Image

വാട്‌സപ്പ് ചാറ്റുകള്‍ പുറത്തുപോയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചു

ജോബിന്‍സ് Published on 19 July, 2022
വാട്‌സപ്പ് ചാറ്റുകള്‍ പുറത്തുപോയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചു

യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സപ്പ് ഗ്രൂപ്പിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു പോയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തി. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചു. 

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടന്ന സംഭവവുമായി ബന്ധപ്പെട്ട് കെഎസ് ശബരീനാഥന്റെ പങ്ക് വ്യക്തമാക്കുന്ന ചാറ്റുകളായിരുന്നു പുറത്ത് വന്നത്. ഗ്രൂപ്പില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മാത്രമെ ഉള്ളുവെന്നിരിക്കെ ചാറ്റ് പുറത്ത് വിട്ടത് ഇവര്‍ തന്നെയാണെന്ന് ഉറപ്പാണ്. 

ചാറ്റുകള്‍ പുറത്തായതിന് പിന്നാലെ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നിലച്ചിരിക്കുകയാണ്. അഡ്മിന് മാത്രം സന്ദേശങ്ങള്‍ അയയ്ക്കാവുന്ന തരത്തിലാണ് നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഗ്രൂപ്പ്. പ്രതിഷേധത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്ന ഷാഫി പറമ്പിലിന്റെ വാദം പൊളിക്കുന്ന തരത്തിലാണ് ഈ ചാറ്റുകള്‍. 

നേതൃത്വ തലത്തിലെ ഗ്രൂപ്പ് പോരാണ് ചാറ്റ് ചോരാന്‍ കാരണമെന്നാണ് വിവരം. നിലവില്‍ ഗ്രൂപ്പിലെ ചര്‍ച്ചകള്‍ നിയന്ത്രിച്ചിരിക്കുകയാണ്. അഡ്മിന്‍മാര്‍ എന്ന നിലയില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനും ജനറല്‍ സെക്രട്ടറി ജോബിന്‍ ജോസഫിനും മാത്രമേ ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക