Image

ഉവെൽഡയിൽ എഴുനൂറോളം നിയമപാലകർ ഏറെ സമയം പാഴാക്കിയെന്നു ഹൗസ് പാനൽ 

Published on 18 July, 2022
ഉവെൽഡയിൽ എഴുനൂറോളം നിയമപാലകർ ഏറെ സമയം പാഴാക്കിയെന്നു ഹൗസ് പാനൽ 

 

 

എഴുനൂറോളം നിയമപാലകർ ഇരുട്ടിൽ തപ്പുകയും ഒരു താക്കോൽ അന്വേഷിച്ചു സമയം പാഴാക്കുകയും ചെയ്തപ്പോൾ 18 വയസുള്ള കൊലയാളി പൂർണ സ്വാതന്ത്ര്യത്തോടെ 19 കൊച്ചു കുട്ടികളെയും രണ്ടു അധ്യാപകരെയും വെടിവച്ചു കൊന്നു. ടെക്സസിലെ ഉവെൽഡയിലുള്ള റോബ് എലിമെന്ററി സ്കൂളിൽ മെയ് 24നു നടന്ന കൂട്ടക്കൊല തടയാൻ കഴിയാത്ത നിർവികാരരും ബുദ്ധിശൂന്യരുമായ പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിക്കുന്നതാണ് ടെക്സസ് ഹൗസ് പാനലിന്റെ അന്വേഷണ റിപ്പോർട്ട്. 

അകത്തു കുട്ടികൾ പിടഞ്ഞു മരിക്കുമ്പോൾ പുറത്തു വിലപിടിച്ച 40 മിനിറ്റോളം താക്കോൽ അന്വേഷിച്ചു സമയം പാഴാക്കുകയായിരുന്നു  ഉവെൽഡ യിലെ സ്കൂൾ സുരക്ഷാ സേനയുടെ ചീഫ് പീറ്റ് അറെഡോണ്ടോ. മിക്കവാറും ആ കതകു പൂട്ടിയിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

"കുട്ടികളെ രക്ഷിക്കുന്നതിനേക്കാൾ അവർക്കു പ്രധാനം സ്വന്തം ജീവൻ കാത്തു സൂക്ഷിക്കുക എന്നതായിരുന്നു," പാനൽ പറഞ്ഞു. "വെടി വയ്ക്കുന്ന കൊലയാളിയെ നേരിടാൻ പരിശീലനം കിട്ടിയ ഉദ്യോഗസ്ഥർ അത് ഉപയോഗിക്കാൻ ശ്രമിച്ചില്ല."

സ്കൂളിൽ തോക്കുമായി യുവാവ് കയറിയെന്നു വിവരം കിട്ടിയപ്പോൾ സ്ഥലത്തു എത്തിയത് 687 നിയമപാലകരാണ്: 376 പൊലീസ്, 149 ബോർഡർ പട്രോൾ, 91 പേർ ടെക്സസ് പൊതുസുരക്ഷാ വകുപ്പിൽ നിന്ന്, 14 പേർ ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്ന്, 25 പേർ  ഉവെൽഡ പൊലീസിൽ നിന്ന്, 16 പേർ വീതം സാൻ അന്റോണിയോ പൊലീസ്, ഉവെൽഡ ഷെരീഫിന്റെ ഓഫീസിൽ എന്നിവിടങ്ങളിൽ നിന്ന്. 

"പക്ഷെ ഈ 'സൈന്യത്തിന്' ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തീരുമാനം എടുക്കുന്നതിലുള്ള പരാജയം, സംവിധാനത്തിന്റെ ദാരിദ്ര്യം ഇവയൊക്കെ മഹാദുരന്തത്തിന് വഴിവച്ചു. ഒരു ഉദ്യോഗസ്ഥനും ഉടൻ പ്രതികരിക്കാനുള്ള ഉത്സാഹം കാട്ടിയില്ല. 

"ഒരു ഉവെൽഡ പൊലീസ് ഉദ്യോഗസ്ഥനെങ്കിലും ക്ലാസ് മുറിയിൽ നിന്നു വന്ന 911 വിളികൾ കേട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടികൾ ഉള്ളിലുണ്ടെന്നു വ്യക്തമായിട്ടും അയാൾ ഒന്നും ചെയ്തില്ല. 73 മിനിറ്റ് കാലതാമസം പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിൽ പല കുട്ടികളെയും രക്ഷിക്കാൻ കഴിഞ്ഞേനെ."

താക്കോൽ അന്വേഷണം പരിഹാസ്യമാണെന്നു പാനൽ പറഞ്ഞു. "മുറി പൂട്ടിയിട്ടുണ്ടോ എന്നൊരു പരിശോധന ഉണ്ടായില്ല. തുറക്കാനൊരു ശ്രമം പോലും നടത്താതെയാണ് താക്കോൽ തിരഞ്ഞത്. മുറി പൂട്ടിയിട്ടില്ലായിരുന്നെങ്കിൽ? പ്രിൻസിപ്പൽ ഉൾപ്പെടെ പല സ്കൂൾ അധികൃതർക്കും മാസ്റ്റർ കീ ഉണ്ടായിരുന്നു. പൊലീസ് അത് ചോദിച്ചില്ല. 

"താക്കോൽ ഇല്ലെങ്കിൽ അകത്തു കയറാനുള്ള മറ്റു മാർഗങ്ങൾ നോക്കണം എന്നാണ് പൊലിസിനുള്ള മാർഗ്ഗരേഖയിൽ പറയുന്നത്. എന്നാൽ ഇക്കാര്യത്തിലും നേതൃത്വ പരാജയം ഉണ്ടായി."

ഉവെൽഡ ആക്റ്റിംഗ് പൊലീസ് ചീഫ് ലെഫ്റ്റനന്റ് മരിയാനോ പർഗസിനെ സസ്‌പെൻഡ് ചെയ്തതായി അതിനിടെ മേയർ ഡോൺ മക്ലഫ്‌ലിൻ അറിയിച്ചു.  

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക