്ത കേസുണ്ടാക്കി സര്‍ക്കാര്‍ കോടതിയെ കൂടി കബളിപ്പിച്ചു. അധികാരവും പൊലീസും കയ്യില്‍ ഉള്ളതിനാല്‍ എന്തും ചെയ്യുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
**************************************
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളജിലെ 2 വനിത ജീവനക്കാരെയും മൂന്ന് പരീക്ഷാ ഏജന്‍സി ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡി.ഐ.ജി ആര്‍ നിശാന്തിനി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പരാതി പൊലീസിന് ലഭിച്ചു. പുതിയതായി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടിയാണ് പരാതി നല്‍കിയത്. എല്ലാ വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
********************************
നബി വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അടുത്ത മാസം 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നുപുര്‍ ശര്‍മയ്‌ക്കെതിരെ കേസെടുത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡല്‍ഹിയിലെ ഒഴികെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന നുപുറിന്റെ ആവശ്യത്തിലാണ് നോട്ടീസ് അയച്ചത്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേസെടുത്ത സംസ്ഥാനങ്ങളോട് ഹൈക്കോടതി നിര്‍ദേശിച്ചു.
****************************
മന്ത്രി ആന്റണിരാജുവിനെതിരായ തൊണ്ടി മുതല്‍ മോഷണക്കേസില്‍ വിചാരണ വൈകുന്നു എന്ന ആരോപണത്തിനിടെ നിര്‍ണ്ണായക നീക്കവുമായി കോടതി. നെടുമ്മങ്ങാട് കോടതിയില്‍ നിന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലുകള്‍ വിളിപ്പിച്ചു.16 വര്‍ഷമായിട്ടും വിചാരണ നടക്കുന്നില്ല എന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചത്. 
******************************
രാജ്യത്തെ ന്യൂനപക്ഷ നിര്‍ണയത്തില്‍ സുപ്രധാന വിലയിരുത്തലുമായി സുപ്രീംകോടതി. മത,ഭാഷ ന്യൂനപക്ഷങ്ങളുടെ നിര്‍ണയം സംസ്ഥാന അടിസ്ഥാനത്തിലായിരിക്കണം. ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തിന് ദേശീയ കണക്കുകളുടെ പേരില്‍ മാത്രം ന്യൂനപക്ഷങ്ങളുടെ അവകാശം നല്‍കാന്‍ കഴിയില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ചില സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തല്‍.
**********************************
വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഭീകരപ്രവര്‍ത്തനം തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ കേസെടുക്കില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് അദ്ദേഹം ഇടപെട്ടതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇ പി ജയരാജനെതിരെ കേസെടുക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ സബ്മിഷനില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
*******************************
റോഡുകളുടെ ദയനീയ അസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് പേരിടണമോയെന്ന് ഹൈക്കോടതി ചോദിച്ചു. ദിനം പ്രതി റോഡപകടങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡിനുള്ള പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ആറ് മാസത്തിനകം റോഡ് താറുമാറായാല്‍ വിജിലന്‍സ് കേസെടുക്കണമെന്നും കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക