Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 18 July, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 13നാണ് ഇയാള്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയത്. രോഗിയുമായി അടുത്തസമ്പര്‍ക്കത്തില്‍ വന്നവരെ നീരീക്ഷത്തിലാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
*************************
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ച വിമാനയാത്രക്ക് വിലക്ക്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 
പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്. ഇനി നടന്നു പോയാലും ജീവിതത്തില്‍ ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. 
*************************
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ആസൂത്രണം ചെയ്തത് മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥാണെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഗ്രൂപ്പില്‍ നടന്ന വാട്‌സപ്പ് ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് ശബരിനാഥനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. അന്വേഷണവുമായി സഹകരിക്കുമെന്ന് ശബരിനാഥ് അറിയിച്ചു. 
**************************
കിഫ്ബിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡിയുടെ നോട്ടാസ് ലഭിച്ചെന്ന് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് സ്ഥിരീകരിച്ചു. ഇ മെയിലാണ് നോട്ടീസ് ലഭിച്ചതെന്നും ഏതായാലും നാളെ ഹാജരാകില്ലെന്നും അദ്ദേഹം പറഞ്ഞു. 
***************************
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഈ മാസം 22നുള്ളില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതിനിടെ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വി. അജകുമാറിനെ നിയമിച്ചു. 
********************************
വിവാദത്തിലായി മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. എംഎം. മണിക്കെതിരെ നിയമസഭയിലേയ്ക്ക് നടത്തിയെ മാര്‍ച്ചില്‍ എംഎം മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ച ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിച്ചതാണ് വിവാദമായത്. ഇതില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. 
*******************************
മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ എംഎം മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചതിനെ പിന്തുണച്ച് കെ. സുധാകരന്‍. ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു എന്നു ചോദിച്ചാണ് അദ്ദേഹം എംഎം മണിയെ അധിക്ഷേപിച്ചത്. 
*************************************
പ്രമുഖ സംവിധായിക കുഞ്ഞില മസിലാമണിക്കെതിരെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന്റെ പേരില്‍ കേസെടുത്തു. ഒറ്റപ്പാലം പൊലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലില്‍ തന്റെ സിനിമ ഉള്‍പ്പടുത്താതിരുന്നതിന്റെ പേരില്‍ അവര്‍ വേദിയില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. താന്‍ പിണറായി വിജയനും സര്‍ക്കാരിനും എതിരെ പ്രതിഷേധിച്ചത് കൊണ്ടാണ് തനിക്കെതിരെ പൊലീസ് നടപടി ഉണ്ടാകുന്നതെന്ന് കുഞ്ഞില ഇതിനെക്കുറിച്ച് പ്രതികരിച്ചു.
**********************************
പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ ഉത്തരവില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍.  ഇരുപത്തിയഞ്ച് കിലോയില്‍ കുറഞ്ഞ പാക്കറ്റുകളില്‍ ലേബല്‍ ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കാണ് ജിഎസ്ടി ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. അരിക്കും ഗോതമ്പിനും പയറുവര്‍ഗ്ഗങ്ങള്‍ക്കും നികുതി ബാധകമാണ്. എന്നാല്‍ 25 കിലോയില്‍ കൂടിയ പാക്കറ്റുകള്‍ക്ക് നികുതി ഉണ്ടാവില്ല. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് മാത്രം നികുതി എന്ന സമ്പ്രദായമാണ് ഒഴിവാക്കിയത് എന്നും കേന്ദ്രം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക